'നാല് ലക്ഷം നൽകിയാൽ എട്ട് ലക്ഷം തിരികെ, 10 നൽകിയാൽ 20'; നടൻ കൊല്ലം തുളസിയിൽ നിന്ന് ഉൾപ്പെടെ ലക്ഷങ്ങൾ തട്ടിയ അച്ഛനും മകനും പിടിയിൽ
text_fieldsതിരുവനന്തപുരം: നിക്ഷേപിക്കുന്ന പണം ഇരട്ടിയായി തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ച് നടൻ കൊല്ലം തുളസിയിൽ നിന്ന് ഉൾപ്പെടെ ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതികളായ അച്ഛനും മകനും അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശികളായ സന്തോഷ് കുമാർ, ദീപക് എന്നിവരാണ് മ്യൂസിയം പൊലീസിന്‍റെ പിടിയിലായത്.
മൂന്ന് വർഷം മുമ്പ് 'ജി കാപിറ്റൽ' എന്ന സ്വകാര്യ സ്ഥാപനത്തിന്‍റെ മറവിലായിരുന്നു ഇവരുടെ തട്ടിപ്പ്. തുടക്കത്തിൽ കുറഞ്ഞ തുക നിക്ഷേപിക്കുന്നവർക്ക് ഇരട്ടി തുക തിരിച്ച് നൽകി വിശ്വാസം നേടിയെടുത്ത ശേഷം വൻ തുക നിക്ഷേപിപ്പിക്കുകയായിരുന്നു ഇവരുടെ രീതി.
ഇക്കൂട്ടത്തിലാണ് നടൻ കൊല്ലം തുളസിക്ക് 20 ലക്ഷം രൂപ നഷ്ടമായത്. ആദ്യം രണ്ടു ലക്ഷം രൂപയായിരുന്നു നടൻ നൽകിയത്. ഇത് നാലു ലക്ഷം രൂപയായി തിരിച്ചുനൽകി. പിന്നീട് നാലു ലക്ഷം നൽകിയപ്പോൾ എട്ടു ലക്ഷം തിരിച്ചുനൽകുകയും ചെയ്തു. ഇതോടെ 20 ലക്ഷം നൽകിയെങ്കിലും പിന്നീട് ഒന്നും തിരിച്ചു ലഭിച്ചില്ല.
തുടർന്ന് പൊലീസിൽ പരാതി നൽകി. ഇത്തരത്തിൽ വട്ടിയൂർക്കാവ്, ശ്രീകാര്യം ഉൾപ്പെടെയുള്ള പൊലീസ് സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെ നിരവധി കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിനു പിന്നാലെ പ്രതികൾ രണ്ടു വർഷത്തോളമായി ഒളിവിലായിരുന്നു. ഡൽഹിയിൽ ഉൾപ്പെടെ ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസിന്‍റെ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.