പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് ഇരട്ടജീവപര്യന്തവും മൂന്ന് ലക്ഷം പിഴയും
text_fieldsമഞ്ചേരി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് ഇരട്ടജീവപര്യന്തവും മൂന്ന് ലക്ഷം പിഴയും വിധിച്ചു. പോത്തുകല്ല് സ്വദേശിയായ 55കാരനെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി പി.ടി. പ്രകാശൻ ശിക്ഷിച്ചത്. രണ്ട് പോക്സോ വകുപ്പുകളിലായി രണ്ട് ജീവപര്യന്തം തടവും ഓരോ ലക്ഷം രൂപ വീതം പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം തടവ് അനുഭവിക്കണം. പിഴ അടച്ചാൽ രണ്ട് ലക്ഷം രൂപ കുട്ടിക്ക് നൽകണം.
ബാലനീതി നിയമപ്രകാരം മൂന്ന് വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ഭീഷണിപ്പെടുത്തിയതിന് രണ്ട് വർഷം കഠിനതടവും വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. നേരത്തെ 16കാരിയായ ഇളയ മകളെ പീഡിപ്പിച്ചതിന് ഇയാൾക്ക് കഴിഞ്ഞ 13ന് ആജീവനാന്ത തടവും 2.10 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
2014ലാണ് കേസിനാസ്പദമായ സംഭവം. 16, 17 വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. കുട്ടികൾ മാതാവിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പോത്തുകല്ല് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 17 സാക്ഷികളെ വിസ്തരിച്ചു. 12 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എ. സോമസുന്ദരൻ ഹാജരായി. എടക്കര സി.ഐമാരായിരുന്ന കെ.എം. ദേവസ്സ്യ, കെ.സി. സേതു എന്നിവരാണ് കേസന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.