അഭയ കേസിൽ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാർ; ശിക്ഷ നാളെ വിധിക്കും
text_fieldsതിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയ കൊലക്കേസിൽ ഒന്നും മൂന്നും പ്രതികളായ ഫാദർ തോമസ് എം. കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാർ. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി കെ. സനിൽ കുമാർ ആണ് പ്രതികളെ കുറ്റക്കാരായി പ്രഖ്യാപിച്ചത്. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും.
പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കൊലപാതകം കൂടാതെ തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഫാ. തോമസ് കോട്ടൂർ കൊല നടത്തുകയെന്ന ഉദ്ദേശത്തോടെ അതിക്രമിച്ചു കയറിയെന്ന് കോടതി വ്യക്തമാക്കി. തിരുവനന്തപുരം ഫോർട്ട് സർക്കാർ ആശുപത്രിയിലെ വൈദ്യ പരിശോധനക്ക് ശേഷം തോമസ് കോട്ടൂരിലെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും സെഫിയെ അട്ടകുളങ്ങര വനിത ജയിലിലേക്കും മാറ്റി.
കോട്ടയം ബി.സി.എം കോളജിലെ രണ്ടാംവർഷ പ്രീ ഡിഗ്രി വിദ്യാർഥിനിയും ക്നാനായ കത്തോലിക്കാസഭക്ക് കീഴിലുള്ള സെന്‍റ് ജോസഫ് കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയുമായിരുന്ന സിസ്റ്റർ അഭയയെ (21) 1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രതികൾ തമ്മിലുള്ള അവിഹിതബന്ധം കണ്ടതിനെ തുടർന്നാണ് സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. സംഭവം നടക്കുമ്പോൾ തോമസ് കോട്ടൂർ കോട്ടയം ബി.സി.എം കോളജ് സൈക്കോളജി അധ്യാപകനും സിസ്റ്റർ സെഫി പയസ് ടെൻത് കോൺവെന്‍റ് ഹോസ്റ്റലിലെ താൽകാലിക ചുമതലക്കാരിയും ആയിരുന്നു.
കേസിലെ രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ തെളിവുകളുടെ അഭാവത്തിൽ കോടതി നേരത്തേ കുറ്റമുക്തനാക്കിയിരുന്നു. ജോസ് പൂതൃക്കയിലിനെതിരായ നൈറ്റ് വാച്ച്മാൻ ചെല്ലമ്മ ദാസിന്‍റെ മൊഴിയിൽ തിയതി ഇല്ലെന്ന ന്യായം ചൂണ്ടികാണിച്ചാണ് കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്. ചെല്ലമ്മ ദാസ് 2014 ഫെബ്രുവരി 28ന് മരിച്ചതിനാൽ വിചാരണ ഘട്ടത്തിൽ വിസ്തരിക്കാനുമായില്ല.
പ്രതികളെ സഹായിക്കാൻ വേണ്ടി തെളിവ് നശിപ്പിച്ച കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ വി.വി. അഗസ്റ്റിൻ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ. സാമുവൽ എന്നിവരെ സി.ബി.ഐ പ്രതിയാക്കി കുറ്റപത്രം നൽകിയിരുന്നു. ഇവർ മരണപ്പെട്ടത് കൊണ്ട് രണ്ടു പ്രതികൾ മാത്രമാണ് വിചാരണ നേരിട്ടത്.
ഒരു വർഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് സി.ബി.ഐ കോടതി ഇന്ന് വിധി പറഞ്ഞത്. 2019 ആഗസ്റ്റ് 26ന് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയിൽ ആരംഭിച്ച വിചാരണ ഈ മാസം 10ന് പൂർത്തിയായി. 49 സാക്ഷികളെ വിസ്തരിച്ചെങ്കിലും എട്ട് നിർണായക സാക്ഷികൾ കൂറുമാറി. 28 വർഷം നീണ്ട കേസിൽ കൂടുതൽ പ്രതികളെ ചേർക്കണമെന്നും ഒഴിവാക്കണമെന്നും ശാസ്ത്രീയ പരിശോധനകൾ വേണമെന്നുമൊക്കെയുള്ള ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ പത്ത് വർഷത്തോളം വിചാരണ നീളുകയായിരുന്നു.
കേസ് ആദ്യം അന്വേഷിച്ച ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ആത്മഹത്യ എന്ന നിഗമനത്തിൽ എത്തുകയായിരുന്നു. 1993 മാർച്ച് 23ന് സി.ബി.ഐ അന്വേഷണം തുടങ്ങി 15 വർഷത്തിന് ശേഷമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളാണ് സി.ബി.ഐ ഉപയോഗിച്ചത്. ഇതിൽ മോഷ്ടാവ് അടക്കാ രാജു അടക്കമുള്ളവരുടെ മൊഴി കേസിനെ ഏറെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സി.ബി.ഐ പ്രോസിക്യൂട്ടർ എം. നവാസ് ഹാജരായി. കോട്ടയം ജില്ലയിലെ അരീക്കരയിൽ അയിക്കരകുന്നേൽ തോമസിന്‍റെയും ലീലാമ്മയുടെയും ഏക മകളായിരുന്നു സിസ്റ്റർ അഭയ.
