ഫെഡറലിസം വലിയ അപകടത്തിൽ- പി.സായ്നാഥ്
text_fieldsകൊല്ലം: രാജ്യത്തിന്‍റെ ഫെഡറലിസം വലിയ അപകടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മഗ്സസെ അവാർഡ് ജേതാവായ മുതിർന്ന മാധ്യമപ്രവർത്തകൻ പി.സായ്നാഥ്. കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ കൊല്ലത്ത് സംഘടിപ്പിച്ച വിദ്യാർഥികളുമായുള്ള സംവാദം-മാധ്യമ ജാഗ്രത സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരൊറ്റ ഭാഷ എന്നതുൾപ്പെടെയുള്ള നീക്കങ്ങളിലൂടെ സംസ്ഥാനങ്ങളെയും നിയമസഭകളെയും ഇല്ലാതാക്കി ഒരൊറ്റ പാർലമെന്‍റും അധികാരകേന്ദ്രവുമെന്ന ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനമാണ് കേന്ദ്രത്തിൽ നടക്കുന്നത്.
പുതുതലമുറക്ക് രാജ്യത്തിന്‍റെ യഥാർഥ ചരിത്രം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്‍റെ ശരിയായ ചരിത്രവും അതിനായി പോരാടിയവരും അവർക്ക് അന്യമാണ്. സ്വതന്ത്ര്യത്തിന്‍റെ 75ാം വാർഷികം ആഘോഷിച്ച വേളയിൽ പോലും യഥാർഥ ചരിത്രം പറയാൻ അധികൃതർ തയാറായില്ല. നൂറുകോടി ചെലവഴിച്ച് തയാറാക്കിയ ആസാദി കാ അമൃത്മഹോത്സവ് വെബ്സൈറ്റിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഒരു സ്വാതന്ത്യ സമര സേനാനിയുടെ ചിത്രം പോലും ഇല്ല. ഇന്ത്യൻ ജനത പോരാടി നേടിയ സ്വാതന്ത്ര്യത്തിന്‍റെ അടയാളമായി ഉയർത്തിക്കെട്ടിയ പതാക നമ്മളെ ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ അധികാരി മരിച്ചപ്പോൾ താഴ്ത്തിക്കെട്ടുന്ന വിധേയത്വമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
200 വർഷത്തെ ചരിത്രമുള്ള ഇന്ത്യൻ മാധ്യമരംഗത്തിലെ ഭൂരിഭാഗവും ഇന്ന് കേന്ദ്രത്തിലെ അധികാരികൾക്ക് മുന്നിൽ ഇഴയുകയാണ്. വടക്കേ ഇന്ത്യയിലെ മാധ്യമങ്ങളെ അപേക്ഷിച്ച് തെക്കേ ഇന്ത്യയിൽ മാധ്യമങ്ങൾ കുറച്ചെങ്കിലും ചോദ്യങ്ങൾ ചോദിക്കുന്നു എന്നത് ആശ്വാസകരമാണ്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെ മാധ്യമങ്ങൾക്ക് നേരെ തിരിയാനും കാരണം ഇതാണ്. നരേന്ദ്ര മോദിക്കും അമിത് ഷാക്കും 'കോർപറേറ്റ് മീഡിയ' നൽകുന്ന ശ്രദ്ധയും അംഗീകാരവും കൈയടിയും ഇവിടത്തെ മാധ്യമങ്ങളിൽ നിന്ന് തനിക്ക് ലഭിക്കുന്നില്ല എന്നതാണ് അദ്ദേഹത്തെ മാധ്യമങ്ങൾക്ക് എതിരെ തിരിയാൻ പ്രേരിപ്പിക്കുന്നത്.
മുൻകാലങ്ങളിൽ പുരോഗനപരവും ജനാധിപത്യപരവും മതേതരകാഴ്ചപ്പാടും ഉണ്ടായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന്‍റെ ഗവർണർ ആയി നിയമിതനായപ്പോൾ അത്യധികം സന്തോഷിച്ച താൻ ഇപ്പോൾ അദ്ദേഹത്തിന്‍റെ മാറ്റം കണ്ട് തീർത്തും നിരാശനാണെന്നും ചെറുത്തുനിൽക്കുക മാത്രമാണ് കേരള ജനതക്ക് മുന്നിലുള്ള പോംവഴിയെന്നും വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പി.സായ്നാഥ് പറഞ്ഞു. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു, എസ്.ബിജു, കെ.എ. ഷാജി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.