'മൊഫിയയുടെ ആത്മഹത്യക്ക് കാരണക്കാരനായ സി.ഐയെ ബോധപൂർവം ഒഴിവാക്കി'; കുറ്റപത്രം അംഗീകരിക്കില്ലെന്ന് പിതാവ്
text_fieldsആലുവ: മൊഫിയ പർവീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ പിതാവ്. സി.ഐയെ ബോധപൂർവം ഒഴിവാക്കിയ കുറ്റപത്രം അംഗീകരിക്കില്ലെന്ന് ദിൽഷാദ് പറഞ്ഞു.
ആത്മഹത്യക്ക് സി.ഐ സുധീറും കാരണക്കാരനാണ്. മൊഫിയയുടെ ആത്മഹത്യ കുറിപ്പിലെ ആദ്യ പേര് സി.ഐയുടേതാണ്. സി.ഐയെ പ്രതി ചേർത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ദിൽഷാദ് വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് മൊഫിയ പർവീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചത്. മൊഫിയയുടെ ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി മുഹമ്മദ് സുഹൈല്‍ (27), ഭര്‍തൃപിതാവ് യൂസഫ് (63), ഭര്‍തൃമാതാവ് റുഖിയ (55) എന്നിവര്‍ക്കെതിരെയാണ് കുറ്റപ്പത്രം.
റൂറല്‍ ജില്ല ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷണം നടത്തിയത്. സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭർത്താവുമായുള്ള തർക്കത്തെ തുടർന്നുള്ള പരാതിയിൽ ചർച്ച നടത്താൻ ആലുവ സി.ഐ ആയിരുന്ന സുധീർ മൊഫിയയേയും ഭർത്താവിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
എന്നാൽ, തനിക്ക് നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് ഇവിടെനിന്ന് ഇറങ്ങിപ്പോയ മൊഫിയ എടയപ്പുറത്തെ വീട്ടിലെത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. നിയമ വിദ്യാർഥിനിയായിരുന്ന മൊഫിയ പർവീൺ, ഭർത്താവും വീട്ടുകാരും ആലുവ സി.ഐയുമാണ് തന്‍റെ മരണത്തിന് ഉത്തരവാദികളെന്ന് ആത്മഹത്യ കുറിപ്പിൽ എഴുതിവെച്ചിരുന്നു. സംഭവം വിവാദമായതോടെ അന്ന് രാത്രി തന്നെ ഭർത്താവിനെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ, സി.ഐയെ സസ്പെൻഡ് ചെയ്യാനോ കേസെടുക്കാനോ സർക്കാർ തയാറായില്ല. ഇതിനെതിരെ ബെന്നി ബഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ തുടങ്ങിയവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളടക്കം ആലുവ പൊലീസ് സ്‌റ്റേഷന് മുമ്പിൽ സമരം നടത്തി. ഇതേ തുടർന്നാണ് സി.ഐയെ സസ്പെൻഡ് ചെയ്തതതും കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതും. അന്വേഷണത്തിൽ ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ പീഡനത്തിന് തെളിവുകൾ കണ്ടെത്തിയതായാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.