എഫ്.സി.ഐ ഗോഡൗണുകൾ വാടകക്ക്; തുച്ഛമായ തുകക്ക് കൈമാറാൻ നീക്കം
text_fieldsഅങ്കമാലി: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്.സി.ഐ) ഗോഡൗണുകൾ തുച്ഛമായ തുകക്ക് വാടകക്ക് കൈമാറാൻ നീക്കം. മെട്രോപ്പോളിറ്റൻ നഗരങ്ങളിൽ ചതുരശ്രയടി 20രൂപയും നഗരങ്ങളിൽ 10 രൂപയും ഗ്രാമീണ പ്രദേശങ്ങളിൽ എട്ടുരൂപയും വാടകനിരക്ക് നിശ്ചയിച്ച് ചെയർമാൻ ഉത്തരവിറക്കി.
സംസ്ഥാന, സെൻട്രൽ വെയർഹൗസിങ് കോർപറേഷനും സ്വകാര്യ കമ്പനികൾക്കും ഓപൺ ടെൻഡർ വഴി വാടകക്ക് നൽകാൻ ഓരോ സംസ്ഥാനങ്ങളുടെയും ചുമതലയുള്ള ജനറൽ മാനേജർമാരെ നിയോഗിച്ചു.
അതത് സംസ്ഥാനങ്ങളിലെ ഗോഡൗണുകൾ ആർക്ക് വാടകക്ക് കൊടുക്കണമെന്ന് പുതിയ ഉത്തരവുപ്രകാരം ജനറൽ മാനേജർമാർക്ക് തീരുമാനമെടുക്കാം. ചുരുങ്ങിയത് ആറുമാസം മുതൽ മൂന്നുവർഷം വരെ വാടക കിട്ടാവുന്ന നയമാണ് എഫ്.സി.ഐ ആവിഷ്ക്കരിച്ചിരിക്കുന്നത്.
എഫ്.സി.ഐക്ക് രാജ്യത്ത് 2239 ഡിപ്പോകളാണുള്ളത്. അതിൽ 557 എണ്ണം സ്വന്തം ഉടമസ്ഥതയിലും ബാക്കി ഭക്ഷ്യധാന്യങ്ങളുടെ സംഭരണം ഉറപ്പാക്കാൻ വാടകക്കെടുത്തതുമാണ്. ഈ സാഹചര്യത്തിലാണ് എഫ്.സി.ഐയുടെ സ്വന്തം ഗോഡൗണുകൾ വാടകക്ക് നൽകാനുള്ള ശ്രമം നടക്കുന്നത്.
2005ലെ മെക്കൻസി റിപ്പോർട്ടും 2015ലെ ഹൈലെവൽ കമ്മിറ്റി റിപ്പോർട്ടും പ്രകാരമാണ് ഗോഡൗണുകൾ വാടകക്ക് നൽകാൻ ശിപാർശ ചെയ്തതെന്നാണ് അധികൃതരുടെ ന്യായീകരണം. ഗോഡൗണുകൾ വാടകക്ക് നൽകിയാൽ അവിടെയുള്ള ജീവനക്കാരെയും തൊഴിലാളികളെയും കൂട്ടത്തോടെ സ്ഥലംമാറ്റാനും സഹായമാകും.
എഫ്.സി.ഐയുടെ ഗോഡൗണുകളെല്ലാം റെയിൽവേ-റോഡ് സൗകര്യമുള്ളതാണ്. അതിനാൽ വാടകക്കെടുക്കാൻ സ്വകാര്യ കമ്പനികൾ മുന്നോട്ടുവരും. കോവിഡ് മഹാമാരി സമയത്ത് തടസ്സമില്ലാതെ ഭക്ഷ്യധാന്യ വിതരണം സാധ്യമായത് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യക്ക് സ്വന്തമായ ഗോഡൗണുകൾ ഉള്ളതുകൊണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.