അർഹമായ മൂന്ന് മാർക്കിന് ഫാത്തിമ അൻഷി വിദ്യാഭ്യാസ മന്ത്രിക്ക് മുന്നിൽ
text_fieldsപെരിന്തൽമണ്ണ: പ്ലസ് വൺ പരീക്ഷയുടെ രണ്ടുപേപ്പറിൽ അർഹതപ്പെട്ട മാർക്ക് ലഭിച്ചില്ലെന്ന പരാതിയുമായി മേലാറ്റൂർ എടപ്പറ്റയിലെ ഫാത്തിമ അൻഷി വിദ്യാഭ്യാസ മന്ത്രിയുടെ മുന്നിൽ. പ്ലസ് വൺ പരീക്ഷ കമ്പ്യൂട്ടറിൽ എഴുതിയ ഏക വിദ്യാർഥിനിയാണ് പൂർണമായി കാഴ്ചപരിമിതിയുള്ള ഫാത്തിമ അൻഷി. ആറു പേപ്പറിൽ ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, ഇക്കണോമിക്സ് എന്നിവക്ക് മുഴുവൻ മാർക്കും ലഭിച്ചു. എന്നാൽ, സോഷ്യോളജിക്ക് 80ൽ 72, പൊളിറ്റിക്കൽ സയൻസിൽ 80ൽ 69 എന്നിങ്ങനെയായിരുന്നു മാർക്ക്.
പുനർമൂല്യനിർണയം നടത്തിയതോടെ സോഷ്യോളജിക്ക് 79, പൊളിറ്റിക്കൽ സയൻസിന് 78 എന്നിങ്ങനെയായി. ഇരുവിഷയങ്ങളിലുമായി മുഴുവൻ മാർക്കിന് മൂന്നു മാർക്കിന്റെ കുറവ്. ഒരു ഉത്തരം പോലും തെറ്റിയിട്ടില്ലെന്നും മുഴുവൻ മാർക്കിനും അർഹതയുണ്ടെന്നുമാണ് ഫാത്തിമ പറയുന്നത്. അകക്കണ്ണിന്റെ വെളിച്ചത്തിൽ കേൾക്കുന്നതെല്ലാം പെട്ടെന്ന് പഠിക്കാൻ ശേഷിയുള്ള ഫാത്തിമ സഹായിയെ വെച്ച് പരീക്ഷ എഴുതാൻ അവസരമുണ്ടായിട്ടും സ്വന്തമായി കമ്പ്യൂട്ടറിൽ പരീക്ഷ എഴുതുകയായിരുന്നു.
പെരിന്തൽമണ്ണയിൽ പൊതുപരിപാടിക്കെത്തിയ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പരാതി വിശദമായി കേട്ട ശേഷം പരിശോധന നടത്താൻ ഹയർസെക്കൻഡറി ഡയറക്ടറേറ്റിന് നിർദേശം നൽകി.എടപ്പറ്റയിലെ അബ്ദുൽ ബാരിയുടെയും ഷംലയുടെയും ഏകമകളാണ് ഫാത്തിമ. കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ 2022 ലെ ശ്രേഷ്ഠ ദിവ്യാംഗ് ബാലിക പുരസ്കാരം രാഷ്ട്രപതിയിൽനിന്ന് കഴിഞ്ഞവർഷം ഏറ്റുവാങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.