'എന്തിനാണ് വാപ്പ നിങ്ങള്‍ എന്നെ ഇവിടെ കൊണ്ടുവന്നത്, നിങ്ങളുടെ മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോകാനോ?'
text_fieldsനാല് പതിറ്റാണ്ട് മുമ്പ് പ്രവാസം തുടങ്ങിയതാണ് പിക്കപ്പ് ഡ്രൈവറായിരുന്ന ഹമീദ്. വിദ്യാഭ്യാസം പൂർത്തിയാക്കിയ മകനെ ഗൾഫിൽ കൊണ്ടുവന്ന് ജോലി തരപ്പെടുത്തിയിട്ട് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങണമെന്നായിരുന്നു ഹമീദിന്‍റെ ആഗ്രഹം. അങ്ങനെ വിസിറ്റ് വിസയിൽ മകനെ യു.എ.ഇയിൽ കൊണ്ടുവന്ന് ജോലി അന്വേഷിക്കുന്ന തിരക്കിലിടെയാണ് ഒരു അപകടത്തിൽ അദ്ദേഹം മരിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കവേ, ആ മകൻ വിങ്ങിപ്പൊട്ടി ചോദിച്ചത് ഇതായിരുന്നു-'എന്തിനാണ് വാപ്പ നിങ്ങള്‍ എന്നെ ഇവിടെ കൊണ്ടുവന്നത്, നിങ്ങളുടെ മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോകാനോ?'. അവിടെ കൂടി നിന്നവരെ കണ്ണീരിലാഴ്ത്തിയ ഈ സംഭവം യു.എ.ഇയിലെ പ്രമുഖ സാമൂഹിക സേവന പ്രവർത്തകനായ അഷ്റഫ് താമരശ്ശേരിയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.
അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം-
ഇന്നലെ സോനാപൂരിലെ എംബാമിങ് സെന്‍ററിലെ ഒരു വശത്തേക്കിരുന്ന് വിങ്ങിപൊട്ടി കരയുന്ന ഒരു മകന്‍റെ മുഖം എത്ര ശ്രമിച്ചിട്ടും മനസ്സില്‍ നിന്നും മായുന്നില്ല. 'എന്തിനാണ് വാപ്പ നിങ്ങള്‍ എന്നെ ഇവിടെ കൊണ്ട് വന്നത്, നിങ്ങളുടെ മയ്യത്ത് നാട്ടിലേക്ക് കൊണ്ടു പോകാനാണോ?' എന്ന ആ മകന്‍റെ വാക്കുകള്‍ ചങ്കില്‍ വന്ന് തറക്കുന്നത് പോലെ... ഹമീദ് പ്രവാസം തുടങ്ങിയിട്ട് നാല് പതിറ്റാണ്ടുകളായി. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ട് മകനെ ഇവിടെ കൊണ്ടുവന്ന് ഒരു ജോലി തരപ്പെടുത്തിയിട്ട് വേണം നാട്ടിലേക്ക് പോകുവാന്‍. ഇതായിരുന്നു അയാളുടെ ആഗ്രഹം. ഇനി നാട്ടിലേക്ക് പോയി വിശ്രമിച്ച് കൂടെ എന്ന് ചോദിക്കുന്നവരോടും ഹമീദിന്‍റെ മറുപടി ഇത് തന്നെയായിരുന്നു.
അങ്ങനെ വിസിറ്റ് വിസയില്‍ മകനെ അയാള്‍ ഇവിടെ കൊണ്ട് വന്നു. മകന്‍റെ ജോലി അന്വേഷിക്കുന്ന തിരക്കിലായിരുന്നു പിക്കപ്പ് ഡ്രൈവറായിരുന്ന ഹമീദ്. മകന് ജോലി ശരിയാക്കിയിട്ട് വേണം നാട്ടിലേക്ക് പോയി ഇത്രയും കാലത്തെ ജീവിതഭാരം ഇറക്കിവെക്കുവാനെന്ന് സുഹൃത്തും അയല്‍വാസിയുമായ താജുവിനോട് എപ്പോഴും ഹമീദ് പറയുമത്രെ. മകന്‍ സന്ദര്‍ശക വിസയില്‍ ഇവിടെ വന്നപ്പോള്‍ ആ പ്രതീക്ഷകള്‍ക്ക്, ആ സ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കുവാന്‍ തുടങ്ങി. അതിനിടയിലാണ് ദുരന്തം വഴിമുടക്കിയായി ഹമീദിന്‍റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ആക്സിഡന്റില്‍ പെട്ട് പിക്അപ്പ് ഓടിച്ചിരുന്ന ഹമീദ് മരണമടഞ്ഞു.
ജോലി അന്വേഷിച്ച് വന്ന മകന് സ്വന്തം പിതാവിന്‍റെ മയ്യത്തുമായി നാട്ടിലേക്ക് പോകേണ്ട അവസ്ഥ. സ്വന്തം ഉപ്പാന്‍റെ മയ്യത്തും നോക്കി വിങ്ങിപ്പൊട്ടി കരയുന്ന മകനെ എന്ത് പറഞ്ഞാണ് ഒന്ന് ആശ്വസിപ്പിക്കുവാന്‍ കഴിയുക. വല്ലാത്ത ഒരു അവസ്ഥ തന്നെയാണിത്. മനുഷ്യന്‍ ഒന്ന് ചിന്തിക്കുന്നു, പടച്ച റബ്ബ് മറ്റൊന്ന് ചിന്തിക്കുന്നു. അപകട മരണത്തില്‍ നിന്നും അല്ലാഹു നമ്മെ എല്ലാപേരെയും കാത്ത് രക്ഷിക്കട്ടെ, ആമീന്‍. അതുപോലെ റബ്ബില്‍ ആലമീനായ തമ്പുരാന്‍ പരേതന്‍റെ പാപങ്ങളെ പൊറുത്ത് കൊടുത്ത് കബറിടം വിശാലമാക്കി കൊടുക്കട്ടെ, ആമീന്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.