ജിയോ ബേബിയെ പ്രയാസപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്ന് ഫറൂഖ് കോളജ് വിദ്യാർഥി യൂണിയൻ
text_fieldsകോഴിക്കോട്: സംവിധായകൻ ജിയോ ബേബിയുടെ പരിപാടി റദ്ദാക്കിയ സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി ഫറൂഖ് കോളജ് വിദ്യാർഥി യൂണിയൻ. ഫിലിം ക്ലബ്ബ് ഉദ്ഘാടകനെ തീരുമാനിക്കുന്ന കാര്യത്തിലും ക്ലബ്ബിന്‍റെ പരിപാടിയുമായി ബന്ധപ്പെട്ടും കൃത്യമായ കൂടിയാലോചനകൾ നടന്നില്ലെന്ന് കോളജ് യൂണിയൻ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി.
ഉദ്ഘാടകനായ ജിയോ ബേബിയെ ഒരു വിധത്തിലും പ്രയാസപ്പെടുത്താൻ യൂണിയൻ ശ്രമിച്ചിട്ടില്ല. പ്രതിഷേധ സംഗമം നടത്തുമെന്ന് യൂണിയന്‍റെ പേരിലുള്ള പ്രചാരണം തെറ്റാണ്. യൂണിയന്‍റെ നിലപാട് എന്താണെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്.
ഉദ്ഘാടകനെ ക്ഷണിച്ച ശേഷമാണ് ഫിലിം ക്ലബ്ബ് യൂണിയനെ വിവരം അറിയിക്കുന്നത്. ക്ഷണിക്കപ്പെട്ട വ്യക്തി സമൂഹത്തിൽ പ്രചരിപ്പിക്കുന്ന ആശയങ്ങളോടുള്ള ശക്തമായി വിയോജിപ്പ് ഉള്ളത് കൊണ്ടാണ് യൂണിയൻ പരിപാടിയുമായി സഹകരിക്കില്ലെന്നും പങ്കെടുക്കില്ലെന്നും അറിയിച്ചത്. ഈ നിലപാടിൽ ഉറച്ചു നിൽക്കുന്നതായും യൂണിയൻ വ്യക്തമാക്കി.
യൂണിയന്‍റെ ഭാഗമായിട്ടുള്ള അധ്യാപകർ ഫിലിം ക്ലബ്ബിൽ ഉണ്ടായിട്ടും കൃത്യമായ ആശയവിനിമയം നടത്താതെ വിഷയത്തെ സങ്കീർണമാക്കിയതിൽ യൂണിയൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ചർച്ചകൾക്കും സംവാദങ്ങൾക്കും യൂണിയൻ വേദി ഒരുക്കാറുണ്ട്. കാമ്പസിൽ ചർച്ചകളും സംവാദങ്ങളും നടക്കണമെന്ന് തന്നെയാണ് യൂണിയന്‍റെ നിലപാടെന്നും കോളജ് വിദ്യാർഥി യൂണിയൻ ചൂണ്ടിക്കാട്ടുന്നു.
ഫാറൂഖ് കോളജിലെ പരിപാടിക്ക് തന്നെ അതിഥിയായി വിളിച്ചിരുന്നെന്നും എന്നാൽ മുൻകൂട്ടി അറിയിക്കാതെ ക്യാൻസൽ ചെയ്തെന്നുമാണ് ജിയോ ബേബിയുടെ ആക്ഷേപം. പരിപാടി ക്യാൻസൽ ചെയ്യാൻ കാരണം തന്‍റെ ധാർമിക മൂല്യങ്ങളാണെന്ന മറുപടിയാണ് കോളജ് യൂനിയൻ നൽകിയതെന്നും ജിയോ ബേബി പറയുന്നു. സോഷ്യൽമീഡിയിൽ പങ്കുവച്ച വിഡിയോയിലാണ് സംവിധായകൻ തന്‍റെ അനുഭവങ്ങൾ പങ്കുവച്ചത്.
പരിപാടിയുടെ ദിവസം കോഴിക്കോട് എത്തിയപ്പോഴാണ് പരിപാടി ക്യാൻസൽ ആയ വിവരം അറിയിച്ചതെന്നും എന്താണ് പരിപാടി ക്യാൻസൽ ചെയ്യാൻ കാരണമെന്ന് അന്വേഷിച്ചപ്പോൾ, തന്റെ പരാമർശങ്ങൾ കോളജിന്റെ ധാർമിക മൂല്യങ്ങൾക്ക് എതിരായതിനാലാണ് ഈ തീരുമാനമെന്നാണ് അറിയാൻ കഴിഞ്ഞതെന്നും ജിയോ ബേബി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.