''ഹരിതക്കൊടി കൈകളിലേന്തി ഹരിതാഭമായി നിന്ന്...''; സഹപ്രവർത്തകർക്ക് പാട്ടെഴുതി ഈണമിട്ട് പാടി ഫാത്തിമ തഹിലിയ
text_fieldsമലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സഹപ്രവർത്തകരുടെ വിജയത്തിനായി പാട്ടൊരുക്കി എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ് ഫാത്തിമ തഹിലിയ. ''ഹരിതക്കൊടി കൈകളിലേന്തി ഹരിതാഭാമായി നിന്ന് ഈ നാടിതിൻ പെൺമക്കൾ അഭിമാനമായി വന്ന്''...എന്ന് തുടങ്ങുന്ന വരികൾ എഴുതിയതും ഈണം നൽകിയതും പാടിയതും തഹിലിയ തന്നെയാണ്.
എം.എസ്.എഫ് വനിത വിഭാഗമായ ഹരിതയുടെ നേതാക്കളും പ്രവർത്തകരും ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്നും അവരുടെ പ്രചാരണാർഥമാണ് പാട്ടെഴുതിയതെന്നും സംഘടനയുടെ മുൻ സംസ്ഥാന അധ്യക്ഷ കൂടിയായ തഹിലിയ പറഞ്ഞു. ഞായറാഴ്ച രാവിലെ മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ റിലീസ് ചെയ്തു. സാദിഖ് പന്തല്ലൂരാണ് സംവിധാനം നിർവഹിച്ചത്.
സി.ബി.എസ്.ഇ സ്കൂൾ കലോത്സവത്തിലും കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി സോൺ കലോത്സവത്തിലും കേരളോത്സവത്തിലും മാപ്പിളപ്പാട്ടിലും ലളിതഗാനത്തിലും പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട് തഹിലിയ. കോഴിക്കോട് ജില്ലാ കോടതിയിലെ അഭിഭാഷകയാണ്.
ഹരിത സംസ്ഥാന പ്രസിഡൻറ് മുഫീദ തസ്നി (വയനാട് ജില്ലാ പഞ്ചായത്ത് പനമരം ഡിവിഷൻ), ജനറൽ സെക്രട്ടറി നജ്മ തബ്ഷീറ (പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് തിരൂർക്കാട് ഡിവിഷൻ), സെക്രട്ടറി അനഘ നരിക്കുനി (കോഴിക്കോട് ജില്ലാ പഞ്ചായത്ത് അത്തോളി ഡിവിഷൻ), വൈസ് പ്രസിഡൻറ് ഷഹീദ റാഷിദ് (പുല്ലൂർ പെരിയ പഞ്ചായത്ത് ഒന്നാം വാർഡ്), കണ്ണൂർ ജില്ലാ പ്രസിഡൻറ് അസ്മിന അഷ്റഫ് (ജില്ലാ പഞ്ചായത്ത് പരിയാരം ഡിവിഷൻ), സെക്രട്ടറി നഹല സഹീദ് (കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഏഴോം ഡിവിഷൻ), രഞ്ജിഷ (മേലാറ്റൂർ പഞ്ചായത്ത് അഞ്ചാം വാർഡ്) തുടങ്ങിയവർക്കാണ് ഗാനോപഹാരം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.