Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.എഫ്.ഐ ഒരു സർക്കാർ...

എസ്.എഫ്.ഐ ഒരു സർക്കാർ സ്ഥാപനത്തെ തകർക്കുന്ന വിധം -കുസാറ്റിലെ അക്രമം വിശദീകരിച്ച് കുറിപ്പ്

text_fields
bookmark_border
എസ്.എഫ്.ഐ ഒരു സർക്കാർ സ്ഥാപനത്തെ തകർക്കുന്ന വിധം -കുസാറ്റിലെ അക്രമം വിശദീകരിച്ച് കുറിപ്പ്
cancel

കൊച്ചി: കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ എസ്.എഫ്.ഐ പ്രവർത്തകർ ഇന്ന് നടത്തിയ അക്രമത്തെക്കുറിച്ച് വിശദീകരിച്ച് ഫേസ്ബുക്ക് കുറിപ്പ്. കുസാറ്റ് ജീവനക്കാരനായ അനൂപ് രാജനാണ് സംവരണ മാനദണ്ഡങ്ങളെല്ലാം പാലിച്ച് അഡ്മിഷൻ നടത്തുന്ന സർക്കാർ സ്ഥാപനത്തെ എസ്.എഫ്.ഐ തകർക്കുന്ന വിധം ചിത്രങ്ങളടക്കം പങ്കുവെച്ച് വിശദീകരിച്ചിരിക്കുന്നത്.

കോളജിൽ മുമ്പ് നടന്ന വിദ്യാർത്ഥി സംഘട്ടനത്തെക്കുറിച്ച് ഇന്ന് അന്വേഷണം നടക്കവെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ അക്രമിസംഘം ഓഫിസിലേക്ക് തള്ളിക്കയറുകയായിരുന്നെന്ന് അനൂപ് പറയുന്നു. ഓഫിസ് മുറിയിലുണ്ടായിരുന്ന വിദ്യാർത്ഥികളെ അതിക്രൂരമായി മർദിച്ചു. കുട്ടികളെ ഓഫിസ് ജീവനക്കാർ വാതിൽ ചവിട്ടിത്തുറന്നാണ് രക്ഷപെടുത്തിയത്. ഒരാളുടെ തലപൊട്ടി ചോരയൊലിക്കുന്നുണ്ടായിരുന്നു. മറ്റുള്ളവർക്കും നല്ല പരിക്കേറ്റുവെന്നും കുറിപ്പിലുണ്ട്.

‘കേട്ടാലറക്കുന്ന അസഭ്യവർഷമാണ് ക്രിമിനൽ സംഘം വനിതകളടക്കം ജീവനക്കാരുടെ നേരെ നടത്തിയത്. അക്രമം തടയാൻ ശ്രമിച്ച ഗിരീഷ് സാറിനു നേരെ കൈയേറ്റശ്രമം ഉണ്ടായി. ഓഫിസ് അറ്റൻഡന്‍റ് സിജിമോളുടെ കൈ അക്രമികൾ പിടിച്ചു തിരിച്ചു. മറ്റൊരു ജീവനക്കാരനായ ഗോപാലകൃഷ്ണന് ചവിട്ടേറ്റു. ഗ്രിൽ അടക്കാൻ ശ്രമിച്ച അറ്റൻഡന്‍റ് രതീഷിനെ ഭീഷണിപ്പെടുത്തി കായികമായി പിന്തിരിപ്പിച്ചു.’

‘പൊലീസ് കൈയുംകെട്ടി നോക്കി നിൽക്കുക എന്നൊക്കെ കേൾക്കുക മാത്രം ചെയ്തിരുന്നവർക്ക് അത് നേരിൽ കാണാനായി. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലാക്കാൻ പൊലീസ് തയറായില്ല. അക്രമത്തിനുപയോഗിച്ച സാമഗ്രികളടക്കം ചൂണ്ടിക്കാട്ടിയിട്ടും തൊണ്ടിമുതലുകൾ കസ്റ്റഡിയിലെടുക്കാനോ സീൻ മഹസർ തയ്യാറാക്കാനോ പൊലീസ് ഒരു താൽപ്പര്യവും കാണിച്ചില്ല. അക്രമം നടന്ന മുറികൾ പൂട്ടിയിടാൻ നിർദേശിച്ച് ചോറുണ്ടില്ലെന്നും പിന്നെ വരാമെന്നും പറഞ്ഞ് നിയമപാലകർ സ്ഥലംവിട്ടു’ -അനൂപ് എഴുതുന്നു.

