കാർ ലോറിയിലിടിച്ച് പിതാവിനും മകൾക്കും ദാരുണാന്ത്യം; അപകടം മകളുടെ വിവാഹത്തിന് വിദേശത്ത് നിന്ന് വരുന്നതിനിടെ
text_fieldsആലപ്പുഴ: മകളുടെ വിവാഹത്തിന് വിദേശത്ത് നിന്ന് വരുന്നതിനിടെ വാഹനാപകടത്തിൽ പിതാവിനും മകൾക്കും ദാരുണാന്ത്യം. വള്ളികുന്നം പള്ളിക്കുറ്റി താളിരാടി വെങ്ങാലേത്ത് വിളയിൽ അബ്ദുൽ സത്താർ (52) മകൾ ആലിയ (20) എന്നിവരാണ് മരിച്ചത്. ദേശീയ പാതയിൽ കരുവാറ്റ കെ.വി. ജെട്ടി ജങ്ഷനിൽ ഇന്ന് രാവിലെ ഏഴുമണിക്ക് ആയിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ട തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിക്ക് പിന്നിൽ ഇന്നോവ കാറിടിക്കുകയായിരുന്നു.
ആലിയയുടെ വിവാഹത്തിനായി ഗൾഫിൽ നിന്നും വരുന്ന സത്താറിനെ നെടുമ്പാശേരി എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും വഴിയാണ് ഹരിപ്പാട് അപകടം ഉണ്ടായത്. നിർത്തിയിട്ട ലോറിക്ക് പിന്നിൽ കുടുംബം സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ബന്ധുക്കളും ഡ്രൈവറും അടക്കം മറ്റ് നാലുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അതേസമയം, ഇന്ന് പുലർച്ചെ തൃപ്രയാറിൽ കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ദേശീയപാത 66 തൃപ്രയാർ തെക്കേ ആൽമാവിൽ ഇന്ന് പുലർച്ചെ രണ്ടരക്കാണ് അപകടം. വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ രാമദാസിന്റെ മകൻ ആശിർവാദ് (18), വലപ്പാട് മാലാഖ വളവ് സ്വദേശി അമ്പലത്ത് വീട്ടിൽ സഗീറിന്റെ മകൻ ഹാഷിം (18) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന നിഹാൽ എന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.