ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ധീര രാജ്യസ്നേഹികളെ അനുസ്മരിച്ചല്ലാതെ മുന്നോട്ടു പോകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകമാണ്. സാമ്പത്തിക രംഗത്തുൾപ്പെടെ ആ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയർത്തിയതിനുശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വാതന്ത്ര്യ ദിന പരേഡില്‍ മുഖ്യമന്ത്രി വിവിധ സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.
സ്വാതന്ത്ര്യ പ്രസ്ഥാനം എല്ലാ മതവിശ്വാസികളെയും അല്ലാത്തവരെയും ഉൾക്കൊള്ളുന്ന ജനമുന്നേറ്റമായിരുന്നു. അതാണ് മതനിരപേക്ഷയുടെ അടിസ്ഥാന കാഴ്ചപ്പാടുകൾ ഭരണഘടനക്ക് സംഭാവന ചെയ്തത്. ഈ യാഥാർഥ്യത്തെ മറന്നു കൊണ്ടുള്ള നിലപാട് രാജ്യത്തിനായി പൊരുതിയവരുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തുന്നതിന് തുല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വർഗീയ സംഘർഷം ഇല്ലാത്ത നാടായി ഈ നാടിനെ മാറ്റാൻ കഴിഞ്ഞത് നമുക്ക് അഭിമാനമാണ്. സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങൾക്ക് സമ്പത്ത് ലഭിക്കണം. അപ്പോൾ മാത്രമേ നേട്ടങ്ങൾ ജനങ്ങളിലെത്തൂ. ഐ.ടി, സ്റ്റാർട്ട് അപ്പ് മേഖലയിൽ നാം പുരോഗതിയുടെ പാതയിലാണ്. ഈ മേഖലയിൽ ഇനിയുമേറെ മുന്നോട്ടുപോകണം. പശ്ചാത്തല സൗകര്യമാണ് എല്ലാ വികസനത്തിനും അടിസ്ഥാനം.
ആ നിലയിലാണ് കിഫ്ബി മുഖാന്തരമുള്ള പദ്ധതികൾ ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലും നിയമസഭാങ്കണത്തിൽ സ്പീക്കർ എം.ബി. രാജേഷും പതാക ഉയർത്തി. വിവിധ ജില്ല ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.