കോളജ് കാമ്പസിലെ സി.സി.ടി.വികൾ അക്രമം നടന്ന ഇന്ന് പ്രവർത്തിച്ചിരുന്നില്ല സി.സി.ടി.വിയിൽ കിട്ടുമല്ലോ എന്ന വിശ്വാസത്തിലാണ് ജീവനക്കാർ അക്രമം മൊബൈൽ ഫോണിൽ ചിത്രീകരിക്കാതിരുന്നത്. അഡ്മിഷൻ സമയമാകുമ്പോൾ സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ വലിയ സംഘർഷം സൃഷ്ടിക്കുന്ന പതിവ് എസ്.എഫ്.ഐ തുടങ്ങിയിട്ട് കുറെ വർഷങ്ങളായി. അഡ്മിഷൻ അട്ടിമറിക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെയാണിത്. പല എസ്.എഫ്.ഐ നേതാക്കളും മുൻ നേതാക്കളും സ്വാശ്രയ എൻജിനീയറിങ് കോളജ് മാനേജ്മെൻറുകളുടെ ഏജന്‍റുമാരും ഭാരവാഹികളുമൊക്കെയാണ്.’

സ്വകാര്യ കോളജുകളുടെ അച്ചാരം വാങ്ങിയിട്ടല്ലെങ്കിൽ പിന്നെ മറ്റെന്ത് കാരണമാണ് ആകെ നാറി നാണംകെട്ട് നിൽക്കുന്ന അവസ്ഥയിലും ഈ തോന്നിവാസം കാണിക്കാൻ എസ്.എഫ്.ഐയെ പ്രേരിപ്പിച്ചതെന്ന് അനൂപ് ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം:

എസ്.എഫ്.ഐ ഒരു സർക്കാർ സ്ഥാപനത്തെ തകർക്കുന്ന വിധം

ഞാൻ ജോലി ചെയ്യുന്ന കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ഓഫിസിൽ എസ്.എഫ്.ഐ. ഉന്നത സംഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു നടത്തിയ പ്രവർത്തനത്തിൻ്റെ അൽപസ്വൽപം ഭാഗങ്ങളാണ് ചിത്രങ്ങളിൽ കാണുന്നത്. ഉയർത്തിപ്പിടിച്ചത് ആണി തറച്ച കമ്പുകൾ, ഇരുമ്പ് പൈപ്പുകൾ, ഇരുമ്പുവടികൾ തുടങ്ങിയവയായിരുന്നെന്ന് മാത്രം. ദോഷം പറയരുതല്ലോ ഉയർന്നുകേട്ട മുദ്രാവാക്യങ്ങളത്രയും നല്ല ഐശ്വര്യമുള്ള തെറികളായിരുന്നു. അല്ലെങ്കിലും കെ.എസ്.യുക്കാരെയും മറ്റുള്ളവരെയും ചോരച്ചാലുകൾ നീന്തിപ്പിക്കുമ്പോൾ വിപ്ലവ മുദ്രാവാക്യങ്ങൾ എന്തിന്.

ചുരുക്കിപ്പറയാം.

ഇന്ന് കോളജിൽ മുമ്പ് നടന്ന ഒരു വിദ്യാർത്ഥി സംഘട്ടനത്തെക്കുറിച്ച എൻക്വയറി നടക്കുകയായിരുന്നു. ആദരണീയനായ ഗിരീഷ് കുമാരൻതമ്പി സാറിൻ്റെ നേതൃത്വത്തിലെ കമ്മിറ്റി ഓരോ വിദ്യാർത്ഥികളയും കേൾക്കുന്നതിനിടെ കാറുകളിലെത്തിയ എസ്.എഫ്.ഐ അക്രമിസംഘം, ഡി.വൈ.എഫ്.ഐക്കാരും ഉണ്ടായിരുന്നു, ഓഫിസിലേക്ക് തള്ളിക്കയറി. അക്രമികളെക്കണ്ട ഇടനാഴിയിൽനിന്ന വിദ്യാർത്ഥികൾ ഒരു ഓഫിസ് മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു. അക്രമികൾ തൊട്ടടുത്ത സ്റ്റാഫ് റൂം വഴി കയറി ഒരു മുറികളുടെയും മധ്യത്തിലുള്ള മറ ചാടിക്കടന്ന് ഓഫിസ് മുറിയിലുണ്ടായിരുന്ന വിദ്യാർത്ഥികളെ അതിക്രൂരമായി മർദിച്ചു. മുറിക്കുള്ളിൽ കുടുങ്ങിയ കുട്ടികളെ ഓഫിസ് ജീവനക്കാർ വാതിൽ ചവിട്ടിത്തുറന്നാണ് രക്ഷപെടുത്തിയത്. ഒരാളുടെ തലപൊട്ടി ചോരയൊലിക്കുന്നുണ്ടായിരുന്നു. മറ്റുള്ളവർക്കും നല്ല പരിക്കേറ്റിരുന്നു.

