ലക്ഷദ്വീപ്: മമ്മൂട്ടി പ്രതികരിക്കാത്തതിൽ അത്ഭുതം -ഫാത്തിമ തഹ് ലിയ
text_fieldsലക്ഷദ്വീപ് വിഷയത്തിൽ നടൻ മമ്മൂട്ടി പ്രതികരിക്കാത്തതിനെ വിമർശിച്ച് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ് ലിയ. മന്ത്രിയായിരുന്നപ്പോൾ വിശ്വാസപരമായ കാരണങ്ങളാൽ നിലവിളക്ക് കൊളുത്താതെ മാറി നിന്ന അബ്ദുറബ്ബിനെ വിമർശിക്കാൻ മമ്മൂട്ടിക്ക് ഉത്സാഹമായിരുന്നു.
എന്നാൽ, ലക്ഷദ്വീപിൽ അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധ നടപടികൾ അരങ്ങേറിയിട്ടും അതിനെതിരെ പ്രതികരിക്കാൻ മമ്മൂട്ടി ഒരു ഉത്സാഹവും കാണിക്കുന്നില്ല എന്നറിയുമ്പോൾ അത്ഭുതം തോന്നുന്നു - ഫാത്തിമ തഹ് ലിയ കുറിച്ചു.
കഴിഞ്ഞ ദിവസം ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിക്കാത്തതിന് മമ്മൂട്ടിക്ക് ലക്ഷദ്വീപ് സ്വദേശിയും വ്ലോഗറുമായ മുഹമ്മദ് സാദിഖ് തുറന്ന കത്ത് എഴുതിയിരുന്നു. മമ്മൂട്ടിക്ക് ആദ്യപ്രതിഫലം നൽകിയത് തങ്ങളാണെന്ന് ഓർമിപ്പിച്ചാണ് സമൂഹ മാധ്യമത്തിൽ കത്ത് പോസ്റ്റ് ചെയ്തത്. ഇതിന് ആധാരമായി ചൂണ്ടിക്കാട്ടുന്നത് മമ്മൂട്ടി തന്നെ ഏതാനും വർഷം മുമ്പ് ഒരു പ്രസിദ്ധീകരണത്തിൽ നൽകിയ ലേഖനത്തിലെ വാചകങ്ങളാണ്.
'അന്ന് ലക്ഷദ്വീപിൽ നിന്നുള്ള ധാരാളം വിദ്യാർഥികൾ മഹാരാജാസിൽ പഠിച്ചിരുന്നു. അവർക്കൊരു സംഘടനയുണ്ട്-ലക്ഷദ്വീപ് സ്റ്റുഡൻറ്സ് അസോസിയേഷൻ. അതിന്റെ ആഭിമുഖ്യത്തിൽ കോളജിൽ വെച്ചൊരു പരിപാടി നടന്നു. ദ്വീപിലെ ചില നാടൻകലാരൂപങ്ങളാണ് അവതരിപ്പിച്ചത്. അവതരണത്തോടനുബന്ധിച്ച അനൗൺസ്മെൻറ് നടത്തിയത് ഞാനായിരുന്നു.10 രൂപയും ബിരിയാണിയുമായിരുന്നു പ്രതിഫലം'.
മമ്മൂട്ടി എഴുതിയ ഈ വാചകം എടുത്തു പറഞ്ഞാണ് ആദ്യപ്രതിഫലം സാദിഖ് ഓർമിപ്പിക്കുന്നത്. കേരളം മൊത്തം ലക്ഷദ്വീപിനൊപ്പം നിൽക്കുന്ന അവസരത്തിൽ സമൂഹ മാധ്യമങ്ങളിൽ അങ്ങയുടെയും മകന്റെയും പിന്തുണ ആഗ്രഹിക്കുന്നത് തെറ്റാണോ എന്നും സാദിഖ് ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.