കാണാതായ മലയാളി വിദ്യാർഥിയെ തേടി പിതാവ് മുംബൈയിൽ
text_fieldsമുംബൈ: നഗരത്തിലെ കോളജിൽ പഠിക്കുന്നതിനിടെ കാണാതായ ഫാസിലിനെ തേടി പിതാവും സഹോദരനും മുംബൈയിൽ. ആലുവ എടയപ്പുറം പെരുമ്പിള്ളി മെട്രോ അഷ്റഫ് എന്ന കൊടവത്ത് അഷ്റഫും സഹോദരൻ അൻവറുമാണ് കാണാതായ മകൻ ഫാസിലിനെ തേടി നഗരത്തിൽ എത്തിയത്. ദക്ഷിണ മുംബൈയിലെ ചർച്ച്ഗേറ്റിലുള്ള എച്ച്.ആർ കോളജിൽ ബി.എം.എസ് രണ്ടാം വർഷ വിദ്യാർഥിയാണ് ഫാസിൽ.
കഴിഞ്ഞ ശനിയാഴ്ച മുതലാണ് കാണാതായത്. പഠിത്തത്തിനിടെ ഓഹരി നിക്ഷേപത്തിലും കമ്പമുള്ള ഫാസിലിന് ഈ വകയിൽ 50,000 രൂപയുടെ നഷ്ടംവന്നതായി ഉമ്മയെ വിളിച്ച് പറഞ്ഞിരുന്നു. ഉമ്മയുടെ നിർദേശ പ്രകാരം ബന്ധുക്കളിൽ നിന്ന് പണംവാങ്ങി പ്രശ്നം പരിഹരിക്കുകയും ചെയ്തു. എന്നാൽ, ശനിയാഴ്ച വൈകീട്ട് കൂട്ടുകാർക്കൊപ്പം പുറത്തുപോകുകയാണെന്ന് പറഞ്ഞ് വിളിച്ചതിന് ശേഷം ഫോൺ ഓഫാണ്.
ഞായറാഴ്ച, പേയിങ്ങ് ഗെസ്റ്റായി താമസിച്ച വീട്ടുകാരെ വിളിച്ചപ്പോഴാണ് ഫാസിൽ തിരിച്ചുവന്നില്ലെന്ന് അറിഞ്ഞത്. സുഹൃത്തുക്കൾക്കും ഫാസിലിനെ കുറിച്ച് വിവരമില്ല. ഇതോടെയാണ് മകനെ തേടി അശറഫ് മുംബൈയിൽ എത്തിയത്. കൊലാബ പൊലീസിൽ പരാതി നൽകി. സൈബർ, ക്രൈം വിഭാഗങ്ങളിലേതടക്കം നാല് ഇൻസ്പെക്ടർമാരെയാണ് മുംബൈ പൊലീസ് അന്വേഷണത്തിന് നിയോഗിച്ചത്.
സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ചത്രപതി ശിവജി (സി.എം.എസ്.ടി ) റെയിൽവെ സ്റ്റേഷനിൽ നിന്നും ശനിയാഴ്ച രാത്രി എട്ടരക്കുള്ള മബൈ–ഹൗറ ട്രെയിനിൽ ഫാസിൽ കയറുന്ന ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ റായ്പുരിലേക്കാണ് ഫാസിൽ ടിക്കറ്റെടുത്തതെന്ന് വ്യക്തമായി. ഇതോടെ അന്വേഷണം റായ്പുർ കേന്ദ്രീകരിച്ചായി.
അതിശയിപ്പിക്കുന്ന അന്വേഷണവും സഹകരണവുമാണ് മുംബൈ പൊലീസിൽ നിന്ന് ലഭിച്ചതെന്ന് അശ്റഫ് ‘മാധ്യമ’ത്തോട് പറഞ്ഞു. മകൻ ഫാസിലുമായി ഓഹരി ഇടപാട് നടത്തിയ ബ്രോക്കർ കമ്പനി വ്യാജമാണെന്നും നഷ്ടം നികത്തിയതിന് ശേഷവും കമ്പനിയുമായി ഫാസിൽ പണമിടപാട് നടത്തിയതായും പൊലീസ് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.