രക്ഷതേടി ഞാൻ ജോലി ചെയ്യുന്ന "സി' സെഷൻ മുറിയിലേക്ക് ഓടിക്കയറിയ വിദ്യാർത്ഥിയെയും അക്രമികൾ അതിനകത്തിട്ട് മർദിച്ചു നിറയെ വെള്ളമുള്ള സ്റ്റീൽ കുപ്പികൊണ്ട് തലക്കടിക്കുകയാണ് ചെയ്തത്. ഒരാളുടെ തലക്കടിച്ചാൽ ഇത്ര ശബ്ദമുണ്ടാകുമെന്ന് പലർക്കും അപ്പോഴാണ് മനസ്സിലായത്. കേട്ടാലറക്കുന്ന, അക്ഷരാർത്ഥത്തിൽ, അസഭ്യവർഷമാണ് ആ ക്രിമിനൽ സംഘം വനിതകളടക്കം ജീവനക്കാരുടെ നേരെ നടത്തിയത്.

അക്രമം തടയാൻ ശ്രമിച്ച ഗിരീഷ് സാറിനു നേരെ കൈയേറ്റശ്രമം ഉണ്ടായി. ഓഫിസ് അറ്റൻഡൻ്റ് സിജിമോളുടെ കൈ അക്രമികൾ പിടിച്ചു തിരിച്ചു. മറ്റൊരു ജീവനക്കാരനായ ഗോപാലകൃഷ്ണന് ചവിട്ടേറ്റു. ഗ്രിൽ അടക്കാൻ ശ്രമിച്ച അറ്റൻഡൻ്റ് രതീഷിനെ ഭീഷണിപ്പെടുത്തി കായികമായി പിന്തിരിപ്പിച്ചു.

ചില നിഷ്കളങ്ക സത്യങ്ങൾ

1. വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തി. പൊലീസ് കൈയുംകെട്ടി നോക്കി നിൽക്കുക എന്നൊക്കെ കേൾക്കുക മാത്രം ചെയ്തിരുന്നവർക്ക് അത് നേരിൽ കാണാനായി. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലാക്കാൻ പൊലീസ് തയറായില്ല. ഓഫിസ് വണ്ടിയിലാണ് കുട്ടികളെ കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചത്. വഴിയിൽവെച്ച് വണ്ടി ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ പൊലീസ് സുരക്ഷ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നൽകിയില്ല.

അക്രമത്തിനുപയോഗിച്ച സാമഗ്രികളടക്കം ചൂണ്ടിക്കാട്ടിയിട്ടും തൊണ്ടിമുതലുകൾ കസ്റ്റഡിയിലെടുക്കാനോ സീൻ മഹസർ തയ്യാറാക്കാനോ പൊലീസ് ഒരു താൽപ്പര്യവും കാണിച്ചില്ല. അക്രമം നടന്ന മുറികൾ പൂട്ടിയിടാൻ നിർദേശിച്ച് ചോറുണ്ടില്ലെന്നും പിന്നെ വരാമെന്നും പറഞ്ഞ് നിയമപാലകർ സ്ഥലംവിട്ടു.

2. ലൈവ് ടെലികാസ്റ്റ് മാത്രമുള്ള സി.സിടിവി

കോളജ് കാമ്പസിലെ സി.സി ടിവികൾ ഇന്ന് പ്രവർത്തിച്ചിരുന്നില്ലെന്നും ഓഫിസിലെ സി.സി ടി.വിയിൽ ലൈവ് ടെലികാസ്റ്റ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും റെക്കോഡിംഗ് സംവിധാനം തകരാറിൽ ആയിരുന്നുവെന്നും പറയുന്നു.

