ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടേത് ഫാഷിസ്റ്റ് നടപടി; നിയമസഭ പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പിൽ
text_fieldsതിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ നടത്തുന്ന ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചും ദ്വീപ് നിവാസികൾക്ക് പിന്തുണ അറിയിച്ചും കേരള നിയമസഭ ഐക്യദാർഢ്യ പ്രമേയ പാസാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ. ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കർ എം.ബി. രാജേഷ്, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർക്ക് ഷാഫി പറമ്പിൽ കത്ത് നൽകി.
കേന്ദ്ര സർക്കാറിന്‍റെ സംഘ്പരിവാർ അജണ്ടകൾ നടപ്പിലാക്കാനുള്ള സാംസ്കാരിക അധിനിവേശമാണ് ലക്ഷദ്വീപിലെ സംഭവവികാസങ്ങൾ. ഇത്തരം ഫാഷിസ്റ്റ് പ്രക്രിയയുടെ ഒരു ഉപകരണം മാത്രമാണ് ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ. ലക്ഷദ്വീപിലെ ജനതക്ക് വേണ്ടി ശബ്ദമുയർത്തേണ്ടത് ഓരോ ജനാധിപത്യ ബോധമുള്ള ഇന്ത്യക്കാരന്‍റെയും ഉത്തരവാദിത്വമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്‍റെ ഉദാത്തമായ വേദിയാണ് കേരള നിയമസഭ. മുൻ കാലങ്ങളിലെ പോലെ ഈ ഫാഷിസ്റ്റ് അതിക്രമത്തിനെതിരെയുള്ള യോജിച്ച ശബ്ദവും കേരള നിയമസഭയിൽ നിന്ന് മുഴങ്ങുവാൻ ഐക്യദാർഢ്യ പ്രമേയം പാസാക്കണമെന്നും ഷാഫി പറമ്പിൽ കത്തിലൂടെ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.