ഓർഡിനറികൾക്കുപകരം ഫാസ്റ്റ് ഓടിക്കാൻ ആലോചന
text_fieldsതിരുവനന്തപുരം: കോവിഡിനുശേഷം സ്റ്റേ സർവിസുകളടക്കം ഓർഡിനറികൾ വ്യാപകമായി വെട്ടിക്കുറച്ചതിനു പിന്നാലെ ഗ്രാമീണ റൂട്ടുകളിൽ കൂടുതൽ ഫാസ്റ്റ് പാസഞ്ചർ ഓടിക്കാൻ കെ.എസ്.ആർ.ടി.സിയിൽ ആലോചന.
ഓർഡിനറികൾക്കു പകരം ഫാസ്റ്റുകളെത്തുന്നതോടെ യാത്ര ചെലവ് വർധിക്കും.
ഹ്രസ്വദൂര യാത്രകൾക്കും ഫാസ്റ്റ് നിരക്ക് നൽകേണ്ടിവരും. ഓര്‍ഡിനറികളിൽ യാത്രക്കാരില്‍ 60 ശതമാനത്തിലധികവും 10 കിലോമീറ്ററിനുള്ളില്‍ യാത്ര ചെയ്യുന്നവരാണ്.
ഒരു ബസില്‍ ഏറ്റവും കൂടുതല്‍ ചെലവാകുന്നതാകട്ടെ മിനിമം ടിക്കറ്റും. ഓർഡിനറികളിൽ മാത്രമാണ് വിദ്യാർഥികൾക്ക് യാത്ര കൺസഷനുള്ളത്. യാത്രക്ലേശം രൂക്ഷമായ ഗ്രാമീണ മേഖലയിൽ ഓർഡിനറികൾക്കു പകരം ഫാസ്റ്റുകളെത്തുന്നതോടെ വിദ്യാർഥികളുടെ കൺസഷൻ അവസരവും നഷ്ടപ്പെടും.
വരുമാനവർധനയുടെ ഭാഗമായാണ് പുതിയ നീക്കം. സൂപ്പർ ഫാസ്റ്റുകളുടെ സർവിസ് പരിധി നാല് ജില്ലകളും ഫാസ്റ്റുകളുടേത് പരമാവധി രണ്ട് ജില്ലകളുമായി പരിമിതപ്പെടുത്തുകയാണ്. ഫാസ്റ്റുകളുടെ സഞ്ചാരദൂരം കുറയുന്നത് പരിഹരിക്കാൻ കൂടിയാണ് ഓർഡിനറികളെ മാറ്റുന്നത്.
ക്രമേണ നഷ്ടക്കണക്കിന്റെ പേരിൽ ഓർഡിനറികളെ പൂർണമായി ഒഴിവാക്കലാകും ഫലം. ദീർഘദൂര സർവിസുകളെല്ലാം സ്വിഫ്റ്റിലേക്ക് മാറ്റുന്നതിന് മുന്നോടിയായാണ് കെ.എസ്.ആർ.ടി.സിയിലെ സർവിസ് പുനഃസംഘടന.
ഗ്രാമീണ മേഖലകളിൽ സാമൂഹികപ്രതിബദ്ധതയുടെ പേരിൽ നടത്തിയിരുന്ന സ്റ്റേ സർവിസുകൾ ഭൂരിഭാഗവും അവസാനിപ്പിച്ചു. അതിരാവിലെയും അവസാന വണ്ടിയായും ഡിപ്പോകൾ കേന്ദ്രീകരിച്ച് നടത്തിയിരുന്ന സ്റ്റേ സർവിസുകൾ വലിയ ആശ്വാസമായിരുന്നു.
തദ്ദേശ സ്ഥാപനങ്ങൾ ഇന്ധനച്ചെലവ് വഹിച്ചാൽ ഇത്തരം സർവിസ് പുനരാരംഭിക്കാമെന്ന നിലപാടാണ് അധികൃതർക്കുള്ളത്. ഇതിനായി ഗ്രാമവണ്ടി എന്ന പേരിൽ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.