പ്രകടനങ്ങൾക്ക് ഫീസ് ഏർപ്പെടുത്തിയത് ജനാധിപത്യ പ്രതിഷേധങ്ങളെ കൂച്ചുവിലങ്ങിടാൻ -റസാഖ് പാലേരി
text_fieldsതിരുവനന്തപുരം: പ്രതിഷേധ പ്രകടനങ്ങൾക്ക് വൻ തുക ഫീസ് ഏർപ്പെടുത്തിയ സംസ്ഥാന സർക്കാറിന്റെ തീരുമാനം ജനാധിപത്യാവകാശങ്ങൾക്കു നേരേയുള്ള കടന്നുകയറ്റവും വിയോജിപ്പുകൾക്കും വിമർശനങ്ങൾക്കും നേരേയുള്ള സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ അസഹിഷ്ണുതയുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. സ്വാഭാവിക ജനാധിപത്യ പ്രതിഷേധങ്ങളെ നിയന്ത്രണങ്ങൾക്ക് വിധേയമാക്കി അവയെ ഇല്ലാതാക്കാനുളള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തേ പൊലീസിനെ മുൻകൂട്ടി അറിയിച്ചാൽ മതിയായിരുന്ന ഒരു പ്രതിഷേധ മുറയെ കടുത്ത വ്യവസ്ഥകൾക്ക് കീഴിലാക്കുകയും ഉയർന്ന ഫീസ് ചുമത്തുകയും ചെയ്തു കൊണ്ട് പ്രതിഷേധങ്ങളെ വരേണ്യവൽകരിക്കുകയാണ് ഇടതുപക്ഷ സർക്കാർ. സമരങ്ങളിലൂടെ രൂപപ്പെട്ടു വന്ന ചരിത്രത്തെക്കുറിച്ച് അഭിമാനം കൊള്ളുന്ന ഇടതുപക്ഷം ഇത്തരമൊരു ജനാധിപത്യ വിരുദ്ധതക്ക് നേതൃത്വം നൽകുന്നത് അപഹാസ്യവും ചരിത്രത്തിനു നേരേ പല്ലിളിച്ച് കാട്ടലുമാണ്.
ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം സംസ്ഥാനത്തുയർന്നു വരേണ്ടതുണ്ട്. ജനാധിപത്യാവകാശങ്ങളെ നിരാകരിക്കുന്ന തീരുമാനം പിൻവലിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.