കേസിന്‍റെ നാൾവഴികൾ
അഭയ കേസ് അട്ടിമറിക്കുന്നതിനെതിരെ കോട്ടയം മുനിസിപ്പൽ ചെയർമാൻ പി.സി.ചെറിയാൻ മടുക്കാനി പ്രസിഡന്‍റും ജോമോൻ പുത്തൻപുരയ്ക്കൽ കൺവീനറുമായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചതോടെയാണ് നീതിക്ക് വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെട്ടത്. കേസിൽ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് നിരവധി സമരങ്ങൾ നടന്നു. സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ആലുവായിലെ മൗണ്ട് കാർമൽ കോൺവെന്റിലെ സിസ്റ്റർ ബെനികാസയുടേതടക്കം 34 നിവേദനങ്ങൾ മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നു. ഒടുവിൽ കേസന്വേഷണം സി.ബി.ഐക്ക് വിടാൻ കെ. കരുണാകരൻ സർക്കാർ തീരുമാനിക്കുകയും ചെയ്‌തു.
സംസ്ഥാന സർക്കാറിന്‍റെ ശുപാർശയെത്തുടർന്ന് സി.ബി.ഐ അഭയ കേസന്വേഷണം ഏറ്റെടുത്തു. സി.ബി.ഐ കൊച്ചി യൂണിറ്റ് ഡി.വൈ.എസ്.പി വർഗീസ് പി. തോമസിന്‍റെ നേതൃത്വത്തിൽ ആറുമാസം കൊണ്ട് നടത്തിയ അന്വേഷണത്തിൽ അഭയയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. എന്നാൽ, പിന്നീട് സംഭവിച്ചത് സി.ബി.ഐയുടെ ചരിത്രത്തിൽ അന്നോളം കേട്ടു കേൾവിയില്ലാത്ത കാര്യങ്ങളായിരുന്നു. അഭയയുടെ മരണം ആത്മഹത്യയാക്കാൻ സി.ബി.ഐ എസ്.പി വി.ത്യാഗരാജൻ സമ്മർദ്ദം ചെലുത്തുകയും വഴങ്ങാതെ വന്നപ്പോൾ പീഡിപ്പിക്കുകയും ചെയ്തെന്ന് അന്വേഷണ ഉദ്യേഗസ്ഥൻ വർഗീസ് പി. തോമസ് 1994 മാർച്ച് 7 ന് എറണാകുളത്ത് വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തി. ത്യാഗരാജന്‍റെ ഇടപെടലിൽ പ്രതിഷേധിച്ച് വർഗീസ് പി. തോമസ് സർവീസിൽ നിന്ന് രാജിവെച്ചിരുന്നു. എം.പിമാർ പാർലമെന്‍റിൽ വിഷയം ഉന്നയിക്കുകയടക്കം ചെയതതോടെ അഭയ കേസ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.
വിവാദങ്ങളെ തുടർന്ന് ത്യാഗരാജനെ അഭയക്കേസിന്‍റെ മേൽ നോട്ടത്തിൽ നിന്നും മാറ്റി. സി.ബി.ഐ ഡി.ഐ.ജി ആയിരുന്ന എം.എൽ ശർമയുടെ നേതൃത്വത്തിലുള്ള സംഘത്തിന് അന്വേഷണ ചുമതല നൽകി. സി.ബി.ഐ സംഘം കോട്ടയത്ത് എത്തി പയസ് ടെൻത്കോൺവെന്‍റിലെ കിണറ്റിൽ ജയ്‌പൂരിലെ ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ അഭയയുടെ ഡമ്മി പരീക്ഷണം നടത്തി.
1996 ഡിസംബർ 6ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സി.ബി.ഐ റിപ്പോർട്ട് സമർപ്പിച്ചു. പ്രതികളെ കണ്ടെത്താനാകാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുവാൻ അനുമതി നൽകണമെന്നായിരുന്നു റിപ്പോർട്ടിലെ ആവശ്യം. എന്നാൽ, സി.ബി.ഐ റിപ്പോർട്ട് േകാടതി തള്ളി. തുടരന്വേഷണം നടത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് 1997 മാർച്ച് 20 ന് ഉത്തരവ് നൽകി.
