കൊടുംക്രൂരതക്ക് കാരണം ഒരാഴ്ച മുമ്പ് നടന്ന വഴക്ക്; മകനെ വെട്ടിയ ഉപ്പയെ കണ്ടെത്താനായില്ല
text_fieldsതളിപ്പറമ്പ്: പരിയാരം കോരൻപീടികയിൽ വെട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക്. കോരൻപീടിക മുത്തപ്പൻ മടപ്പുരക്ക് സമീപത്തെ ഷിയാസിനെയാണ് (19) വീട്ടികത്ത് വെട്ടേറ്റനിലയിൽ കണ്ടത്. തളിപ്പറമ്പിലെ വസ്ത്രാലയത്തിലെ ജീവനക്കാരനായ ഷിയാസിന് കാലിനും കൈകൾക്കും ഉൾപ്പെടെ നിരവധി വെട്ടേറ്റു. ഗുരുതര പരിക്കേറ്റ യുവാവിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടിയതെന്ന് കരുതുന്ന പിതാവ് അബ്ദുൽനാസർ മുഹമ്മദ് (51) ഒളിവിലാണ്.
പിതാവും മകനും തമ്മിൽ ഒരാഴ്ചമുമ്പ് നടന്ന വഴക്കാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് നാട്ടുകാർ നൽകുന്ന സൂചന. ഞായറാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. മാതാവ് സമീപത്തെ ഉറൂസിന് പോയതിനാൽ മറ്റാരും വീട്ടിൽ ഉണ്ടായിരുന്നില്ല. പുലർച്ചെ വൈദ്യുതി നിലച്ചതോടെ മുറിയിൽനിന്ന് പുറത്തിറങ്ങിയപ്പോഴാണ് ഷിയാസിന് വെട്ടേറ്റത്. പെട്ടെന്ന് മുറിയിൽ കയറി കതകടച്ചെങ്കിലും വാതിൽ തകർത്ത് അകത്തുകടന്ന് വീണ്ടും വെട്ടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ഷിയാസിനെ പരിയാരം മെഡിക്കൽ കോളജിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ മംഗളൂരുവിലേക്കു മാറ്റി. ഇതിനിടെ, അബ്ദുൽ നാസർ മുഹമ്മദ് ചോരപുരണ്ട വസ്ത്രങ്ങൾ മാറ്റി പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളുമായി സ്ഥലംവിട്ടു. ഇയാളുടെ മൊബൈൽ സ്വിച്ച്ഓഫ് ചെയ്തനിലയിലാണ്. ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തിയിട്ടില്ല.
നാട്ടുകാർ വിവരം പരിയാരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടും മണിക്കൂറുകൾക്ക് ശേഷവും പൊലീസ് സ്ഥലത്തെത്താനോ പ്രതിയെ കണ്ടെത്താനോ ശ്രമംനടത്താത്തത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. മംഗളൂരുവിലെ ആശുപത്രിയിലുള്ള ഷിയാസിന് ബോധം വന്നശേഷം മൊഴി രേഖപ്പെടുത്തി മാത്രമേ കേസെടുക്കാനാകൂ എന്നാണ് പരിയാരം പൊലീസ് അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.