സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി പിതാവിനും മകൾക്കും അന്ത്യവിശ്രമം
text_fieldsവള്ളികുന്നം (ആലപ്പുഴ): സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി പിതാവിനും മകൾക്കും അടുത്തടുത്ത കുഴിമാടത്തിൽ അന്ത്യവിശ്രമം. ഹരിപ്പാട് താമല്ലാക്കൽ ഉണ്ടായ അപകടത്തിൽ ആലിയയുടെയും പിതാവ് അബ്ദുൽ സത്താറിന്‍റെയും മരണവാർത്തയറിഞ്ഞ് വള്ളികുന്നം ഗ്രാമവും കണ്ണീരണിഞ്ഞു. കരുവാറ്റയിൽ വാഹന അപകടത്തിൽ മരിച്ച വള്ളികുന്നം താളിരാടി പള്ളിക്കുറ്റി വെങ്ങാലേത്ത് വിളയിൽ അബ്ദുൽ സത്താറിനും മകൾ ആലിയക്കുമാണ് നാട് കണ്ണീർ കുതിർന്ന യാത്രാമൊഴി നൽകിയത്. അവസാനമായി ഒരു നോക്കുകാണാൻ ആയിരക്കണക്കിന് പേരാണ് വീട്ടിലും പള്ളിയിലും എത്തിയത്.
വിമാനത്താവളത്തിൽനിന്ന് ബാപ്പയെ കൂട്ടിക്കൊണ്ടുവരാൻ ആലിയയും മാതാവ് ഹസീനയും ബന്ധുക്കളും ചേർന്നായിരുന്നു പോയത്. ആലിയ സംഭവസ്ഥലത്തും അബ്ദുൽ സത്താർ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. സത്താർ കഴിഞ്ഞ ആറു വർഷമായി മദീനയിലായിരുന്നു ജോലി. രണ്ടു വർഷം മുമ്പാണ് നാട്ടിലെത്തി തിരികെ പോയത്. മകളുടെ വിവാഹമെന്ന സ്വപ്നസാക്ഷാത്കാരത്തിനായി അവധിക്ക് നാട്ടിൽ വന്നപ്പോഴായിരുന്നു ദുരന്തം.
അപകട വാർത്തയറിഞ്ഞ സമയം മുതൽ വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു. വീട്ടുമുറ്റത്ത് തയ്യാറാക്കിയ പന്തലിലായിരുന്നു മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ചത്. കരുനാഗപ്പള്ളി ശ്രീ വിദ്യാധിരാജ ആർട്സ് ആന്‍റ് സയൻസ് കോളജിലെ രണ്ടാം വർഷ ഡിഗി വിദ്യാർഥിനിയായിരുന്ന ആലിയയുടെ സഹപാഠികളും അധ്യാപകരും നിറകണ്ണുകളോടെയാണ് അന്താഞ്ജലിയർപ്പിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം 5.20 ഓടെ മൃതദേഹങ്ങൾ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വെച്ച ശേഷം കാഞ്ഞിപ്പുഴ കിഴക്ക് പള്ളിക്കുറ്റി ജുമാ മസ്‌ജിദ് പള്ളിയിലെത്തിച്ചു. വൈകീട്ട് ആറ് മണിയോടെ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.