എന്നാൽ, രണ്ടാം തവണയും അന്വേഷണം അവസാനിപ്പിച്ച് കൊണ്ടുള്ള റിപ്പോർട്ടാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സി.ബി.ഐ സമർപ്പിച്ചത്. 1999 ജൂലൈ 12 നാണ് സി.ബി.ഐ സമർപ്പിച്ച രണ്ടാം റിപ്പോർട്ടും കോടതി തള്ളി. അഭയ കേസിൽ രണ്ടാം തവണയും തുടരന്വേഷണം നടത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് 2000 ജൂൺ 23 ന് ഉത്തരവിട്ടു. മൂന്നാം തവണയും അന്വേഷണം അവസാനിപ്പിക്കാൻ സി.ബി.ഐ അനുമതി തേടുകയും കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തു. 2005 ആഗസ്റ്റ് 30 നായിരുന്നു സി.ബി.ഐ മൂന്നാം റിപ്പോർട്ട് സമർപ്പിച്ചത്. കേസിൽ തുടരന്വേഷണം നടത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത് 2006 ആഗസ്റ്റ് 21 നാണ്.
സി.ബി.ഐ എസ്.പി ആർ.എം കൃഷ്ണയുടെയും ഡി.വൈ.എസ്.പി ആർ.കെ. അഗർവാളിന്‍റെയും നേതൃത്വത്തിലുള്ള സി.ബി.ഐ സംഘം കോട്ടയത്ത് ക്യാമ്പ് ചെയ്‌തായിരുന്നു ഇത്തവണ അന്വേഷണം. പിന്നീട് അഭയ കേസിന്‍റെ അന്വേഷണം ഡൽഹി യൂണിറ്റിൽ നിന്നും കൊച്ചിൻ യൂണിറ്റിലേക്ക് 2008 സെപ്റ്റംബർ 4 ന് മാറ്റി. കൊച്ചി യൂണിറ്റ് സി.ബി.ഐ ഡി.വൈ.എസ്.പി നന്ദകുമാർ നായർ 2008 നവംബർ 1 ന് അന്വേഷണം ഏറ്റെടുത്തു.
16 വർഷങ്ങൾക്ക് ശേഷം, 2008 നവംബർ 18 ന് സി.ബി.ഐ സംഘം മൂന്നു പ്രതികളെ അറസ്റ്റ് ചെയ്‌തു. ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെയാണ് ഡി.വൈ.എസ്.പി നന്ദകുമാർ നായരുടെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്. 2009 ജൂലൈ 17 ന് സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകി.
വിചാരണ കൂടതെ കുറ്റവിമുക്തരാക്കണം എന്ന് ആവശ്യപ്പെട്ട് മൂന്നു പ്രതികളും 2011 മാർച്ച് 16 ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹരജി നൽകി. കുറ്റപത്രം നൽകി രണ്ടു വർഷം കഴിഞ്ഞാണ് പ്രതികൾ കോടതിയിൽ വിടുതൽ ഹരജി നൽകിയത്. കേസിൽ തെളിവ് നശിപ്പിച്ചുവെന്ന് ആരോപണം നേരിടുന്ന ക്രൈംബ്രാഞ്ച് എസ്.പി കെ.ടി. മൈക്കിൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന് 2014 മാർച്ച് 19 ന് ഹൈകോടതി ഉത്തരവ് ഉണ്ടായിരുന്നു. അഭയ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സാമുവലിനെ പ്രതിയാക്കി 2015 ജൂൺ 30 ന് തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്‌തു.
വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്ന പ്രതികളുടെ ഹരജിയിലെ നടപടികൾ സി.ബി.ഐ കോടതിയിൽ ഒൻപത് വർഷത്തോളം നീണ്ടുപോയി. ഒടുവിൽ സി.ബി.ഐ കോടതി ഒന്നാം പ്രതി ഫാ. കോട്ടൂരിന്‍റെയും രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിന്‍റെയും സിസ്റ്റർ സെഫിയുടെയും വിടുതൽ ഹരജിയിൽ അന്തിമ വാദം കേട്ട് ഒരുമിച്ചു വിധി പറഞ്ഞു. ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരും, മൂന്നാം പ്രതി സെഫിയും വിചാരണ നേരിടണമെന്ന് കോടതി വിധിച്ചു. തിരുവനന്തപുരം സി.ബി.ഐ കോടതി 2018 മാർച്ച് 7 നാണ് ഒന്നാം പ്രതിയുടെയും മൂന്നാം പ്രതിയുടെയും വിടുതൽ ഹർജി തള്ളിയത്. അതേസമയം രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിടുകയും ചെയ്‌തു. ഫാ. ജോസ് പൂതൃക്കയിലിനെതിരായ നൈറ്റ് വാച്ച്മാൻ ചെല്ലമ്മ ദാസിന്‍റെ മൊഴിയിൽ തിയതി ഇല്ലെന്ന ന്യായം ചൂണ്ടികാണിച്ചാണ് കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്.
