ഹൈകോടതിയിൽനിന്ന് അനുകൂല വിധി: സർവേ വ്യാപിപ്പിക്കാൻ കെ-റെയിൽ
text_fieldsതിരുവനന്തപുരം: സിൽവർ ലൈനിൽ ഹൈകോടതിയിൽനിന്ന് അനുകൂല വിധിയുണ്ടായ സാഹചര്യത്തിൽ സർവേ നടപടികൾ കൂടുതൽ സജീവമാക്കാൻ കെ-റെയിൽ തീരുമാനം. സാമൂഹിക ആഘാത പഠനം നടത്തുന്നതിന് മുന്നോടിയായി അതിരടയാളം സ്ഥാപിക്കലാണ് നിലവിൽ നടക്കുന്നത്. പ്രത്യക്ഷത്തിൽ സർവേ ആരംഭിച്ചത് കണ്ണൂർ ജില്ലയിലാണ്. കോടതിവിധിയുടെ പശ്ചാത്തലത്തിൽ കൂടുതൽ ജില്ലകളിൽ സർവേകളിലേക്ക് നീങ്ങാനാണ് തീരുമാനം. അടുത്തദിവസങ്ങളിൽ കൊല്ലം ജില്ലയിൽ സർവേ ആരംഭിക്കുമെന്നും വിവരമുണ്ട്.
ഭൂമി ഏറ്റെടുക്കല്‍ വിഭാഗം സ്പെഷല്‍ തഹസില്‍ദാര്‍മാരുടെ ഓഫിസുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അതിരടയാള കല്ലിടല്‍ പ്രവൃത്തി നടക്കുന്നത്. സിൽവർ ലൈൻ കടന്നുപോകുന്ന 11 ജില്ലകളിലും ഇതുസംബന്ധിച്ച വിജ്ഞാപനം നേരത്തേ പുറപ്പെടുവിച്ചിരുന്നു.
സർവേ ഘട്ടത്തില്‍ ആരുടെയും ഭൂമിയോ സ്വത്തോ കൈവശപ്പെടുത്തുന്നില്ലെന്നും സാമൂഹിക ആഘാത പഠനം നടത്താൻ പദ്ധതിയുടെ അലൈന്മെന്റിന്റെ അതിര് അടയാളപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് കെ-റെയിലിന്റെ വാദം. പൊതുആവശ്യത്തിനായി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പദ്ധതി ബാധിക്കുന്ന പ്രദേശങ്ങളില്‍ സാമൂഹിക ആഘാത പഠനം നടത്തേണ്ടതുണ്ട്. ഇക്കാര്യം തദ്ദേശസ്ഥാപനങ്ങളുമായി കൂടിയാലോചിക്കുമെന്നും റെയില്‍വേ ബോര്‍ഡിന്റെ അന്തിമാനുമതി കിട്ടിയശേഷം മാത്രമേ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൂവെന്നും അധികൃതർ പറയുന്നു.
നിലവിൽ കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ കല്ലിടൽ നടന്നത്. അതേസമയം സാമൂഹികാഘാത പഠനമെന്ന പേരിൽ നടക്കുന്ന സർവേ പ്രഹസനമാണെന്നും അനാവശ്യ വിവരശേഖരണമാണെന്നുമാണ് സമരസമിതിയുടെ നിലപാട്. സർവേയുമായി സഹകരിക്കേണ്ടെന്നാണ് ഇവരുടെ തീരുമാനം.
സര്‍ക്കാര്‍ വാദങ്ങള്‍ കോടതി അംഗീകരിച്ചു -മന്ത്രി രാജീവ്
സര്‍വേ തുടരാന്‍ അനുമതി നല്കിയ ഡിവിഷന്‍ബെഞ്ച് ഉത്തരവ് സ്വാഗതാര്‍ഹമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. പദ്ധതിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വാദങ്ങള്‍ കോടതി അംഗീകരിച്ചതിന്റെ തെളിവാണ് വിധിയിലൂടെ പുറത്തുവരുന്നത്. പദ്ധതിയുമായി മുന്നോട്ടുപോകാന്‍ വിധി സര്‍ക്കാറിന് ഊർജം പകരും. പദ്ധതിയെ അന്ധമായി എതിര്‍ക്കുന്ന പ്രതിപക്ഷത്തിന് മാറി ചിന്തിക്കാനുള്ള അവസരമാണിത്.
വികസന പ്രവൃത്തികള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നാണ് സര്‍ക്കാറിന്റെ താല്പര്യം. ആശയക്കുഴപ്പം ഒഴിവായ സാഹചര്യത്തില്‍ സർവേ നടപടികളോട് എല്ലാവരും സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വിധി ജനങ്ങളുടെ ചെറുത്തുനിൽപിനെ ബാധിക്കില്ല -ജനകീയ പ്രതിരോധ സമിതി
കെ-റെയിൽപോലെ പരിസ്ഥിതി വിനാശ പദ്ധതികളിൽനിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ചെറുത്തുനിൽപ് സമരങ്ങളെ ഹൈകോടതിവിധി ബാധിക്കില്ലെന്നും കല്ലിടൽ തടയൽ സമരങ്ങളിൽ അല്പം പോലും ജാഗ്രതക്കുറവ് ഉണ്ടാകില്ലെന്നും സംസ്ഥാന ജനകീയ പ്രതിരോധ സമിതി. കേരളത്തിന്റെ പ്രബുദ്ധ മനസ്സ് തള്ളിക്കളഞ്ഞ ഒരു പദ്ധതിയെ കോടതിവിധിയിലൂടെ ഒളിച്ചുകടത്താമെന്ന ഭരണാധികാരികളുടെ കുതന്ത്രം വിലപ്പോവില്ല. കെ -റെയിൽ വിരുദ്ധ മഹാസംഗമം മാർച്ച് ഏഴിന് കോട്ടയത്ത് സംഘടിപ്പിക്കാനും സമിതി കൗൺസിൽ യോഗം തീരുമാനിച്ചു. എറണാകുളം അധ്യാപകഭവനിൽ നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് പ്രഫ. കെ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.
'ജനകീയ പ്രതിരോധം ശക്തമാക്കും'
ഹൈകോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചത് അന്തിമവിധിയോ പദ്ധതി പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനുള്ള അനുമതിയോ അല്ലെന്ന് കെ -റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി. ജനാധിപത്യവിരുദ്ധമായി ഒരു വിനാശ പദ്ധതി അടിച്ചേൽപിക്കാനുള്ള സർക്കാർ ശ്രമത്തെ ശക്തമായി പ്രതിരോധിക്കും. കെ -റെയിലിന്റെ നിയമവിരുദ്ധ പ്രവർത്തനത്തിന് പൊലീസ് സംരക്ഷണമൊരുക്കുന്ന സർക്കാർ നടപടി ജനവിരുദ്ധമാണെന്ന് ചെയർമാൻ എം.പി. ബാബുരാജ്, ജനറൽ കൺവീനർ എസ്. രാജീവൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.