പൊലീസ് പരാതി കിട്ടാൻ കാത്തു നിൽക്കരുത്; പങ്കുവെക്കപ്പെടുന്ന പങ്കാളികൾ കേരളത്തിലെ സ്ത്രീകളുടെ അരക്ഷിതാവസ്ഥയാണ് കാണിച്ചു തരുന്നതെന്ന് ഫാത്തിമ തഹ്ലിയ
text_fieldsപങ്കാളികളെ പങ്കുവെക്കുന്ന സംഭവങ്ങളിൽ പൊലീസ് പരാതിക്ക് കാത്തു നിൽക്കരുതെന്ന് ഹരിത മുൻ നേതാവ് ഫാത്തിമ തഹ്ലിയ. ഇരകളിലേക്ക് ഇറങ്ങി ചെന്ന് അവരുടെ മനസ്ഥിതി മനസ്സിലാക്കികൊണ്ട് കേസെടുക്കാനാണ് കേരളാ പൊലീസും ആഭ്യന്തരവകുപ്പും ശ്രമിക്കേണ്ടതെന്നും അവർ ഫേസ്ബുക്കിൽ പ്രതികരിച്ചു. പങ്കാളികളെ പങ്കുവെക്കുന്ന സംഭവത്തിൽ പരാതിയുണ്ടെങ്കിൽ മാത്രമേ നടപടി എടുക്കാനാകൂവെന്നും സദാചാര പൊലീസ് ആകാനാകില്ലെന്നും കോട്ടയം എസ്.പി പറഞ്ഞതിനെ സൂചിപ്പിച്ചാണ് ഫാത്തിമയുടെ പ്രതികരണം.
ഇരകളിൽ ഏറെ പേരും മിണ്ടാതെ ഉരുകി തീരുന്നവരാണെന്നും അവർ കുറിച്ചു. 'ജീവിതത്തിൽ നടന്നത് പുറത്ത് പറയാൻ ഭയക്കുന്നവരാണവർ. വീടുവിട്ട് പുറത്ത് വന്നാൽ അവർക്ക് ഒരു അഭയകേന്ദ്രം പോലും കേരളത്തിലില്ല. അവരുടെ സംരക്ഷണം ചോദ്യചിഹ്നമായി തന്നെ നിൽക്കുകയും ചെയ്യും. ഇത്തരം സംഭവങ്ങൾ കേരളത്തിലെ സ്ത്രീകളുടെ അരക്ഷിതാവസ്ഥയാണ് കാണിച്ചു തരുന്നത്. കോട്ടയം ജില്ല പോലീസ് മേധാവി പറഞ്ഞത്, പരാതി ലഭിക്കാതെ പോലീസിന് അന്വേഷിക്കാൻ കഴിയില്ല എന്നായിരുന്നു. പരാതിയുമായി പോലീസ് സ്റ്റേഷനിൽ വരാൻ പറ്റുന്ന അവസ്ഥയിലല്ല ഈ സ്ത്രീകളൊന്നും ഉള്ളത്. അവരിലേക്ക് ഇറങ്ങി ചെന്ന് ഇരകളുടെ മനസ്ഥിതി മനസ്സിലാക്കികൊണ്ട് കേസെടുക്കാനാണ് കേരളാ പൊലീസും ആഭ്യന്തരവകുപ്പും ശ്രമിക്കേണ്ടത്.' -ഫാത്തിമ എഴുതി.
സ്ത്രീകളെ വെറും ലൈംഗിക ഉപകരണങ്ങളായി കാണുന്ന മനസ്ഥിതിയിൽ നിന്നും, വിവാഹത്തോടെ ഭാര്യയുടെ ഏജൻസി തനിക്കാണെന്ന് വിശ്വസിക്കുന്ന പുരുഷ കേന്ദ്രീകൃത മനോഭാവത്തിൽ നിന്നും ഉടലെടുത്ത ഒരു ചൂഷണ-കച്ചവട വ്യവസ്ഥിതിയാണിതെന്നും അവർ പറഞ്ഞു.
പങ്കാളികളെ പങ്കുച്ച സംഭവത്തിൽ കോട്ടയം കറുകച്ചാലിൽ ഒരു യുവതിയുടെ പരാതിയിൽ നേരത്തെ പൊലീസ് നടപടി എടുത്തിരുന്നു. ഇത്തരം ഗ്രൂപ്പുകൾ കേരളത്തിൽ സജീവമാണെന്നും ആയിരങ്ങൾ ഇതിൽ അംഗങ്ങളാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ, പരസ്പരം സമ്മതത്തോടെ പങ്കാളികളെ പങ്കുവെക്കുന്ന സംഭവങ്ങളിൽ നടപടി എടുക്കാനാകില്ലെന്നും പരാതി ഉള്ളത് മാത്രമാണ് പരിശോധിക്കാനാകുക എന്നും കോട്ടയം എസ്.പി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.