ഫാ. ജോസ് പൂതൃക്കയിൽ രാത്രി 11 മണിക്ക് ശേഷം പയസ് ടെന്‍റ് കോൺവെന്‍റിന്‍റെ മുൻ വശത്ത് സ്‌കൂട്ടർ വെച്ച് മതിൽ ചാടി കടന്ന് കിണറിന്‍റെ ഭാഗത്തേക്ക് പോകുന്നത് കണ്ടെന്നും പുലർച്ചെ 5 മണിക്ക് തിരിച്ചു വരുന്നത് കണ്ടെന്നുമായിരുന്നു ചെല്ലമ്മ ദാസിന്‍റെ മൊഴി. എന്നാൽ മൊഴിയിൽ തിയതി രേഖപ്പെടുത്തിയിരുന്നില്ല. അതാണ് ഫാ. ജോസ് പൂതൃക്കയിലിനെ വെറുതെ വിടാൻ കോടതി ചൂണ്ടികാണിച്ച കാരണം. ചെല്ലമ്മ ദാസ് 2014 ഫെബ്രുവരി 28 ന് മരിച്ചതിനാൽ വിചാരണ ഘട്ടത്തിൽ വിസ്തരിക്കാനുമായില്ല.
അതേസമയം, അഭയ മരിച്ച ദിവസം പുലർച്ചെ അഞ്ചു മണിക്ക് രണ്ട് വൈദികരെ കോൺവെന്‍റിന്‍റെ സ്റ്റെയർകേസിൽ കണ്ടുവെന്ന് ദൃക്‌സാക്ഷി അടക്ക രാജു നൽകിയ മൊഴി ജോസ് പൂതൃക്കയിലിന് എതിരായിരുന്നു. ഫാ.ജോസ് പൂതൃക്കയിലിനെ വെറുതെ വിട്ടതിനെതിരെ സി.ബി.ഐയും ആക്ഷൻ കമ്മിറ്റിയുടെ ജോമോൻ പുത്തൻപുരയ്ക്കലും നൽകിയ ഹരജികൾ ഹൈകോടതി തള്ളുകയായിരുന്നു. രണ്ടാം പ്രതി ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വിട്ടതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് സി.ബി.ഐ കോടതിയിൽ പ്രോസിക്യൂട്ടർ അറിയിച്ചിട്ടുണ്ട്.
ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റർ സെഫിയും വിചാരണ നേരിടണമെന്ന കോടതി വിധിക്കെതിരെ പ്രതികൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു. സുപ്രീം കോടതിയിൽ പ്രതികൾക്കായി ഹാജരായത് പ്രമുഖ അഭിഭാഷകരായ മുകുൾ റോഹ്ത്തഗി, അഭിഷേക് മനു സിംഗ്വി എന്നിവരാണ്. എന്നാൽ, പ്രതികളുടെ ഹരജി സുപ്രീം കോടതിയും തള്ളി. 2019 ആഗസ്റ്റ് 26 മുതൽ സി.ബി.ഐ കോടതയിൽ അഭയ കേസിന്‍റെ വിചാരണ ആരംഭിച്ചു.
വിചാരണ നീട്ടിവെക്കാനും പ്രതികൾ ഇടപെടൽ നടത്തികൊണ്ടിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ വിചാരണ നീട്ടിവെക്കണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് പ്രതികൾ നൽകിയ ഹരജി ഹൈകോടതി തള്ളിയതിനെ തുടർന്നാണ് കഴിഞ്ഞ ഒക്‌ടോബർ 20 മുതൽ സി.ബി.ഐ കോടതിയിൽ വിചാരണ പുനരാരംഭിച്ചത്. സി.ബി.ഐയുടെ കുറ്റപത്രത്തിൽ 133 പ്രോസിക്യൂഷൻ സാക്ഷികളാണ് ആകെയുള്ളത്. 28 വർഷം മുമ്പുള്ള കേസായതിനാൽ പല സാക്ഷികളും ഇന്ന് ജീവിച്ചിരിക്കുന്നില്ല. 49 സാക്ഷികളെയാണ് പ്രോസിക്യൂഷന് കോടതിയിൽ വിസ്തരിക്കാനായുള്ളൂ. ഡിസംബർ 10 നാണ് പ്രോസിക്യൂഷൻ വാദവും പ്രതിഭാഗത്തിന്‍റെ വാദവും പൂർത്തിയായത്. അഭയ കൊല്ലപ്പെട്ടിട്ട് 28 വർഷവും 9 മാസവും കഴിഞ്ഞ ശേഷമാണ് തിരുവനന്തപുരം സി.ബി.ഐ കോടതി ഡിസംബർ 22ന് കേസിൽ വിധി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.