ഒരു വൈദികൻ രാഷ്ട്രീയ ചരിത്രത്തിൽ ഇടംപിടിച്ച വിധം; അഥവാ കെ.ടി.പി ചരിത്രം
text_fieldsതൃശൂർ: വൈദിക പഠനകാലത്ത് വിമോചനസമരം ആളിക്കത്തിച്ച കമ്യൂണിസ്റ്റ് വിരുദ്ധൻ, പിന്നീട് കമ്യൂണിസ്റ്റുകാരുമായി കൈകോര്‍ത്ത് രണ്ടു കമ്യൂണിസ്റ്റ് സര്‍ക്കാറുകളില്‍ പങ്കാളി, സഭയിൽനിന്ന് പുറത്താകൽ, എട്ടു വർഷത്തിന് ശേഷം തിരിച്ചെത്തൽ...സംഭവബഹുല ജീവിതത്തിനുടമയായ തൃശൂർ തൊയക്കാവ് ജോസഫ് വടക്കന്‍ എന്ന വടക്കനച്ചൻ എന്ന വൈദികെൻറ കേരള തെരഞ്ഞെടുപ്പ് ചരിത്രത്തിലെ സ്ഥാനം, നിർണായക സാന്നിധ്യമറിയിച്ച് പൊലിഞ്ഞുപോയ കർഷക തൊഴിലാളി പാർട്ടി (കെ.ടി.പി) നേതാവായാണ്. വിമോചനസമരകാലത്തും കർഷകപ്രക്ഷോഭകാലത്തും മലനാട് കർഷക യൂനിയൻ രൂപവത്രിക്കുന്ന കാലത്തും വടക്കനച്ചനൊപ്പം വൻ ജനക്കൂട്ടം കൂടെ നിന്നു. പിന്നീടത് മലയോര കർഷക യൂനിയനായി.
കർഷകരും തൊഴിലാളികളും അവരുടെ പ്രശ്നങ്ങളും ഏറിയപ്പോഴാണ് അദ്ദേഹം മലയോര കർഷക യൂനിയനെ കെ.ടി.പി എന്ന തൊഴിലാളി പാർട്ടിയാക്കിയത്. കേളകത്തെ കൊട്ടിയൂരിൽ 1961ൽ കുടിയിറക്കുണ്ടായപ്പോൾ കോൺഗ്രസ് പശ്ചാത്തലം മറന്ന് കമ്യൂണിസ്റ്റുകാരുമായി ചേർന്ന് സമരം ചെയ്തു. മിച്ചഭൂമി സമരത്തിലും കമ്യൂണിസ്റ്റുകാര്‍ക്കൊപ്പം നിന്നു.
പിന്നീട് ഫാ. വടക്കെൻറ പാര്‍ട്ടി രണ്ടു കമ്യൂണിസ്റ്റ് സര്‍ക്കാറുകളില്‍ പങ്കാളിയായി. 1967 മുതൽ 1969 വരെ ഇ.എം.എസ് മന്ത്രിസഭയിൽ കെ.ടി.പിയിലെ ബി. വെല്ലിംഗ്ടൺ ആരോഗ്യമന്ത്രിയായിരുന്നു. 1970ലെ തെരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലത്തിൽ സ്ഥാനാർഥിയായിരുന്ന കെ.ടി.പിയിലെ വർക്കി വടക്കൻ മുസ്ലിം ലീഗിലെ ബി.വി. സീതി തങ്ങളെ 5049 വോട്ടിന് പരാജയപ്പെടുത്തിയത് ചരിത്രനേട്ടമായി.
എന്നാൽ 1977ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ സി.കെ. ചന്ദ്രപ്പനെതിരെ കണ്ണൂരിൽ മത്സരിച്ച ഫാ. വടക്കൻ പരാജയപ്പെട്ടു. രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ട കാലത്ത് പല കാരണങ്ങളാൽ സഭയുമായി അഭിപ്രായവ്യത്യാസമുണ്ടായി. ഇതിെൻറ തുടർച്ചയായിരുന്നു 1971 നവംബർ 14ന് തേക്കിൻകാട് മൈതാനിയിലെ പൊതുവേദിയിൽ അർപ്പിച്ച കുർബാന. അഭിപ്രായവ്യത്യാസങ്ങൾ വർധിച്ചപ്പോൾ തൃശൂർ ബിഷപ് മാർ ജോസഫ് കുണ്ടുകുളം വടക്കനച്ചെൻറ വൈദികവൃത്തി വിലക്കി.
ഏഴു വർഷത്തിനുശേഷം സഭയുമായി യോജിപ്പിലെത്തി ഫാ. വടക്കൻ വൈദികവൃത്തിയിൽ തിരിച്ചെത്തുകയും ചെയ്തു. കെ.ടി.പി പിരിച്ചുവിടാനുള്ള രാഷ്ട്രീയ പക്വതയും അദ്ദേഹം കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.