Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.പി. ദിവ്യയുടെ...

പി.പി. ദിവ്യയുടെ അധികപ്രസംഗം കൈറോസിന്‍റെ ഉത്തമ ഉദാഹരണം -ഫേസ്ബുക്ക് കുറിപ്പ്...

text_fields
bookmark_border
പി.പി. ദിവ്യയുടെ അധികപ്രസംഗം കൈറോസിന്‍റെ ഉത്തമ ഉദാഹരണം -ഫേസ്ബുക്ക് കുറിപ്പ്...
cancel

കോഴിക്കോട്: എ.ഡി.എം നവീൻ ബാബുവിന്‍റെ മരണത്തിൽ ഒളിവിൽ കഴിയുന്ന കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി. ദിവ്യയെക്കുറിച്ച് ശ്രദ്ധേയമായ കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ച് ഗായത്രി ദേവി. നമ്മുടെ വാക്കുകൾ എവിടെ ആരുടെ മുൻപിൽ എപ്പോൾ എങ്ങനെ ഏറ്റവും സ്വാധീനമുള്ളവയായി അവതരിപ്പിക്കാൻ കഴിയും എന്നുള്ളതിനെ സംബന്ധിച്ചുള്ള പാഠ്യവിഷയമാണ് കൈറോസ്. പി.പി. ദിവ്യയുടെ അധികപ്രസംഗം കൈറോസിന്റെ ഒരുത്തമ ഉദാഹരണമാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

സഹപ്രവർത്തകരുടെ ശകാരവും അവഗണനയും പരിഹാസവും ജോലിയിലെ മാനസിക സമ്മർദ്ദവും കാരണം ജീവനൊടുക്കിയ പരവൂർ കോടതിയിലെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ പോലെ തന്നെ ഇതും ജോലിസ്ഥലത്തെ ബുള്ളിയിങ്ങിൽ തുടങ്ങിയവസാനിച്ച ആത്മഹത്യയാണെന്നാണ് തന്‍റെ വിശ്വാസമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

ഗായത്രി ദേവിയുടെ ഫേസ്ബുക്ക് കുറിപ്പ്:

കേരളത്തിൽ ഇപ്പോൾ മറ്റെല്ലാവരെയും പോലെ തന്നെ ഞാനും പി. പി. ദിവ്യ എന്ന പഞ്ചായത്ത് പ്രസിഡണ്ട് സഖാവ്, ആത്മഹത്യ ചെയ്ത നവീൻ ബാബു എന്ന അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ (ADM) യാത്രയയപ്പിന്റെ ഇടയിൽ ക്ഷണിക്കാതെ ചെന്ന് കയറി നടത്തിയ പ്രസംഗം യൂട്യൂബിൽ നിന്നും കണ്ടുപിടിച്ചു മുഴുവനും കേൾക്കുകയും കാണുകയും ചെയ്തു. വിഡിയോ ഇവിടെ താഴെ ലിങ്ക് ചെയ്തിട്ടുണ്ട്. കണ്ടിട്ടില്ലാത്തവർ കുറച്ചു സമയം മാറ്റി വെച്ചു വിഡിയോ കാണണം. കാരണമെന്താണെന്ന് വെച്ചാൽ, പൊതുജനം കഴുതകളാണെങ്കിലും, ഈ പ്രസംഗം കണ്ടു കഴിഞ്ഞാൽ അവിടെ നടന്നതെന്താണെന്ന് കഴുതകളായ നമുക്കെല്ലാം വ്യക്തമായി മനസ്സിലാകും. എഴുത്തും വായനയും പഠിപ്പിക്കുന്ന ഒരാളെന്ന നിലയ്ക്ക് എനിക്ക് ഈ വിഡിയോ കണ്ടപ്പോൾ തോന്നിയ ചില കാര്യങ്ങൾ ഇവിടെ കുറിയ്ക്കുന്നു. പ്രധാനമായിട്ടും മരിച്ച നവീൻ ബാബുവിന്റെ കുടുംബത്തിന് വേണ്ടിയാണ് ഞാനിതെഴുതുന്നത്.

