ഫാഷൻ ഗോൾഡ്: എം.എൽ.എയെ തൊടാതെ അന്വേഷണം; നിർണായക ഘട്ടത്തിലെന്ന് അന്വേഷണ സംഘം
text_fieldsകാസർകോട്: മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീൻ പ്രതിയായ ഫാഷൻ ഗോൾഡ് നിക്ഷേപ കേസ് അന്വേഷണം അന്തിമഘട്ടത്തിൽ. സുപ്രധാന രേഖകൾ കണ്ടെത്തിയെന്നും നിർണായക നടപടി ഉടൻ പ്രതീക്ഷിക്കാമെന്നും അന്വേഷണസംഘം സൂചന നൽകി. ജനറൽ മാനേജർ പൂക്കോയ തങ്ങൾ ഉൾപ്പെടെ കമ്പനിയിലെ 16 ഡയറക്ടർമാരെയും ജീവനക്കാരെയും ചോദ്യംചെയ്തു.
കേസ് ഒത്തുതീർക്കാൻ മുസ്ലിം ലീഗ് നേതൃത്വം മധ്യസ്ഥതക്ക് ഏൽപിച്ച കല്ലട്ര മാഹിൻ ഉൾപ്പെടെ 60 പേരെ ഇതുവരെ ചോദ്യംചെയ്തു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലും ബാങ്ക് പരിശോധനകളിൽ നിന്നുമായി രേഖകൾ കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം, കേന്ദ്രബിന്ദുവായ എം.സി. ഖമറുദ്ദീൻ എം.എൽ.എയെ ചോദ്യംചെയ്യുകയോ അന്വേഷണ സംഘം ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. അതുസംബന്ധിച്ച് പ്രതികരിക്കാതെ 'ഉടൻ നടപടി ഉണ്ടാകും' എന്ന സൂചനയാണ് അന്വേഷണ സംഘം നൽകിയത്.
സിവിൽ കേസ് ആണെന്ന വാദം ഉയർത്തിയാണ് എം.സി. ഖമറുദ്ദീൻ കേസിനെ നേരിടുന്നത്. ഹൈകോടതിയിൽ ഹരജിയും നൽകി. വഞ്ചനക്കേസിന് ബലമേകുന്ന ഒരു സർട്ടിഫിക്കറ്റിലും ഒപ്പുവെച്ചിട്ടില്ല എന്നാണ് ലീഗ് നേതൃത്വത്തെ എം.എൽ.എ അറിയിച്ചിരിക്കുന്നത്. നിയമോപദേശവും അങ്ങനെയാണ് ലീഗ് നേതൃത്വത്തിന് ലഭിച്ചത്.
തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഫാഷൻഗോൾഡ് കേസ് പ്രതിപക്ഷം പ്രചാരണായുധമാക്കും.
അതേസമയം, എം.എൽ.എ സ്ഥാനം രാജിവെപ്പിക്കാൻ ലീഗ് നേതൃത്വത്തിൽ ധാരണയായിട്ടില്ല. മഞ്ചേശ്വരം മണ്ഡലത്തിെൻറ പ്രത്യേക സാഹചര്യവും രാജിവെച്ചാൽ കുറ്റം സമ്മതിക്കുന്നതിന് തുല്യമാവുകയും ചെയ്യുമെന്ന വാദവും ലീഗ് പരിഗണിക്കുന്നു. രാജിവെക്കുന്നതോടെ ബാധ്യതകൾ തീർക്കാൻ കൂടുതൽ സമ്മർദവുമുണ്ടാവും.
അതിനുള്ള വഴികൾ ഇല്ലെന്നാണ് മധ്യസ്ഥനായ കല്ലട്ര മാഹിൻ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിലുള്ളതെന്നാണ് സൂചന. പൊലീസിെൻറ നീക്കമനുസരിച്ച് കോടതിയെ സമീപിച്ച് എം.എൽ.എക്ക് എതിരെയുണ്ടാകുന്ന പ്രഹരം കുറക്കാനാണ് ലീഗ് നേതൃത്വത്തിെൻറ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.