നിരന്തര ആക്രമണത്തിൽ മനംമടുത്ത ബിന്ദു അമ്മിണി കേരളം വിട്ടു; ഇനി സുപ്രീം കോടതി അഭിഭാഷക
text_fieldsസുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ശബരിമലയില്‍ കയറിയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി കേരളം വിട്ടു. ഡൽഹിയിലെത്തിയ അവർ സുപ്രീം കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. പ്രശസ്ത അഭിഭാഷകൻ മനോജ് സെൽവന്റെ ഓഫിസിൽ ജോയിൻ ചെയ്തു പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡൽഹിയിലെത്തി എന്ത് ചെയ്യുമെന്ന് പോലും ഉറപ്പില്ലാതെയാണ് പ്രത്യേക സാഹചര്യത്തിൽ കേരളം വിട്ടുപോരാൻ തീരുമാനിച്ചതെന്നും എന്നാൽ, അതിനൊക്കെ മുകളിലാണ് കഴിഞ്ഞ കുറേ വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അവർ കുറിച്ചു.
കേരളത്തിൽ തന്നെ മാറ്റിനിർത്തുന്നതിൽ സർക്കാർ, സി.പി.എം, സി.പി.ഐ, ലിബറൽ സ്പേസിൽ നിൽക്കുന്ന ചിലർ, കോൺഗ്രസ് തുടങ്ങി എല്ലാവരും ഉണ്ട്. പക്ഷേ പുതുതലമുറയിൽ പെട്ടവരുടെ സ്നേഹം ഞാൻ അനുഭവിച്ചറിഞ്ഞതാണ്. പിന്തുണക്കുന്നവരുടെ സ്നേഹം തിരസ്കരിച്ചിട്ടല്ല ഞാൻ കേരളം വിട്ടത്. ആ സ്നേഹം കൂടെ കൂട്ടിയിട്ടാണ് പോന്നത്. ലോകത്തിന്റെ ഏത് കോണിൽ ആണെങ്കിലും ഇടപെടേണ്ട വിഷയങ്ങളിൽ ഇടപെടുകയും ചെയ്യും.
ഇപ്പോഴും കേരളത്തിൽ സി.പി.എമ്മിനെ പിന്തുണക്കുന്നയാളാണ് ഞാൻ. ഞാൻ പാർട്ടി മെമ്പർ അല്ല. എനിക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങൾ പറയാൻ അവകാശം ഉള്ള ഒരു ഇന്ത്യൻ പൗരയാണ്. എന്നെ ആക്രമിക്കുന്നവരുടെ ഒപ്പം മാർക്സിസ്റ്റ് സൈബർ പോരാളികളും ഉണ്ടെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
കേരളം തന്നെ സംബന്ധിച്ച് ജീവിക്കാനാവാത്ത സ്ഥലമായി മാറിയെന്നും ഇവിടം വിടുകയല്ലാതെ മറ്റു വഴിയില്ലെന്നും ബിന്ദു അമ്മിണി ഈയിടെ പറഞ്ഞിരുന്നു. ശബരിമല കര്‍മസമിതിയുടെ ശക്തമായ പ്രതിഷേധത്തിനിടെ, കനത്ത പൊലീസ് സുരക്ഷയിലാണ് ബിന്ദു അമ്മിണിയും കനകദുര്‍ഗയും 2019 ജനുവരിയില്‍ ശബരിമല ക്ഷേത്രത്തില്‍ കയറിയത്. ഇതിനെത്തുടര്‍ന്ന് ബിന്ദു അമ്മിണിക്ക് നേരെ പലയിടത്തും അക്രമം നടന്നിരുന്നു.
2019 നവംബർ 26ന് കൊച്ചിയിൽ സംഘ്പരിവാറുകാർ ഇവരുടെ കണ്ണിൽ മുളകുവെള്ളമൊഴിച്ചിരുന്നു. കുരുമുളക് സ്പ്രേയും അടിച്ചിരുന്നു. സിറ്റി പൊലീസ് കമീഷണർ ഓഫിസിന് സമീപം നടന്ന സംഭവത്തിൽ ശ്രീനാഥ് എന്ന സംഘ്പരിവാറുകാരനെ കസ്റ്റഡിയിലെടുത്തെങ്കിലും നടപടിയുണ്ടായില്ല.