നമ്മൾ classical rhetoric പഠിപ്പിക്കുമ്പോൾ ആദ്യം കുട്ടികളെ പഠിപ്പിക്കുന്ന ആശയങ്ങളിൽ ഒന്നാണ് "kairos" (കൈറോസ്) എന്ന വിഷയം. അതായത് നമ്മുടെ വാക്കുകൾ എവിടെ ആരുടെ മുൻപിൽ എപ്പോൾ എങ്ങനെ ഏറ്റവും സ്വാധീനമുള്ളവയായി അവതരിപ്പിക്കാൻ കഴിയും എന്നുള്ളതിനെ സംബന്ധിച്ചുള്ള പാഠ്യവിഷയമാണ് കൈറോസ്. പി. പി. ദിവ്യയുടെ അധികപ്രസംഗം കൈറോസിന്റെ ഒരുത്തമ ഉദാഹരണമാണ്. വെറുതെ പെട്ടെന്നൊരു discourse analysis ചെയ്‌താൽ പോലും ഇവർ ആരെ കേൾപ്പിക്കാനാണ് ക്ഷണിക്കാത്ത വേദിയിൽ വന്ന് പ്രസംഗിച്ചത് എന്ന് എളുപ്പം തിരിച്ചറിയാൻ കഴിയും.

കണ്ണൂർക്കാർ കേൾക്കാൻ, പാർട്ടിക്കാർ കേൾക്കാൻ, സഹപ്രവർത്തകർ കേൾക്കാൻ, സഖാക്കൾ കേൾക്കാൻ അങ്ങ് തിരുവനന്തപുരത്ത് സെക്രെട്ടെറിയറ്റ് വരെ കേൾക്കാൻ വേണ്ടിയാണ് പി. പി. ദിവ്യ ഒരൊറ്റ തെളിവ് പോലും കൊടുക്കാതെ "നവീൻ ബാബു സത്യസന്ധനല്ല" എന്ന് സ്ഥാപിക്കാൻ വേണ്ടി അദ്ദേഹത്തിന്റെ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ വന്ന് പ്രസംഗിച്ചത്. നവീൻ ബാബുവിനെ സർവീസിൽ നിന്നും ഒറ്റപ്പെടുത്താൻ വേണ്ടിയാണ് പി. പി. ദിവ്യ വിളിക്കാത്തിടത്തു വന്ന് പ്രസംഗിച്ചത്. ഈ വീഡിയോ ഇത് നിസ്സംശയം തെളിയിക്കുന്നു.

ഈ യാത്രയയപ്പ് യോഗം നടക്കുന്നത് കളക്ട്രേറ്റിൽ വെച്ചാണ് എന്നാണ് നമ്മൾ ഈ വിഡിയോയിൽ നിന്നും മനസ്സിലാക്കുന്നത്. വേദിയിൽ അങ്ങേയറ്റത്ത് സ്ഥലം മാറ്റം വാങ്ങി പോകുന്ന ADM നവീൻ ബാബു, പിന്നെ കണ്ണൂരിലെ കളക്ടർ അരുൺ കെ വിജയൻ IAS, പിന്നെ ഇദ്ദേഹത്തിന്റെ തൊട്ടപ്പുറത്ത് പി. പി. ദിവ്യ. വേറെയും ആൾക്കാരുണ്ട് വേദിയിൽ; പക്ഷെ ഈ വിഡിയോയിൽ പ്രധാനമായിട്ടും ഇവരെ മൂന്നു പേരെയാണ് ഫ്രെയിം ചെയ്തിരിക്കുന്നത്. ഇവരുടെ പ്രസംഗത്തിന്റെ ഒറിജിനൽ വിഡിയോ പി. പി. ദിവ്യ വിളിച്ചു കൂടെക്കൊണ്ടു വന്ന ഏതോ ചാനലാണ് എടുത്തത് എന്നാണ് അറിയാൻ കഴിയുന്നത്. അതായത്, ഫലത്തിൽ ദിവ്യയാണ് താരം. ഇവരുടെ അധികപ്രസംഗം അടുത്ത ആയിരം വർഷത്തേക്ക് അഭ്രപാളികളിൽ സൂക്ഷിക്കാനാണ് ഈ വിഡിയോ എടുത്തിരിക്കുന്നത്.

