മുല്ലപ്പെരിയാറിൽ നിന്ന് വെള്ളമൊഴുക്കുന്നു; ഭീതിയിൽ പെരിയാറിന്‍റെ തീരം
text_fieldsമുല്ലപ്പെരിയാർ ഡാമിലെ ഷട്ടറുകൾ തുറന്നതിനു പിന്നാലെ പെരിയാറിലെ ജലനിരപ്പ് ഉയർന്നു. ജലനിരപ്പ് മൂന്നടിയോളമാണ് ഉയർന്നത്. വണ്ടിപ്പെരിയാർ മഞ്ചുമല ആറ്റോരം, വികാസ് നഗർ മേഖലകളിൽ വെള്ളം കയറി. ഡാമിൽ നിന്നുള്ള വെള്ളമൊഴുക്കൽഎ തമിഴ്നാട് നിയന്ത്രിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റോഡുകളിൽ വെള്ളക്കെട്ടുണ്ട്. ഇതേത്തുടർന്ന് മുല്ലപ്പെരിയാറിൽനിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചേക്കുമെന്നാണു സൂചന.
ഡാമിലെ ജലനിരപ്പ് ഉയരുന്നതിനെ തുടർന്നാണ് ഒൻപത് ഷട്ടറുകളും തുറന്നിരുന്നത്. രാവിലെ മൂന്ന് ഘട്ടമായി തുറന്ന ഒൻപത് ഷട്ടറുകളിലൂടെ 7141 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ആദ്യം അഞ്ചു ഷട്ടറുകൾ 60 സെന്‍റിമീറ്റര്‍ അധികമുയർത്തി, 3948 ഘനയടി വെള്ളവും രണ്ടു ഷട്ടറുകൾ കൂടി ഉയർത്തി 5554 ഘനയടി വെള്ളം പുറത്തേക്കു ഒഴുക്കിയിരുന്നു.
പെരിയാറിന്‍റെ തീരത്തുള്ളവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനടക്കമുള്ള നീക്കങ്ങളുണ്ട്.
രാത്രിയിൽ മുന്നറിയിപ്പില്ലാതെ ഡാം തുറന്ന് ആറ്റിലേക്ക് വെള്ളമൊഴുക്കുന്ന തമിഴ്നാടിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ കേരളം പ്രതീക്ഷിക്കുന്നുണ്ട്. മുന്നറിയിപ്പില്ലാതെ ജലമൊഴുക്കുന്നതിനെതിരെ സർക്കാറിൽ നിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്. വീടുകളിലടക്കം വെള്ളം കയറുന്ന ഭീതിയിൽ കഴിയുകയാണ് പെരിയാറിന്‍റെ തീരത്തുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.