നിശ്ശബ്ദത വര്‍ഗീയതക്ക് കുടപിടിക്കലാകും –ബി.ആര്‍.പി. ഭാസ്കര്‍
text_fieldsകൊച്ചി: മതനിരപേക്ഷത അത്യുച്ചത്തില്‍ പ്രകടിപ്പിക്കുകയും വര്‍ഗീയപ്രവണതകളെ അതിശക്തമായി പ്രതിരോധിക്കുകയും ചെയ്യേണ്ട ദൗത്യം ഓരോരുത്തരും ഏറ്റെടുക്കേണ്ട സാമൂഹിക സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി. ഭാസ്കര്‍.
ഈ ഘട്ടത്തില്‍ ആരെങ്കിലും നിശ്ശബ്ദത പാലിച്ചാല്‍ വര്‍ഗീയതക്ക് കൂട്ടുനില്‍ക്കുകയെന്നാകും അര്‍ഥം. അതിഭീകരമായ അസഹിഷ്ണുതയുടെ കാലഘട്ടമാണിപ്പോള്‍. സഹിഷ്ണുതക്ക് മേല്‍ അസഹിഷ്ണുത മേല്‍ക്കൈ നേടുന്നത് എങ്ങനെ മറികടക്കാമെന്നാണ് ആലോചിക്കേണ്ടത്.
‘അസഹിഷ്ണുതയുടെ ചരിത്രവും വര്‍ത്തമാനവും’ വിഷയത്തില്‍ ഫോറം ഫോര്‍ ഡെമോക്രസി ആന്‍ഡ് കമ്യൂണല്‍ അമിറ്റി (എഫ്.ഡി.സി.എ) എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സെമിനാറും ജസ്റ്റിസ് കൃഷ്ണയ്യര്‍ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഗീയതയെ ചെറുക്കാന്‍ കഴിവുള്ള രാഷ്ട്രീയകക്ഷികള്‍ ഇല്ലാതായതാണ് ദുരവസ്ഥക്ക് മുഖ്യകാരണം.
മുഖ്യ മതേതര പാര്‍ട്ടി തിരിച്ചുവരുകയും മതനിരപേക്ഷതയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തില്ളെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകും. എല്ലാവരും ഒന്നാണെന്ന് പഠിപ്പിക്കുന്ന മതങ്ങളുള്ളപ്പോള്‍തന്നെ എവിടെയോ അപരത്വം എന്ന ആശയം വളര്‍ന്നുവരുന്നു. വര്‍ഗീയതക്കെതിരെ കരുത്ത് കാട്ടേണ്ടവര്‍ കുറയുകയാണ്. എന്നാല്‍, ഹിന്ദുക്കള്‍ മോദിയുടെ വര്‍ഗീയതയെ പിന്തുണക്കുന്നെന്ന ആശങ്ക ഉണ്ടാകേണ്ടതില്ല. ജസ്റ്റിസ് കൃഷ്ണയ്യരുടെ അസാന്നിധ്യം ശൂന്യതയായി അനുഭവപ്പെടുകയാണ്. അദ്ദേഹത്തെ പോലെ ധാര്‍മികതയുടെ വക്താക്കളെ കണ്ടെത്തേണ്ട ചുമതല പുതുതലമുറ നിര്‍വഹിക്കണമെന്നും ബി.ആര്‍.പി. ഭാസ്കര്‍ പറഞ്ഞു.
അസഹിഷ്ണുത പോലെ മൃദുപദാവലികള്‍കൊണ്ട് വിശേഷിപ്പിക്കാവുന്നതിനപ്പുറത്താണ് വര്‍ഗീയത പശ്ചാത്തലമായ വര്‍ത്തമാനകാല അസഹിഷ്ണുതയെന്ന് വിഷയം അവതരിപ്പിച്ച ഡോ.അജയ് ശേഖര്‍ ചൂണ്ടിക്കാട്ടി. ആസൂത്രിതമായി നിര്‍മിച്ചെടുത്ത നുണയുടെ മുകളില്‍ വ്യാജ ദേശീയത ചാലിച്ച് ജനതയെ അടിമത്തത്തില്‍ തളച്ചിടുകയാണ് ഭരണകൂടമെന്നും ലോകത്തെ ഏറ്റവും അദ്ഭുതകരമായ ക്യൂവാണ് ഇപ്പോള്‍ ഇന്ത്യയില്‍ കാണുന്നതെന്നും ‘അസഹിഷ്ണുതയും മതേതര പ്രതിസന്ധിയും’ എന്ന വിഷയം അവതരിപ്പിച്ച് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പറഞ്ഞു. മാനവികതയില്‍ അധിഷ്ഠിതമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നു കൃഷ്ണയ്യരുടേതെന്ന് അനുസ്മരണ പ്രഭാഷണത്തില്‍ ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ പറഞ്ഞു.
‘അസഹിഷ്ണുതയും ലിംഗാധിപത്യവും’ വിഷയത്തില്‍ ഡോ. പി.ഗീതയും ‘അസഹിഷ്ണുതയുടെ സമകാലിക മുഖം’ വിഷയത്തില്‍ ‘മാധ്യമം’ എഡിറ്റോറിയല്‍ റിലേഷന്‍സ് ഡയറക്ടര്‍ പി.കെ. പാറക്കടവും സംസാരിച്ചു. എഫ്.ഡി.സി.എ വൈസ് ചെയര്‍മാന്‍ ജസ്റ്റിസ് കെ. സുകുമാരന്‍ മോഡറേറ്ററായിരുന്നു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം ടി. മുഹമ്മദ് വേളം സമാപനം നിര്‍വഹിച്ചു. എഫ്.ഡി.സി.എ സംസ്ഥാന സെക്രട്ടറി ടി.കെ. ഹുസൈന്‍ സ്വാഗതവും മീഡിയ കോഓഡിനേറ്റര്‍ കെ.കെ. ബഷീര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.