പരാതി നൽകാനെത്തിയ അച്ഛനെയും മകളെയും അധിക്ഷേപിച്ചു; പൊലീസുകാരന് സ്ഥലംമാറ്റം
text_fieldsതിരുവനന്തപുരം: പരാതി നൽകാനെത്തിയ അച്ഛനെയും മകളെയും സ്റ്റേഷനിൽ നിന്ന് പൊലീസ് അധിക്ഷേപിച്ച് ഇറക്കിവിട്ടു. കള്ളിക്കാട് സ്വദേശി സുദേവനെയാണ് മദ്യപിച്ചെന്നാരോപിച്ച് പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കിവിട്ടത്.
അധിക്ഷേപ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സംസ്ഥാന പൊലീസ് മേധാവി ഇടപെട്ട് കുറ്റക്കാരനായ പൊലീസുകാരനെ സ്ഥലംമാറ്റി. ഗ്രേഡ് എ.എസ്.ഐ ഗോപകുമാറിനെതിരെയാണ് നടപടി. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് ഞായറാഴ്ചയാണ് സുദേവൻ പരാതിയുമായി നെയ്യാർഡാം പൊലീസ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ കേസിൽ തുടർനടപടിയുണ്ടാകാത്തതിനെ തുടർന്ന് കഴിഞ്ഞദിവസം മകളോടൊപ്പം വീണ്ടും സ്റ്റേഷനിലെത്തിയപ്പോഴാണ് ദുരനുഭവം.
കേസിനെക്കുറിച്ച് ചോദിച്ച സുദേവനോട് ഗോപകുമാർ മോശമായി പെരുമാറുകയായിരുന്നു. സുദേവൻ മദ്യലഹരിയിലാണെന്ന് പറഞ്ഞായിരുന്നു അധിക്ഷേപം. അച്ഛൻ മദ്യപിച്ചിട്ടില്ലെന്ന് പറഞ്ഞ മകളോടും മോശമായാണ് ഗോപകുമാർ പെരുമാറിയത്. ഇതോടെ കരഞ്ഞുകൊണ്ട് പെൺകുട്ടി സുദേവനെയും കൊണ്ട് സ്റ്റേഷനിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
തനിക്കുണ്ടായ ദുരനുഭവം സുദേവൻ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡി.ഐ.ജിയെ ഡി.ജി.പി ലോക്നാഥ് െബഹ്റ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.