നാക്കിൽ ഗുളികൻ നിൽക്കുമ്പോഴാണ് പി. പി. ദിവ്യ തന്റെ അധികപ്രസംഗം ആരംഭിക്കുന്നത്. നവീൻ ബാബു അത്ര നല്ലവനൊന്നുമല്ല എന്ന് പറയുന്നതിന് തൊട്ടു മുന്നേ ഇവരൊരു ചെറിയ ഉപകഥയോടു കൂടിയാണ് തന്റെ അധികപ്രസംഗം തുടങ്ങുന്നത്.

സഖാവിന്റെ കഥ ഇങ്ങനെ: ഒരു തഹൽസീദാറിന്റെ അമ്മ മരിച്ചു എന്നറിഞ്ഞിട്ട് ഓഫിസിൽ നിന്നും സഹപ്രവർത്തകർ തഹൽസീദാറുടെ വീട്ടിലേക്ക് കാറ് വിളിച്ചു പോകുന്നു. കുറച്ചു ദൂരം പോയിക്കഴിയുമ്പോൾ കൂടെയുള്ളയൊരാൾ പെട്ടെന്ന് ബാക്കിയുള്ളവരെ അറിയിക്കുന്നു -- തഹൽസീദാറുടെ അമ്മയല്ല മരിച്ചത്. തഹൽസീദാർ ആണ് മരിച്ചത്. അപ്പോൾ കാറിൽ ബാക്കിയുള്ളവർ പറയുന്നു: "ഓ എന്നാ പിന്നെ വണ്ടി വിട്ടോ. തഹൽസീദാർ നമ്മളെ കാണൂല്ലല്ലോ" എന്നും പറഞ്ഞു അവർ തിരികെ പോകുന്നു.

ഒരു സർക്കാരുദ്യോഗസ്ഥന്റെ യാത്രയയപ്പ് യോഗത്തിൽ അയാളെപ്പോലെയുള്ള ഒരാളുടെ മരണം ഒരു തമാശപോലെ പറഞ്ഞും കൊണ്ടാണ് പി. പി. ദിവ്യ അവരുടെ അധികപ്രസംഗം തുടങ്ങുന്നത്. പക്ഷെ ഇവർ പറയുന്നുണ്ട് ഇവർ ഈ കഥ പറയുന്നത് ആത്മാർത്ഥതയില്ലാത്ത ലോകത്തിന്റെ ഉദാഹരണമായിട്ടാണ് എന്ന്. അതെന്തുമായിക്കൊള്ളട്ടെ -- ഇവർ ഒരു മരണക്കഥയുമായി മരണദേവതയായിട്ടാണ് ആ വേദിയിൽ ഈ ചടങ്ങിൽ

ഇരിക്കുന്നത്. നവീൻ ബാബു കസേരയിൽ അനങ്ങിയിരിക്കുന്നു മരണക്കഥ കേട്ടുകൊണ്ട്. കളക്ടർ താടിയ്ക്ക് കയ്യും കൊടുത്ത് താഴോട്ട് നോക്കിയിരിക്കുന്നു. യാത്രയയപ്പ് യോഗത്തിൽ പറയാൻ പറ്റിയ കഥയാണല്ലോ ഇവർ പറഞ്ഞത്.

