പിതാവിനും മകൾക്കും മർദനം; കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ നടപടിയിൽ പ്രതിഷേധം ശക്തം
text_fieldsകാട്ടാക്കട: കാട്ടാക്കട ഡിപ്പോയിൽ പിതാവിനെയും മകളെയും കെ.എസ്.ആർ.ടി.സി. ജീവനക്കാർ കൈയേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം. എസ്.എഫ് ഐ. പ്രവർത്തകർ ഡിപ്പോയിലേക്ക് നടത്തിയ പ്രകടനത്തിനിടെ ബസിന്‍റെ ചില്ല് എറിഞ്ഞു തകർത്തു.
പിതാവിനെ മകളുടെയും കൂട്ടുകാരികളുടെയും മുന്നിലിട്ട് സെക്യൂരിറ്റിക്കാരനും മറ്റു ജീവനക്കാരും ചേര്‍ന്ന് മര്‍ദിച്ച് മുറിക്കുള്ളിലാക്കിയ സംഭവത്തിൽ കാട്ടാക്കടയിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. കെ.എസ്.ആര്‍.ടി.സി കാട്ടാക്കട ഡിപ്പോ പടിക്കൽ വിവിധ സംഘടനകൾ സമരവുമായെത്തി.
വൈകീട്ട് സി.പി.ഐയുടെ നേതൃത്വത്തിൽ ഡിപ്പോ ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. തുടര്‍ന്ന് ഡിപ്പോപടിക്കല്‍ നടത്തിയ സമരം രാത്രി ഏഴോടെയാണ് അവസാനിച്ചത്. വൈകീട്ട് എസ്.എഫ്.ഐ പ്രവർത്തകർ ഡിപ്പോയിലേക്ക് പ്രകടനം നടത്തുമ്പോഴാണ് ബസിന് നേരെ കല്ലേറ് ഉണ്ടായത്.
ബസിന്‍റെ മുൻ ഭാഗത്തെ ചില്ല് കല്ലേറിൽ തകർന്നു. എന്നാൽ, സംഭവത്തിൽ പങ്കില്ലെന്ന് എസ്.എഫ്.ഐ. അറിയിച്ചു. പ്രകടനത്തിനിടെ സാമൂഹികവിരുദ്ധരാണ് മുതലെടുത്തതെന്ന് നേതാക്കൾ പറഞ്ഞു. പിതാവിനെയും മകളെയും കൈയേറ്റം ചെയ്തത് അന്വേഷിക്കണമെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.
മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധത്തിൽ സെക്രട്ടറി ചന്ദ്രബാബു, അഭിലാഷ് ആൽബർട്ട്, കെ.പി. ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു. സംഭവം നീചവും കാടത്തവുമാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്‌ണദാസ് പറഞ്ഞു.
ജനങ്ങളെ കെ.എസ്.ആർ.ടി.സിയിൽനിന്നും അകറ്റുന്ന ഇത്തരം കാടത്തങ്ങള്‍ക്കെതിരെ നിയമ നടപടിയും വകുപ്പുതല നടപടിയും സ്വീകരിക്കണം. മര്‍ദനമേറ്റ ആമച്ചല്‍ സ്വദേശിക്കും മക്കള്‍ക്കും നഷ്ടപരിഹാരം നൽകാൻ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.