അച്ഛനും മകൾക്കും പിങ്ക് പൊലീസിന്‍റെ അപമാനം: ലാഘവത്തോടെ കാണാനാവില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളായി ചിത്രീകരിച്ച് ആറ്റിങ്ങലിൽ അച്ഛനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണ ചെയ്ത സംഭവം ലാഘവത്തോടെ കാണാനാവില്ലെന്ന് ഹൈകോടതി. ആരോപണവിധേയയായ ഉദ്യോഗസ്ഥ സർവിസിൽ തുടരുന്നുണ്ടോയെന്ന് ആരാഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഇവരെയും കേസിൽ കക്ഷിചേർക്കാൻ നിർദേശിച്ചു. കൊല്ലം ജില്ല ക്രൈം റെക്കാർഡ്സ് ബ്യൂറോയിൽ ജോലി ചെയ്യുന്ന ഇവർക്ക് ഡി.ജി.പി മുഖേന നോട്ടീസ് നൽകണം. ഇവർക്കെതിരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ പൊലീസ് മേധാവിക്ക് കോടതി നിർദേശം നൽകി.
ഉദ്യോഗസ്ഥക്കെതിരെ നടപടിയുണ്ടായില്ലെന്നും അവർക്ക് ഗുണപ്രദമായ രീതിയിലുള്ള സ്ഥലംമാറ്റം മാത്രമാണുണ്ടായതെന്നും ചൂണ്ടിക്കാട്ടി പരസ്യ വിചാരണക്കിരയായ തോന്നക്കൽ ജയചന്ദ്രെൻറ മൂന്നാം ക്ലാസുകാരിയായ മകൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. തനിക്കുണ്ടായ അപമാനത്തിന് 50 ലക്ഷം നഷ്ട പരിഹാരം നൽകാൻ ഉത്തരവിടണമെന്നും പിതാവ് മുഖേന പെൺകുട്ടി നൽകിയ ഹരജിയിൽ ആവശ്യപ്പെടുന്നു.
ആഗസ്റ്റ് 27നാണ് മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന പേരിൽ ജയചന്ദ്രെനയും മകളെയും പൊലീസ് നടുറോഡിൽ അപമാനിച്ചത്. ആറ്റിങ്ങൽ മൂന്നുമുക്ക് ജങ്ഷനിൽവെച്ച് അച്ഛനെയും മകളെയും തടഞ്ഞുവെച്ച് അപമാനിക്കുന്നതിനിടെ ഉദ്യോഗസ്ഥയുടെ മൊബൈൽ ഫോൺ പൊലീസ് വാഹനത്തിൽനിന്നുതന്നെ കണ്ടെത്തിയിരുന്നു.
ഉദ്യോഗസ്ഥയെ കൊല്ലത്തേക്ക് മാറ്റിയെന്നും ബിഹേവിയറൽ ട്രെയിനിങ്ങിന് അയച്ചെന്നുമാണ് വിവരം ലഭിച്ചതെന്നും പൊലീസിനുവേണ്ടി ഹാജരായ അസി. പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. എന്നാൽ, പൊലീസ് നന്നാകണമെന്ന് തുടർച്ചയായി പറഞ്ഞുകൊണ്ടിരുന്നിട്ടും മാറ്റമൊന്നുമില്ലെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. ഒരു കുട്ടിയോട് എങ്ങനെയാണ് പൊലീസ് ഓഫിസർക്ക് ഇങ്ങനെ പെരുമാറാൻ കഴിയുക. ഇതുസംബന്ധിച്ച് രാജ്യാന്തര കൺെവൻഷനുകളും മാർഗനിർദേശങ്ങളും നിലവിലുള്ളതല്ലേ.
കുട്ടികൾക്ക് മാനസികാഘാതമുണ്ടാക്കുന്ന നടപടികളുണ്ടായാൽ അടുത്ത തലമുറ പൊലീസിനെക്കുറിച്ച് എന്താണ് ധരിക്കുക. എട്ടു വയസ്സുള്ള ഒരു പെൺകുട്ടിയുടെ കാര്യമാണിത്. കാക്കിയിട്ട ആരെ കണ്ടാലും ഭയക്കുന്ന സ്ഥിതിയിലാണ് കുട്ടിയിപ്പോൾ. കൗൺസലിങ് ഉൾപ്പെടെ സഹായം ആവശ്യമുണ്ടെങ്കിൽ അക്കാര്യം അറിയിക്കാൻ ഹരജിക്കാരിയുടെ അഭിഭാഷകയോട് കോടതി ആവശ്യപ്പെട്ടു. ആരോപണങ്ങൾ ശരിയോ തെറ്റോയെന്ന് ഈ ഘട്ടത്തിൽ പറയാനാവില്ലെങ്കിലും സംഭവം എല്ലാ ഗൗരവത്തോടെയും ഡി.ജി.പിയുടെ ശ്രദ്ധയിൽപ്പെടേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി, തുടർന്ന് ഹരജി നവംബർ 29ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.