കൊയിലാണ്ടി പൊയിൽക്കാവിലെ വീടിന് സമീപം പലവട്ടം ഭീഷണിയുമായി പലരും നിലയുറപ്പിച്ചിരുന്നു. പൊലീസ് സംരക്ഷണം നേരത്തെയുണ്ടായിരുന്നെങ്കിലും പൊലീസുകാരിയടക്കം മോശമായി പെരുമാറിയതിൽ ഡി.ജി.പിക്ക് പരാതി നൽകിയപ്പോൾ സംരക്ഷണം തന്നെ പിൻവലിച്ചു. പൊയില്‍ക്കാവിൽനിന്ന് വെസ്റ്റ്ഹില്ലിലേക്ക് യാത്ര ചെയ്യുമ്പോള്‍ ബസ് ഡ്രൈവര്‍ അസഭ്യം പറഞ്ഞ കേസിൽ നടക്കാവ് പൊലീസ് കേസെടുത്തെങ്കിലും തുടർനടപടിയുണ്ടായില്ല. കൊയിലാണ്ടിയിൽവെച്ച് ഓട്ടോ ഇടിപ്പിച്ചതിനെ തുടർന്ന് മൂക്കിന് പരിക്കേറ്റു. വധശ്രമത്തിന് കേസെടുത്തിട്ടും ഓട്ടോ കണ്ടെത്താൻ പോലും പൊലീസ് തയാറായില്ല. ശബരിമലയില്‍ കയറിയ ശേഷം ആദ്യമൊക്കെ സി.പി.എം പ്രവർത്തകരും ഡി.വൈ.എഫ്.ഐയും സുരക്ഷ നല്‍കിയിരുന്നെങ്കിലും പിന്നെപ്പിന്നെ അവർ പിന്‍വലിഞ്ഞെന്നും രണ്ടുപേര്‍ ക്ഷേത്രത്തില്‍ കയറിയിട്ടും തന്നെ മാത്രം ലക്ഷ്യം വെക്കുന്നത് താന്‍ ദലിതയായതിനാലാണെന്നും ബിന്ദു അമ്മിണി ആരോപിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിനെറ പൂർണരൂപം:
പ്രിയപ്പെട്ടവരെ ഞാൻ ഇന്നലെ ആണ് ഡൽഹിയിൽ എത്തിയത്. സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട് ലീഡിങ് ലോയർ ആയ മനോജ് സെൽവൻ സാറിന്റെ ഓഫിസിൽ ജോയിൻ ചെയ്തു പ്രവർത്തിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
2011 ഫെബ്രുവരിയിൽ വക്കീൽ ആയി എൻറോൾ ചെയ്‌തെങ്കിലും 2023ലാണ് ആക്റ്റീവ് പ്രാക്ടീസ് തുടങ്ങിയത്. 2014 മുതൽ കൂടുതൽ ശ്രദ്ധ അധ്യാപനത്തിൽ ആയിരുന്നു. 2023 മാർച്ച് മാസം വരെ. എന്നാൽ, എൻറോൾമെന്റ് നിലനിർത്തുകയും കുറച്ചു മാത്രം പ്രാക്ടീസ് ചെയ്യുകയും ചെയ്തിരുന്നു. സ്ഥിരം അധ്യാപിക അല്ലാത്തതിനാൽ പ്രാക്ടീസ് ചെയ്യുന്നതിന് നിയമ പരമായ തടസ്സം ഒന്നും ഇല്ലായിരുന്നു. എന്നാൽ, പ്രത്യേക സാഹചര്യത്തിൽ കേരളം വിട്ടുപോരാൻ തീരുമാനിക്കുകയും ഡൽഹിയിൽ എത്തി എന്ത് ചെയ്യും എന്ന് പോലും ഉറപ്പില്ലാതെയാണ് ഇവിടെ എത്തിയത്.
എന്നാൽ, അതിനൊക്കെ ഒരുപാട് മുകളിലാണ് ഞാൻ കഴിഞ്ഞ കുറേ വർഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തേക്കാൾ മുകളിലാണ് ഡൽഹി എന്ന് ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല. എന്നാൽ, ആദിവാസി-ദലിത്-മുസ്‍ലിം അതിക്രമങ്ങളിൽ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പുരോഗമന പരം ആണ് എന്ന് അഭിപ്രായം ഇല്ല. അത് എന്റെ അനുഭവം കൂടി ആണ്.
ഞാൻ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരി ആയിരിക്കുമ്പോൾ തന്നെ ചില കാര്യങ്ങൾ പറയാതിരിക്കാനാവില്ല. അതിനർഥം ഞാൻ ആന്റി മാർക്സിസ്റ്റ് ആണ് എന്നല്ല. ഒരു കമ്യൂണിസ്റ്റുകാരിയായി ഇരിക്കുന്നത് സി.പി.എം എന്നോട് എന്ത് സമീപനം സ്വീകരിച്ചു എന്നത് അടിസ്ഥാനപ്പെടുത്തിയല്ല. ഇപ്പോഴും കേരളത്തിൽ സി.പി.എമ്മിനെ പിന്തുണക്കുന്ന ആളാണ് ഞാൻ. ഞാൻ പാർട്ടി മെമ്പർ അല്ല. എനിക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങൾ പറയാൻ അവകാശം ഉള്ള ഒരു ഇന്ത്യൻ പൗരയാണ്. എന്നെ ആക്രമിക്കുന്നവരുടെ ഒപ്പം മാർക്സിസ്റ്റ് സൈബർ പോരാളികളും ഉണ്ട്. ഞാൻ എന്റെ ശരികൾക്കൊപ്പം ആണ്. അത് തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ അത് തിരുത്താൻ സന്നദ്ധയുമാണ്. എനിക്ക് ശരിയെന്ന് തോന്നുന്നത് മാത്രം ആണ് ഞാൻ ചെയ്‌തു കൊണ്ടിരിക്കുന്നത്.