മരണക്കഥയ്ക്ക് ശേഷം ഇവർ ഇതിന് മുൻപുള്ള ADM -മ്മുമായി ഉള്ള ഇവരുടെ സൗഹൃദത്തിനെപ്പറ്റി പരാമർശിച്ചു കൊണ്ട് തന്റെ അധികപ്രസംഗം തുടരുന്നു. ഇപ്പോഴത്തെ ADM -മ്മുമായി അങ്ങനത്തെ ബന്ധമില്ല എന്നും പറയുന്നു. മുൻപത്തെ ADM -മ്മുമായി ഒരുപാട് ഫോൺ സംഭാഷണം ഉണ്ടായിരുന്നു. ഇപ്പോഴത്തെ ADM -ന്നോട് ഒറ്റ തവണയേ സംസാരിച്ചിട്ടുള്ളൂ എന്നും പറയുന്നുണ്ട്. അതായത് ഇവരോട് സദാ സംസാരിക്കുന്ന ADM-ന്നെ ആണിവർക്ക് താൽപ്പര്യം എന്നിവരുടെ വർത്തമാനത്തിൽ നിന്നും എളുപ്പം മനസ്സിലാകും. നവീൻ ബാബു ഇവരെ ഇവർക്ക് വേണ്ടത് പോലെ നോക്കിയും കണ്ടും പെരുമാറിയില്ല എന്ന് ഇവരുടെ പിണങ്ങിയ വാക്കുകളിൽ നിന്നും മനസ്സിലാകും.

പിന്നീട് ഇവർ മുഖ്യമന്ത്രിയുടെ "ഓരോ ഫയലും ഓരോ ജീവനാണ്" എന്നുള്ള സിദ്ധാന്തം ഉദ്ധരിച്ചുകൊണ്ട്, നവീൻ ബാബു പെട്രോൾ പമ്പിന് NOC സർട്ടിഫിക്കേറ്റ് കൊടുക്കാൻ വൈകിച്ചു എന്ന് പറഞ്ഞു കൊണ്ട്, ഇവരുടെ യഥാർത്ഥ ഉദ്ദേശത്തിലോട്ട് കടക്കുന്നു. ഇത് വരെ ഇവർ ഒരു സഹപ്രവർത്തകന്റെ യാത്രയയപ്പ് യോഗത്തിൽ വന്നിട്ട് ഒരൊറ്റ നല്ല വാക്കു പോലും പറഞ്ഞിട്ടില്ല എന്നോർക്കണം. പെട്രോൾ പമ്പിന്റെ ചരിത്രം വിശദീകരിക്കുന്നതോടെ ഇവർ എന്തിനാണ് ഈ യോഗത്തിൽ വന്നത് എന്ന് ഇവർ വ്യക്തമാക്കുന്നു. മാസങ്ങൾക്ക് ശേഷം വളരെ വൈകി ADM പമ്പ്കാരന് NOC സർട്ടിഫിക്കേറ്റ് കൊടുത്തുവെന്നും, അതെങ്ങനെ അയാൾക്ക് കിട്ടിയെന്ന് തനിക്കറിയാമെന്നും പറയുന്നു. അത് കൊടുത്തതിന് ADM - ന്നോട് പ്രത്യേക "നന്ദി" പറയാനും കൂടിയാണ് "ഞാനിത്ര കഷ്ടപ്പെട്ട് ഈ പരിപാടിയിൽ നിങ്ങളോടു കൂടി പങ്കെടുക്കുന്നത്" എന്ന് പറയുന്നു.

ഇത് വരെ ഒരു പുളിച്ച ചിരിയോടെ മരണക്കഥ പറഞ്ഞ ഇവരുടെ മുഖം പെട്ടെന്ന് കത്തി വേഷം പോലെ കലുഷമാകുന്നു. അവരുടെ ശബ്ദം നാടകീയമാം വിധം കഠിനമാകുന്നു. ഇവർ പെട്ടെന്ന് എല്ലാവരും "സത്യസന്ധതയോടെ" ജോലി ചെയ്യേണ്ടതിന്റെ ആവശ്യകതയെ പറ്റി അവിടിരിക്കുന്നവരെ പഠിപ്പിക്കുന്നു. എന്നിട്ട് "ഞാനൊരു ആവശ്യം അദ്ദേഹത്തോട് ഉന്നയിച്ചപ്പോൾ അദ്ദേഹം അത് നടത്തിക്കൊടുത്തു കുറച്ചു മാസം കഴിഞ്ഞാണെങ്കിലും എന്നതിന് നന്ദി പറയുകയാണ് ഞാൻ" എന്ന് പറഞ്ഞു കൊണ്ട് ഇവർ തന്റെ തന്റെ അധികപ്രസംഗം ഇങ്ങനെ ഉപസംഹരിക്കുന്നു: "ഇനി ADM പോകുന്ന സ്ഥലത്തു കുറച്ചും കൂടി നന്നായിട്ടു വേണം ജോലി ചെയ്യാൻ; കുറച്ചും കൂടെ മെച്ചപ്പെട്ട രീതിയിൽ ആളുകളെ സഹായിക്കണം; ഇത് സർക്കാർ സർവീസാണ് -- ഒരു നിമിഷം മതി നമ്മുടെ ജീവിതം മാറാൻ -- അതോർത്തു കൊണ്ട് വേണം പേന കയ്യിൽ പിടിക്കാൻ."

