'ഹരിത'ക്ക് നീതി ലഭിച്ചില്ല -അഡ്വ. ഫാത്തിമ തഹ്ലിയ
text_fieldsകോഴിക്കോട്: എം.എസ്.എഫ് ഭാരവാഹികൾക്കെതിരായ പരാതിയിൽ 'ഹരിത'ക്ക് മുസ്ലിം ലീഗിൽനിന്ന് നീതി ലഭിച്ചില്ലെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ് അഡ്വ. ഫാത്തിമ തഹ്ലിയ. വനിത കമീഷനിൽ പരാതി നൽകിയവരെ ചേർത്തുപിടിക്കുമെന്നും പെൺകുട്ടികളെ മക്കളും സഹോദരങ്ങളുമായി കാണുന്നവരുടെെയല്ലാം പിന്തുണ അവർ അർഹിക്കുന്നുണ്ടെന്നും ഫാത്തിമ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ലൈംഗികാധിക്ഷേപം നടത്തിയവർക്കെതിരെ നടപടിയെടുക്കുന്നതിന് മുമ്പ് അവരോട് വിശദീകരണം ചോദിക്കൽ സ്വാഭാവിക നീതിയാണ്. എന്നാൽ, ആ നീതി ഹരിത കമ്മിറ്റിക്കെതിരെ നടപടിയെടുത്തപ്പോൾ പാലിക്കപ്പെടാത്തതിൽ ദുഃഖവും പ്രതിഷേധവുമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഹരിത മുസ്ലിം ലീഗിന് നേട്ടമേ ഉണ്ടാക്കിയിട്ടുള്ളൂ. ഹരിത ഭാരവാഹികൾ ഇതുവരെ പൊതുജന മധ്യത്തിൽ ഒരുകാര്യവും പറഞ്ഞിട്ടില്ല. പാർട്ടി വേദികളിലും നേതാക്കളോടും പരാതിപ്പെട്ടിട്ട് പരിഹാരം വൈകിയതിനാലാണ് അവർ വനിത കമീഷനെ സമീപിച്ചത്. ഇത് അച്ചടക്ക ലംഘനമല്ല. കുറ്റകൃത്യം നടന്നാൽ നിയമ നടപടി സ്വീകരിക്കൽ മൗലികാവകാശമാണ്. സോഷ്യൽ മീഡിയയിലൂടെയും മറ്റും അപമാനിച്ചതിനെതിരെ താനും മുമ്പ് നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ലീഗിലെ മുഴുവൻ നേതാക്കൾക്കും രേഖാമൂലവും അല്ലാതെയും വീട്ടിലും ഓഫിസിലുമെത്തി പരാതി പറഞ്ഞിട്ടും നടപടി താമസിപ്പിച്ചത് മാനഹാനി സംഭവിച്ചവർക്ക് വേദനയുണ്ടാക്കിയിട്ടുണ്ട്. സഹിക്കാവുന്നതിനപ്പുറവും സഹിക്കേണ്ടി വന്നതിനാലാണ് വനിത കമീഷനെ സമീപിച്ചതെന്നും ഫാത്തിമ വിശദീകരിച്ചു.
പ്രശ്നത്തിെൻറ പേരിൽ ഹരിത ഭാരവാഹികളെയും പ്രവർത്തകരെയും സമൂഹ മാധ്യമങ്ങളിലും മറ്റും അപമാനിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും നിർത്തണം. പാർട്ടിയിൽ തങ്ങൾക്ക് വിശ്വാസമുണ്ട്. കുറ്റം ആരോപിക്കപ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. പാർട്ടിയിൽ നേതാക്കൾതന്നെയാണ് വലുത്. എന്നാൽ, പ്രവർത്തകരെ ചെറുതായി കാണുന്ന രീതിയിൽ പെരുമാറരുത്. നിരവധി നേതാക്കൾ പെൺകുട്ടികൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ സി.എച്ചിെൻറയും സീതി സാഹിബിെൻറയും മാതൃക പിൻപറ്റി രാജ്യത്തെ മുഴുവൻ രാഷ്ട്രീയ പാർട്ടികൾക്കും മാതൃകയാവാൻ മുസ്ലിം ലീഗിന് സാധിക്കേണ്ടതുണ്ടെന്നും ഫാത്തിമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.