കേരളത്തിൽ എന്നെ മാറ്റിനിർത്തുന്നതിൽ സർക്കാർ, സി.പി.എം, സി.പി.ഐ, ലിബറൽ സ്പേസിൽ നിൽക്കുന്ന ചിലർ, കോൺഗ്രസ് തുടങ്ങി എല്ലാവരും ഉണ്ട്. പക്ഷേ പുതുതലമുറയിൽ പെട്ടവരുടെ സ്നേഹം ഞാൻ അനുഭവിച്ചറിഞ്ഞതാണ്. പിന്തുണക്കുന്നവരുടെ സ്നേഹം തിരസ്കരിച്ചിട്ടല്ല ഞാൻ കേരളം വിട്ടത്. ആ സ്നേഹം കൂടെ കൂട്ടിയിട്ടാണ് പോന്നത്. ലോകത്തിന്റെ ഏത് കോണിൽ ആണെങ്കിലും ഇടപെടേണ്ട വിഷയങ്ങളിൽ ഇടപെടുകയും ചെയ്യും.
കോഴിക്കോട് ഗവ. ലോ കോളജിലെ ജോലിക്കുള്ള ഇന്റർവ്യൂവിന് പങ്കെടുക്കാം എന്ന് വിചാരിച്ചിരുന്നതാണ്. ഒന്നും ശരിയായില്ലെങ്കിൽ തിരിച്ച് വീണ്ടും പഴയ ജോലി തുടരേണ്ടതായി വന്നേക്കുമോ എന്നൊരു ആശങ്ക ഉണ്ടായിരുന്നു. പക്ഷേ അവിചാരിതമായ കാരണങ്ങളാൽ ഇന്റർവ്യൂവിനു പങ്കെടുക്കാൻ കഴിഞ്ഞില്ല. പക്ഷേ മേയ് 15ന് കോഴിക്കോട് ഗവ. ലോ കോളജിൽ ഇന്റർവ്യൂ ഉണ്ടായിരുന്നു. പങ്കെടുക്കേണ്ട എന്ന് ഉറച്ച തീരുമാനം എടുത്തു. കേരളം വിട്ട് പോകുന്നു എന്ന് തീരുമാനം എടുത്തപ്പോൾ വിദേശത്തുള്ള സ്റ്റുഡന്റസ്, സുഹൃത്തുക്കളിൽ ചിലർ അവിടെ എത്താൻ പറഞ്ഞിരുന്നു. ഞാൻ ഒരിക്കലും പ്രതീക്ഷിച്ച ഒരു ഓഫർ ആയിരുന്നില്ല അത്.
ഏപ്രിൽ മാസത്തിൽ തന്നെ ദലിത് ടൈംസ് എന്ന മാധ്യമത്തിൽ ഞാൻ ജോയിൻ ചെയ്തിരുന്നു. ശമ്പളം ഇല്ല എങ്കിലും അക്കൊമഡേഷൻ ലഭിച്ചിരുന്നു. മറ്റ് ഒരുപാട് പിന്തുണയും. ഞാൻ വക്കീൽ എന്ന നിലയിൽ പ്രഫഷൻ ശരിക്കും തുടങ്ങുന്നതേയുള്ളൂ. ഇതുവരെ നിയമോപദേശം ആണ് കൂടുതൽ നൽകിയിരുന്നത്. പ്രിയ സുഹൃത്തായ അഡ്വ. ജയകൃഷ്ണൻ യു. പ്രഫഷനിൽ പിടിച്ചുനിൽക്കാൻ പിന്തുണച്ചിട്ടുണ്ട്. ഇതുവരെയുള്ള എന്റെ എക്സ്പീരിയൻസിന് ഒരുപാട് മുകളിലാണ് ഇനിയുള്ള നാളുകൾ. ആ വഴിയിലേക്ക് എത്താൻ ഒരുപാട് ശ്രമിക്കേണ്ടതുണ്ട് എന്ന് മനസ്സിലാക്കിക്കൊണ്ട് ഞാൻ ഡൽഹിയിൽ എന്റെ അഭിഭാഷകവൃത്തി തുടങ്ങുന്നു. തുടക്കം മാത്രം. പിന്തുണക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ഹൃദയത്തിൽനിന്നും സ്നേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.