ഇത്രയും പറഞ്ഞു ഇവർ വേദിയിലെ കസേരയിൽ നിന്നും എഴുന്നേറ്റു കൊണ്ട് പറയുന്നു: "ഉപഹാരം സമർപ്പിക്കുന്ന ചടങ്ങിൽ ഞാനുണ്ടാവരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്; അതിന് കാരണമുണ്ട്; ആ കാരണം നിങ്ങളെല്ലാവരും രണ്ടു ദിവസം കൊണ്ടറിയും" എന്ന്. എന്നിട്ട് നാടകത്തിലെ Exit Left പോലെ ഇവർ വേദിയിൽ നിന്നും ഇറങ്ങി പോകുന്നു. ഇവർ കൊണ്ട് വന്ന ചാനൽ ആയത് കൊണ്ട് ക്യാമറ ഇവരെ പിന്തുടർന്ന് കൊണ്ട് ഇവരുടെ പുറകെ പോകുന്നു.

ഈ കൃത്രിമ നാടകം കണ്ടു കഴിയുമ്പോൾ ഒരുമാതിരി ബുദ്ധിയുള്ളവർക്ക് ആദ്യം തന്നെ തോന്നുന്നത് ഇവർ ആരുടെ മുന്നിലാണ് നവീൻ ബാബുവിനെതിരെ ഒരൊറ്റ തെളിവ് പോലും മുൻപിൽ കാണിക്കാതെ അദ്ദേഹം "സത്യസന്ധൻ അല്ലാ" എന്ന് വ്യംഗ്യ ഭാഷയിൽ പറഞ്ഞത് എന്നുള്ളതാണ്. കണ്ണൂരിൽ, പാർട്ടിക്കാരുടെ മുൻപിൽ, സർക്കാരുദ്യോഗസ്ഥരുടെ മുൻപിൽ വെച്ചാണ് ഇവർ നവീൻ ബാബു "അഴിമതിക്കാരൻ ആണ്" എന്ന് പറയാതെ പറഞ്ഞത്. കണ്ണൂരിൽ പാർട്ടിക്കാർ കേൾക്കാൻ, സഖാക്കൾ കേൾക്കാൻ, സർക്കാർ കേൾക്കാൻ, സഹപ്രവർത്തകർ കേൾക്കാൻ വേണ്ടിയാണ് ഇവർ തെളിവ് കൊടുക്കാതെ നവീൻ ബാബു സത്യസന്ധനല്ല എന്ന് വ്യംഗ്യമായി സ്ഥാപിച്ചെടുത്തത്.

നവീൻ ബാബുവിന് കൈക്കൂലി കൊടുത്തു എന്ന് അദ്ദേഹത്തിന്റെ ആത്മഹത്യക്ക് ശേഷം പറഞ്ഞ പ്രശാന്തൻ എന്നയാൾ, കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും ഒരു പോലെ കുറ്റകരമായ കേരളത്തിൽ, എന്ത് കൊണ്ട് അറസ്റ്റു ചെയ്യപ്പെട്ടില്ല? ഇയാൾ ചാനലുകളിൽ വന്ന് താൻ കൊടുത്ത കൈക്കൂലിയെ പറ്റി യാതൊരു ഉളുപ്പുമില്ലാതെ വിവരിക്കുന്നുണ്ടല്ലോ.

