ഫാഷിസ്റ്റ് ഭരണം സാംസ്കാരിക ഭീഷണികൂടിയെന്ന് എം.എ. ബേബി
text_fieldsകൊച്ചി: വിയോജിക്കുന്നവരെ കൊന്നുകളയുന്ന ഫാഷിസ്റ്റ് സംഘടന നിയന്ത്രിക്കുന്ന ഭരണമാണ് ഇന്ത്യയിലെന്നും അത് രാഷ്ട്രീയപ്രശ്നം മാത്രമല്ല, സാംസ്കാരികപ്രശ്നംകൂടിയാണെന്നും സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. സവർക്കറാണ് തന്റെ ഗുരുവെന്ന് പറയാൻ ലജ്ജയില്ലാത്ത ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനെതിരെ അടിയന്തര പോരാട്ടം അനിവാര്യമാണെന്നും അതിൽ വരുന്ന വീഴ്ച അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഭരണം സംഘ്പരിവാറിന്റെ പിടിയിൽനിന്ന് മോചിപ്പിച്ചാൽപോലും മതിയാകില്ല. അതിനുമപ്പുറം ഇന്ത്യൻ ജനതയുടെ മനസ്സിൽ സംഘ്പരിവാർ ആശയം ആഴത്തിൽ വേരോടിക്കഴിഞ്ഞു. സമൂഹത്തെ വർഗീയവിഷത്തിൽനിന്ന് മോചിപ്പിക്കാൻ രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തനം വേണം.
ഡിസംബറിൽ ഹരിദ്വാറിൽ ചേർന്ന മതപാർലമെന്റിൽ 'നമ്മൾ അവരെ കൊന്നൊടുക്കണം' എന്നാണ് ആവർത്തിച്ച് പറഞ്ഞത്.
ഇങ്ങനെ വിളിച്ചുകൂവിയവരെ യോഗി, സാധ്വി എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്. വംശീയതയുടെ പേരിൽ കൊന്നൊടുക്കാനാണ് ആഹ്വാനം.
ഒരുവിഭാഗത്തെ അപരന്മാരായി മാറ്റിനിർത്താനുള്ള ചിന്താമണ്ഡലത്തിലെ ആയുധമാണ് സംഘ്പരിവാറിന്റെ സാംസ്കാരിക ദേശീയത. കമ്യൂണിസ്റ്റുകാരെ പ്രകീർത്തിക്കലല്ല സാംസ്കാരികപ്രവർത്തനം.
ചിലർ പാർട്ടി സാഹിത്യം വേണമെന്ന് പറയുന്നുണ്ട്. അതല്ല കമ്യൂണിസ്റ്റ് പാർട്ടിയുടെ സമീപനം. നാം ജീവിക്കുന്നത് സാംസ്കാരിക പ്രവർത്തനംപോലും ആപത്കരമായ കാലഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. എം. സ്വരാജ് അധ്യക്ഷത വഹിച്ചു. പ്രഫ. എം.കെ. സാനു, പ്രഫ. കെ. സച്ചിദാനന്ദൻ, ഡോ. സുനിൽ പി. ഇളയിടം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.