പൊന്നുമോള്‍ക്ക് ഉമ്മ കരള്‍ പകുത്തു നല്‍കും; പക്ഷേ, ആര് തരും 20 ലക്ഷം?
text_fieldsകോഴിക്കോട്: ബി.ഇ.എം സ്കൂളിലെ ആറാം ക്ളാസുകാരി ഫാത്തിമ റിന്‍ഷ ഓണാവധിക്കുശേഷം ക്ളാസിലേക്ക് പോയിട്ടില്ല. നീരുവന്ന് വീര്‍ത്ത ശരീരവുമായി പുറത്തേക്കിറങ്ങാന്‍ മടിച്ചാണ് പഠനം പാതിവഴിയില്‍ നിര്‍ത്തിയത്. എല്ലാം പഴയപടിയാവാന്‍ കരള്‍ മാറ്റിവെക്കുകയാണ് പോംവഴി. ഇതിനു വേണ്ട 20ലക്ഷം ഓര്‍ത്ത് തകര്‍ന്നിരിക്കയാണ് കുടുംബം.
പൊന്നുമോള്‍ക്ക് കരള്‍ പകുത്തുനല്‍കാന്‍ ഉമ്മ തസ്ലീന തയാറാണ്. എന്നാല്‍, പണത്തെ കുറിച്ച് ഓര്‍ത്ത് വിതുമ്പലടക്കുകയല്ലാതെ നിവൃത്തിയില്ല കുടുംബത്തിന്. പിതാവ് ചക്കുംകടവ് വലിയകം പറമ്പില്‍ അബ്ദുല്‍ റഷീദിന് കൂലിപ്പണിയാണ്. നിത്യവൃത്തിക്ക് കഷ്ടപ്പെടുന്ന അദ്ദേഹത്തിന് ഇത്രയും വലിയ തുകയെ കുറിച്ച് സ്വപ്നം കാണാന്‍പോലും കഴിയില്ല. സ്വന്തം ജീവന്‍ നല്‍കിയും മകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ചിന്തയിലാണ് മാതാപിതാക്കള്‍. നീര്‍ വറ്റിയ കണ്ണുകളുമായി ഇവര്‍ ഓടിനടക്കുന്നതും അതിനു വേണ്ടിത്തന്നെ. 2013ല്‍ സെന്‍റ് പാര്‍ട്ടിക് സ്കൂള്‍ മുറ്റത്ത് ഓടിക്കളിക്കുമ്പോഴാണ് ഫാത്തിമ റിന്‍ഷ രോഗലക്ഷണം കാണിച്ചത്. ശക്തിയായി ചോര ഛര്‍ദിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ. ദിവസങ്ങള്‍ നീണ്ട പരിശോധനകള്‍ക്ക് ഒടുവില്‍ മകള്‍ക്ക് കരള്‍രോഗമാണെന്ന് സ്ഥിരീകരിച്ചു. വില്‍സണ്‍സ് ഡിസീസ് എന്നാണ് രോഗത്തിന്‍െറ പേര്. വര്‍ഷങ്ങള്‍ മരുന്നു കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. പിന്നീട് ചികിത്സയുടെ നീണ്ട വര്‍ഷങ്ങള്‍. ചികിത്സാര്‍ഥം പലപ്പോഴും പഠനം മുടങ്ങിയെങ്കിലും റിന്‍ഷ പിന്മാറിയില്ല. വേദനകളെല്ലാം കുഞ്ഞുപ്രായത്തില്‍ തന്നെ നേരിട്ട റിന്‍ഷ ഇപ്പോള്‍ പുറംലോകത്തുനിന്ന് അകലാന്‍ ശ്രമിക്കുകയാണ്. നീരുവന്ന് വീര്‍ത്ത ശരീരവുമായി അവള്‍ പുറത്തേക്കിറങ്ങിയാല്‍ പരിചയക്കാരുടെ സഹതാപ നോട്ടം.
പലരുടെയും കുത്തിക്കുത്തിയുള്ള ചോദ്യം സഹിക്കാവുന്നതിലുമപ്പുറം. ചോദ്യങ്ങളെ നേരിടാനാവാതെ ഓണത്തിനുശേഷം ഇവള്‍ സ്കൂളില്‍ പോയില്ല. ജീവന്‍ രക്ഷിക്കാന്‍ കരള്‍ മാറ്റിവെക്കല്‍ മാത്രമാണ് പോംവഴിയെന്ന് ഡോക്ടര്‍മാര്‍ വിധിച്ചിരിക്കുന്നു. പലയിടങ്ങളിലും അന്വേഷിച്ചു, ചെറിയ തുകക്ക് ശസ്ത്രക്രിയ നടത്താമെന്നു പറഞ്ഞ എറണാകുളം അമൃതയില്‍പോലും 20 ലക്ഷം രൂപ വേണം. ചികിത്സക്ക് ഇപ്പോള്‍ തന്നെ വലിയൊരു തുക ചെലവായിട്ടുണ്ട്. ഉമ്മ കരള്‍ നല്‍കാന്‍ തയാറാണെങ്കിലും പരിശോധനകള്‍ പൂര്‍ത്തിയാക്കാനുണ്ട്. മാച്ചിങ് പരിശോധനകള്‍ക്കും വലിയൊരു തുക ചെലവാകും.
ശസ്ത്രക്രിയ കഴിഞ്ഞാലും ആറുമാസംവരെ ഡോക്ടര്‍മാരുടെ ശക്തമായ നിരീക്ഷണത്തില്‍ കഴിയണം. കുറഞ്ഞത് മൂന്നു മാസമെങ്കിലും ആശുപത്രിയില്‍ നിര്‍ബന്ധമായും കഴിയേണ്ടിവരുമെന്ന് മാതാവ് പറഞ്ഞു. ശസ്ത്രക്രിയക്കുശേഷം കഴിക്കേണ്ട മരുന്നുകള്‍ക്കും വലിയ തുക വേണം. ആരെങ്കിലും സഹായിക്കുമെന്ന ഉറപ്പിലാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.