ഹണി റോസിന് ഫെഫ്കയുടെ പിന്തുണ; ‘ഹണിയുടെ ഉറപ്പുള്ള നിലപാട് കൂട്ടായ പ്രതിരോധത്തിന് നാന്ദിയായെന്ന്’
text_fieldsകോഴിക്കോട്: അശ്ലീല പരാമർശങ്ങൾക്കും സൈബർ അധിക്ഷേപങ്ങൾക്കും എതിരെ നിയമ പോരാട്ടവുമായി രംഗത്തിറങ്ങിയ നടി ഹണി റോസിന് ഫെഫ്കയുടെ (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള) പിന്തുണ. ഹണി റോസിന്‍റെ നിശ്ചയദാർഡ്യവും ഉറപ്പുള്ള നിലപാടും സൈബർ ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിന് നാന്ദിയായെന്ന് ഫെഫ്ക ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫെഫ്ക ഫേസ്ബുക്ക് പോസ്റ്റ്:
ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തക ഹണി റോസ് തുടങ്ങിവെച്ചിരിക്കുന്ന ധീരമായ പോരാട്ടത്തിന് ഫെഫ്കയുടെ പിന്തുണ അറിയിക്കുന്നു. ഹണി റോസിന്‍റെ നിശ്ചയദാർഡ്യവും ഉറപ്പുള്ള നിലപാടും സൈബർ ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിന്‍റെ നാന്ദിയായി ഞങ്ങൾ കാണുന്നു. ഹണിറോസിന് അഭിവാദ്യങ്ങൾ.
അതേസമയം, നടി ഹണി റോസിന്‍റെ നിയമപോരാട്ടത്തിന് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യു.സി.സി) പിന്തുണ അറിയിച്ച് രംഗത്തെത്തി. ഫേസ്ബുക്ക് പേജിൽ ‘അവൾക്കൊപ്പം’ എന്ന ഹാഷ്ടാഗോടെ, ഹണി റോസിന്റെ പോസ്റ്റ് പങ്കുവെച്ചു കൊണ്ടാണ് ഡബ്ല്യു.സി.സി പിന്തുണ അറിയിച്ചത്.
അതിനിടെ, ഹണി റോസിന്‍റെ പരാതിയെ തുടർന്ന് ബോബി ചെമ്മണൂരിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് വയനാട് പൊലീസിന്‍റെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണൂരിനെ കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്ക് വൈകിട്ടോടെ എത്തിക്കും.
സമൂഹമാധ്യമങ്ങളിലെ അശ്ലീല പ്രചാരണവുമായി ബന്ധപ്പെട്ട് ഹണി റോസ് നൽകിയ പരാതിയിൽ ലൈംഗികച്ചുവയോടെയുള്ള അശ്ലീല പരാമർശത്തിനെതിരെ ഭാരതീയ ന്യായസംഹിത 75 (4) പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെയുള്ള അശ്ലീല പരാമർശത്തിനെതിരെ ഐ.ടി നിയമം 67 പ്രകാരവുമാണ് ബോബി ചെമ്മണൂരിനെതിരെ കേസെടുത്തത്.
ആഗസ്റ്റ് ഏഴിന് കണ്ണൂർ ആലക്കോട് ബോബി ചെമ്മണൂരിന്‍റെ ജ്വല്ലറി ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോൾ നേരിട്ട ലൈംഗികാതിക്രമങ്ങളും അതിനുശേഷം പല വേദികളിലും നേരിട്ട ബുദ്ധിമുട്ടുകളും നടി പരാതിയിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.