റിട്ടയർമെന്റിന് ആറു മാസം മുൻപ് ഇത്തരമൊരു ആരോപണം നമുക്കെതിരെ വന്നാൽ സ്വാഭാവികമായും പല ഭാവി പ്രശ്നങ്ങളും നമ്മൾ ചിന്തിച്ചു പോകും. കഴിഞ്ഞ മുപ്പത് വർഷത്തെ സർക്കാർ ജോലിയിൽ ഒരു പാർട്ടി സഖാവ്, ഒരു പഞ്ചായത്ത് പ്രസിഡണ്ട് , ഒരൊറ്റ തെളിവ് പോലും കാണിക്കാതെ കണ്ണൂരിൽ പാർട്ടിക്കാരുടെ മുന്നിൽ വെച്ച്, സഹപ്രവർത്തകരുടെ മുന്നിൽ വെച്ച്, ടെലിവിഷൻ ചാനലിന്റെ മുന്നിൽ വെച്ച് തന്റെ സർവീസിന്റെ മുഖത്ത് കരി വാരി തേയ്ക്കുമ്പോൾ, താൻ അഴിമതിക്കാരനാണെന്ന് വ്യംഗ്യ ഭാഷയിൽ പല തവണ പറയുമ്പോൾ, ഇവർ തന്നെ നശിപ്പിക്കാൻ ഇറങ്ങിയവർ ആണെന്ന് ചിന്തിക്കാൻ വഴിയുണ്ട്. ഇത്രയും നാൾ ജോലി ചെയ്തിട്ട് പെൻഷൻ കിട്ടാതെ വരുമോ എന്ന് വരെ ചിന്തിക്കാൻ ഇടയുണ്ട്. പി. പി. ദിവ്യയെ നാഴികയ്ക്ക് നാൽപ്പതു വട്ടം ഫോൺ ചെയ്ത് പ്രീതിപ്പെടുത്താതിന് പകരമായി ഇനിയുള്ള കാലം പെൻഷൻ കിട്ടാൻ ആരെയെല്ലാം വിളിക്കണം? എവിടെയെല്ലാം കേറിയിറങ്ങണം എന്നൊക്കെ ചിന്തിക്കാൻ വഴിയുണ്ട്. "സർക്കാർ സർവീസാണ്, ഒരു നിമിഷം കൊണ്ടെല്ലാം മാറുമെന്നാണല്ലോ" ഇവർ തന്റെ അധികപ്രസംഗത്തിൽ ഇളിച്ചു കൊണ്ട് ഭീഷണി മുഴക്കിയത്. ഇവർ വിചാരിച്ചാൽ ഇവർക്ക് വേണ്ടത് ഇവർ ചെയ്യും എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടു തന്നെയാണ് ഇവർ ആ വേദിയിൽ നിന്നും ഇറങ്ങി പോയത്.

അനീഷ്യയുടെ ആത്മഹത്യ പോലെ തന്നെ, ഇതും ജോലിസ്ഥലത്തെ bullying - ഇൽ തുടങ്ങിയവസാനിച്ച ആത്മഹത്യയാണെന്നാണ് എന്റെ പരിപൂർണ്ണമായ വിശ്വാസം. ADM നവീൻ ബാബുവിന്റെ കുടുംബത്തിനോട് ഞാൻ എന്റെ അനുശോചനം അറിയിക്കുന്നു. നിങ്ങൾ മുന്നോട്ട് പോവുക തന്നെ ചെയ്യണം. ഇവർ എത്ര നാൾ ഒളിക്കും? നിങ്ങളുടെ ഭർത്താവിന്റെ, അച്ഛന്റെ, മകന്റെ, സഹോദരന്റെ മരണത്തിനുത്തരവാദികളായവരെ നിങ്ങൾ നീതിക്ക് മുന്നിൽ കൊണ്ട് വരണം. പി. പി. ദിവ്യ ഒരു തഹൽസീദാറുടെ മരണക്കഥയാണ് നവീൻ ബാബുവിന്റെ യാത്രയയപ്പിൽ സദസ്സിൽ പറഞ്ഞത്. അത് നിങ്ങൾ ഒരിക്കലും മറക്കരുത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PP DivyaNaveen Babu Death
News Summary - fb note about PP Divya by Gayatri Devi
Next Story