ഫൗസിയ ഹസൻ: മലയാളികളുടെ മനസ്സിലെ ചാരവനിത
text_fieldsകോഴിക്കോട്: മാലദ്വീപിലെ സിനിമാലോകത്ത് കഴിഞ്ഞിരുന്ന അഭിനേത്രിയിൽനിന്ന് മലയാള വാർത്താമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ചാരവനിതയിലേക്കുള്ള ഫൗസിയ ഹസന്റെ ജീവിതം സിനിമാക്കഥയെ വെല്ലുന്നത്.
ആദ്യം കുറ്റവാളിയായും പിന്നിട് നിരപരാധിയായും വാർത്തകളിൽ നിരന്തരം പ്രത്യക്ഷപ്പെട്ട ഇവർ ഏതാനും വർഷംമുമ്പ് കള്ളക്കേസിൽ കുടുക്കിയതിനും പൊലീസ് കസ്റ്റഡിയിൽ പീഡനമേറ്റതിനും നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പാകിസ്താനുവേണ്ടി ഇന്ത്യൻ ബഹിരാകാശ രഹസ്യങ്ങൾ ചോർത്താൻ ചാരവൃത്തി നടത്തിയ മാലദ്വീപ് വനിതകൾ എന്ന നിലയ്ക്കാണ് ഐ.എസ്.ആർ.ഒ ചാരക്കേസിൽ മറിയം റഷീദയോടൊപ്പം ഇവർ പ്രതിചേർക്കപ്പെട്ടത്.
1994ൽ ചികിത്സക്കും മകളുടെ ഉപരിപഠനത്തിനുമായാണ് മകൾക്കും മറിയം റഷീദക്കുമൊപ്പം കേരളത്തിലെത്തിയ ഇവരെ വിസയുടെ കാലാവധികഴിഞ്ഞും താമസിച്ചു എന്ന കുറ്റത്തിനാണ് അന്ന് കേരള പൊലീസിൽ സ്പെഷൽ ബ്രാഞ്ച് ഇൻസ്പെക്ടറായിരുന്ന 'സ്മാർട്ട് വിജയൻ' എന്നറിയപ്പെട്ടിരുന്ന എസ്. വിജയൻ പിടികൂടിയത്.
തുടർന്നാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന(ഐ.എസ്.ആർ.ഒ)യിൽനിന്ന് രഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ചു എന്ന കുറ്റത്തിന് മറിയം റഷീദയെ ഒന്നാം പ്രതിയും ഫൗസിയ ഹസനെ രണ്ടാം പ്രതിയുമായി പൊലീസ് കേസെടുത്തത്. ഇവരിൽനിന്ന് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരായ നമ്പി നാരായണനും ഡി. ശശികുമാരനും നൽകിയ ചില രഹസ്യരേഖകൾ കണ്ടെടുത്തതായും പൊലീസ് പറഞ്ഞിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്റെ ലൈംഗിക താൽപര്യങ്ങൾക്ക് വിസമ്മതിച്ചതിനാണ് ചാരക്കേസിൽ കുടുക്കിയത് എന്നായിരുന്നു ഇരുവരുടെയും വാദം. ചാരക്കേസിൽ പൊലീസ് കണ്ടെത്തിയ കുറ്റങ്ങൾ സമ്മതിക്കാനായി തന്റെ മുന്നിൽവെച്ച് 14 വയസ്സുള്ള മകളെ മാനഭംഗപ്പെടുത്തുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും ഇവർ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
ചാരക്കേസുമായി മൂന്നു വർഷത്തോളം ജയിലിൽ കഴിഞ്ഞ ഇവരെ 1997ൽ മതിയായ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചു. പിന്നീട് നമ്പി നാരായണനെ കുറ്റമുക്തനാക്കുകയും നഷ്ടപരിഹാരം നൽകുകയും ചെയ്തു.
ഈ അടുത്തകാലത്ത്, ബഹുഭാഷാ ചിത്രമായ 'റോക്കട്രി: ദ നമ്പി ഇഫക്ട്' എന്ന സിനിമ റിലീസ് ചെയ്തതോടെ ചാരക്കേസ് വീണ്ടും വാർത്തകളിൽ നിറഞ്ഞു. നമ്പി നാരായണൻ ചാരവൃത്തിക്ക് കൂട്ടുനിന്നു എന്ന് വീണ്ടും ആരോപിച്ച് ഐ.എസ്.ആർ.ഒയിലെ മുൻ ശാസ്ത്രജ്ഞമാരിൽ ചിലർ രംഗത്തുവരുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.