ഇത് ആസൂത്രിത ഗൂഢാലോചനയാണെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. സി. സി. ടി.വി സംവിധാനം പ്രവർത്തിക്കുന്നില്ലെന്ന് അക്രമികൾക്ക് കൃത്യമായ വിവരം കിട്ടിയിരിക്കാൻ സാധ്യതയുണ്ടെന്നും അവർ പറയുന്നു. അല്ലെങ്കിൽ കോളജ് യൂണിഫോമിലടക്കം വന്ന് അക്രമം നടത്താൻ ധൈര്യം കിട്ടില്ലല്ലോ. അക്രമിസംഘത്തിൽ ഒരാൾ മാത്രമേ ഹെൽമെറ്റ് വെച്ച് മുഖം മറച്ചിരുന്നുള്ളു.
സി.സി.ടി.വിയിൽ കിട്ടുമല്ലോ എന്ന വിശ്വാസത്തിലാണ് ജീവനക്കാർ അക്രമം മൊബൈൽ ഫോണിൽ ചിത്രീകരിക്കാതിരുന്നതും.

ആവർത്തിക്കുന്ന വലിയ ഗൂഢാലോചന

അഡ്മിഷൻ സമയമാകുമ്പോൾ സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ വലിയ സംഘർഷം സൃഷ്ടിക്കുന്ന പതിവ് എസ്.എഫ്.ഐ തുടങ്ങിയിട്ട് കുറെ വർഷങ്ങളായി. അഡ്മിഷൻ അട്ടിമറിക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെയാണിത്. വലിയ തല്ലും പിടിയും നടക്കുന്ന സ്ഥാപനം സമർത്ഥരായ വിദ്യാർത്ഥികൾ ഒഴിവാക്കിപ്പോകുമല്ലോ.

പല എസ്.എഫ്.ഐ നേതാക്കളും മുൻ നേതാക്കളും സ്വാശ്രയ എഞ്ചിനീയറിംഗ് കോളജ് മാനേജ്മെൻറുകളുടെ ഏജൻ്റുമാരും ഭാരവാഹികളുമൊക്കെയാണ്.

കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൻ്റെ ഏഴ് ബ്രാഞ്ചുകൾക്കും എൻ.ബി.എ അക്രഡിറ്റേഷൻ ഉള്ളതാണ്. വളരെ മികച്ച പ്ലേസ്മെൻ്റാണ് വിദ്യാർത്ഥികൾക്ക് കിട്ടുന്നതും. പ്രഗൽഭരായ അധ്യാപകർ. അന്യഥാ ശാന്തമായ പഠനാന്തരീക്ഷം. ഏറ്റവും മികച്ച ലാബുകൾ. വിദേശത്ത് കുസാറ്റ് സർട്ടിഫിക്കറ്റിൻ്റെ മൂല്യം.സിലബസിൻ്റെ ഉന്നതനിലവാരം. വിദ്യാർത്ഥികളെ ഇവിടേക്ക് ആകർഷിക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്. ഇക്കുറി ആവശ്യക്കാർ ഏറെയുമാണ്.

സ്വകാര്യ കോളജുകളുടെ അച്ചാരം വാങ്ങിയിട്ടല്ലെങ്കിൽ പിന്നെ മറ്റെന്ത് കാരണമാണ് ആകെ നാറി നാണംകെട്ട് നിൽക്കുന്ന അവസ്ഥയിലും ഈ തോന്നിവാസം കാണിക്കാൻ എസ്.എഫ്.ഐയെ പ്രേരിപ്പിച്ചത്.

ഇപ്പോൾ ചാനലിലെല്ലാം വാർത്തയായി. നാളെ പത്രങ്ങളിൽ വരും മാത്രമല്ല കൃത്യമായി നടന്നു കൊണ്ടിരുന്ന ക്ലാസുകളും മുടങ്ങി.
കൊള്ളാം, കേട്ടോ സഖാക്കളെ, കൊള്ളാം.
നന്നായിട്ടുണ്ട്.
ഒരു സർക്കാർ സ്ഥാപനത്തെ, അതും സംവരണ മാനദണ്ഡങ്ങളെല്ലാം പാലിച്ച്, അഡ്മിഷൻ നടത്തുന്ന സ്ഥാപനത്തെ ഇങ്ങനെതന്നെ തർക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SFICUSAT
News Summary - fb note about SFI attack in CUSAT
Next Story