രമേശ് നാരായണൻ പക്വതയില്ലാതെ പെരുമാറിയെന്ന് ഫെഫ്ക; ആസിഫ് അലിയെ അപമാനിച്ചതിൽ വിശദീകരണം തേടി
text_fieldsകൊച്ചി: പുരസ്കാര വിതരണ വേദിയിൽ നടൻ ആസിഫ് അലിയെ സംഗീതസംവിധായകൻ രമേശ് നാരായണൻ അപമാനിച്ച സംഭവത്തിൽ സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക വിശദീകരണം തേടി. ഫെഫ്കയുടെ ഭാഗമായ മ്യൂസിക് ഡയറക്ടേഴ്സ് യൂനിയൻ രമേശ് നാരായണനോട് വിശദീകരണം തേടി. രമേശ് നാരായണന് വീഴ്ച സംഭവിച്ചുെവന്നും അദ്ദേഹം പക്വതയില്ലായ്മയാണ് കാണിച്ചതെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
രമേശ് നാരായണന്‍റെ പ്രവൃത്തി ആസിഫ് അലി എന്ന കലാകാരന് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കി. അത് ഒഴിവാക്കേണ്ടതായിരുന്നു. രമേശ് നാരായണനെപ്പോലെയൊരു കലാകാരന്‍ കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നു. പുരസ്‌കാരത്തോടും അത് തരുന്ന ആളോടും വിനയത്തോടെ ഒരു കലാകാരന്‍ പെരുമാറണം. അതേ സമയം രമേശ് നാരായണന്‍ പൊതുസമൂഹത്തോട് നടത്തിയ ക്ഷമാപണത്തിന്‍റെ മഹനീയതയും ഔചിത്യവും മനസ്സിലാക്കുന്നു -ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
ആസിഫ് അലിയെ അപമാനിച്ച രമേശ് നാരായണന്‍റെ പ്രവൃത്തിയിൽ വ്യാപക വിമർശനമുയരുകയാണ്. രമേശ് നാരായണനെ വിമർശിച്ചുകൊണ്ട് സിനിമ മേഖലയിൽ നിന്നുൾപ്പെടെ നിരവധി പേരാണ് രംഗത്തെത്തിയത്. അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യും ആസിഫ് അലിക്ക് പിന്തുണയുമായി എത്തിയിരുന്നു. സംഭവം വിവാദമായതോടെ രമേശ് നാരായണൻ വിശദീകരണം നൽകി. ബോധപൂർവം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.
എം.ടി. വാസുദേവൻ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന 'മനോരഥങ്ങൾ' ആന്തോളജി സീരിസിന്റെ ട്രെയിലർ കൊച്ചിയിൽ നടന്ന ചടങ്ങിൽ റിലീസ് ചെയ്യുന്നതിനിടെയായിരുന്നു വിവാദ സംഭവം. പരിപാടിയിൽ സംഗീത സംവിധായകന്‍ രമേശ് നാരായണന് നടൻ ആസിഫ് അലി ആയിരുന്നു പുരസ്കാരം നൽകുന്നത്. എന്നാൽ, ആസിഫ് അലിയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങാൻ രമേശ് നാരായണൻ വിമുഖത കാണിച്ചു. ആസിഫ് അലി വേദിയില്‍ എത്തിയപ്പോള്‍ മുഖത്തുനോക്കുകപോലും ചെയ്യാതെ അദ്ദേഹത്തിൽനിന്ന് പുരസ്‌കാരം കൈപ്പറ്റിയ രമേശ്, പിന്നീട് വേദിയിൽ ഇല്ലാതിരുന്ന സംവിധായകൻ ജയരാജിനെ സദസ്സിൽ നിന്ന് വിളിപ്പിച്ച് തനിക്ക് പുരസ്കാരം നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ജയരാജ് സ്റ്റേജിലെത്തി പുരസ്‌കാരം നൽകുകയും അത് ഏറ്റുവാങ്ങി രമേശ് നാരായണന് ചിരിച്ചുകൊണ്ട് ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ചെയ്തു. ജയരാജിനെ കെട്ടിപ്പിടിക്കുകയും ഹസ്തദാനം ചെയ്യുകയും ചെയ്ത രമേശ്, ആസിഫ് അലിയോട് സംസാരിക്കുകയോ ഹസ്തദാനം നൽകുകയോ ചെയ്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.