ഫാഷൻ ഗോൾഡ് തട്ടിപ്പ്: അന്വേഷണസംഘത്തെ 'കാണാനില്ല'
text_fieldsകാസർകോട്: സർക്കാർ പ്രത്യേക താൽപര്യമെടുത്ത് രൂപവത്കരിച്ച ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ് അന്വേഷണസംഘത്തെ 'കാണാനില്ല'. എം.സി. ഖമറുദ്ദീൻ എം.എൽ.എയെ അറസ്റ്റ് ചെയ്ത ശേഷം മറ്റ് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയ അന്വേഷണസംഘം പിന്നീട് കാര്യമായ നടപടികളിലേക്ക് നീങ്ങിയില്ല.
അന്വേഷണം ഖമറുദ്ദീെൻറ അറസ്റ്റിലൊതുങ്ങി. മൂന്നുമാസവും മൂന്നുദിവസവും പിന്നിട്ട് 148 കേസുകളിൽ സഹപ്രതിയായ ഖമറുദ്ദീൻ റിമാൻഡ് തടവിൽനിന്ന് മോചിതനായിട്ടും ബാക്കി പ്രതികൾക്കുവേണ്ടിയുള്ള അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
അന്വേഷണസംഘത്തിലെ ചിലരെ അടിക്കടി മാറ്റി സംഘത്തിൽ അന്വേഷണതാൽപര്യം ഇല്ലാതാക്കുന്ന തന്ത്രമാണ് ആഭ്യന്തരവകുപ്പ് സ്വീകരിച്ചത്. ഏറ്റവും ഒടുവിൽ രണ്ട് ആഴ്ച മുമ്പ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി വിവേക് കുമാർ കാസർകോട് എത്തി മുഖ്യപ്രതിയെ പിടിക്കാൻ ലക്ഷദ്വീപിലേക്ക് പോകണമെന്ന നിർദേശം മുന്നോട്ടുെവച്ച് തിരിച്ചുപോയി.
അപ്പോഴേക്കും നിയമസഭ തെരഞ്ഞെടുപ്പിെൻറ ഭാഗമായുള്ള പൊലീസ് സ്ഥലംമാറ്റങ്ങളായി. സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തിയ തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്തിെന 'ബാലൻസ്' ചെയ്യുന്നതിനാണ് എം.എൽ.എയെ അറസ്റ്റ് ചെയ്തത് എന്ന പ്രതിപക്ഷ വാദത്തെ ശരിവെക്കുന്നിടത്തേക്കാണ് അന്വേഷണം നീങ്ങിയത്.
കാസർകോട് ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത മൂന്നു കേസുകളാണ് എം.സി. ഖമറുദ്ദീനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ചത്. ഇവയിൽ രണ്ടിലും ഖമറുദ്ദീൻ ഒന്നാം പ്രതിയല്ല.
നവംബർ ഏഴിന് എം.എൽ.എയെ ചോദ്യംചെയ്യാൻ വിളിപ്പിച്ച ആദ്യതവണ തന്നെ അറസ്റ്റ് രേഖപ്പെടുത്തി ജയിലിലേക്ക് അയച്ചു. 155 കേസുകളാണ് ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. 148 കേസുകളിലാണ് അന്വേഷണം നടത്തിയത്.
നിക്ഷേപത്തിെൻറ 80ഒാളം രേഖകൾ അന്വേഷണസംഘത്തിന് ലഭിച്ചു. ഇതിൽ മൂന്ന് രേഖകളിൽ മാത്രമാണ് എം.എൽ.എ ഒപ്പുെവച്ചത്. പണം നൽകുേമ്പാൾ എം.സി. ഖമറുദ്ദീെൻറ സാന്നിധ്യമുണ്ടായിരുന്നുവെന്ന പരാതിക്കാരുടെ മൊഴിയിലാണ് പൊലീസ് പിടിമുറുക്കിയത്.
മലയോരം വഴി മഞ്ചേശ്വരത്തേക്ക്
കാസർകോട്: ഇനി എം.സി. ഖമറുദ്ദീന് തെൻറ മണ്ഡലമായ മഞ്ചേശ്വരത്ത് നിറഞ്ഞു നിൽക്കാം. സ്വന്തം നാടായ തൃക്കരിപ്പൂരിൽ പോലും പോകാതെ.
കേസുകളുള്ള പൊലീസ് സ്റ്റേഷൻ പരിധിയിൽ പോകാൻ അദ്ദേഹത്തിന് ജാമ്യനിബന്ധനകൾ തടസ്സമാണ്. പയ്യന്നൂർ, ചന്തേര, ബേക്കൽ, കാസർകോട് സ്റ്റേഷനുകളിൽ അദ്ദേഹത്തിനെതിരെ കേസുകളുണ്ട്. ഇതുവഴി കടന്നുപോകാമെങ്കിലും ജയിലിൽനിന്നിറങ്ങിയ അദ്ദേഹം വിവാദം ഒഴിവാക്കാൻ ദേശീയപാത വിട്ട് മഞ്ചേശ്വരത്തേക്ക് മലയോര ഹൈവേ വഴിയാണ് എത്തിയത്.
ഇനി മഞ്ചേശ്വരത്ത് സ്വീകരണങ്ങളുടെ പ്രളയമായിരിക്കും. ജയിലിൽനിന്ന് ഇറങ്ങുേമ്പാൾ ലീഗ് കാസർകോട് ജില്ല നേതൃത്വം എത്തിയിരുന്നില്ല.
മോചിതനാവുന്ന സമയം സംബന്ധിച്ച അവ്യക്തത കാരണമാണെന്നാണ് വിശദീകരണം. പാർട്ടി എന്തു ചുമതലയാണ് അദ്ദേഹത്തിന് നൽകാൻ പോകുന്നതെന്നതാണ് അണികൾ ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.