ഉഷ സ്കൂളിലെ വനിത കോച്ച് ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ
text_fieldsബാലുശ്ശേരി (കോഴിക്കോട്): കിനാലൂർ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിലെ വനിത കോച്ച് കിടപ്പുമുറിയിൽ മരിച്ച നിലയിൽ. സ്കൂളിലെ അസി. കോച്ച് കോയമ്പത്തൂർ കുളത്തുപാളയം തൊണ്ടാമുത്തൂർ മൽസ്യതുറൈ സമിതി എസ്.എം നഗറിലെ ജയന്തിയെയാണ് (27) ഹോസ്റ്റലിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച പുലർച്ച അഞ്ചുമണിയോടെ വിദ്യാർഥികൾ പരിശീലനത്തിന് വിളിക്കാൻ എത്തിയപ്പോഴാണ് കിടപ്പുമുറിയിലെ ഡബിൾ ഡക്കർ ബെഡിന്റെ ഇരുമ്പു കമ്പിയിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ ജയന്തിയെ കണ്ടത്. തറയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. യോഗ ചെയ്യാനുള്ള പുൽപായയും തലയണയും നിലത്ത് നിവർത്തിവെച്ചിരുന്നു.
മൃതദേഹത്തിന് അഭിമുഖമായി വെച്ച മേശക്കരികിൽ മൊബെൽ ഫോൺ വിഡിയോ ഓൺചെയ്ത നിലയിലും കണ്ടെത്തിയിട്ടുണ്ട്. നാട്ടിലെ സുഹൃത്തുമായി ഫോണിൽ ഏറെ നേരം സംസാരിച്ചശേഷം ജീവനൊടുക്കിയതായാണ് സൂചന.
വിവരമറിഞ്ഞ് പി.ടി. ഉഷ എം.പിയും കോയമ്പത്തൂരിൽനിന്ന് സഹോദരൻ മണികണ്ഠനും കിനാലൂരിലെത്തി. നവംബർ 11 മുതൽ 15 വരെ ഗുവാഹതിയിൽ നടക്കുന്ന ദേശീയ ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ പങ്കെടുക്കുന്നതിന്റെ ആഹ്ലാദത്തിലായിരുന്നു ജയന്തിയെന്നും മറ്റു പ്രശ്നങ്ങളൊന്നും ഉള്ളതായി അറിയില്ലെന്നും പി.ടി. ഉഷ പറഞ്ഞു.
വി.ആർ. കൃഷ്ണയുടെ നേതൃത്വത്തിൽ കോഴിക്കോട്ടുനിന്നെത്തിയ ഫോറൻസിക് സംഘം ഹോസ്റ്റലിൽ പരിശോധന നടത്തി. പേരാമ്പ്ര എ.എസ്.പി ടി.കെ. വിഷ്ണു പ്രദീപ്, ബാലുശ്ശേരി എസ്.ഐ പി. റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. വൈകീട്ടോടെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി.
ഫീൽഡ് ഇനങ്ങളിൽ പരിശീലനം നൽകാനായി 2021 ഏപ്രിൽ ഏഴിനാണ് ജയന്തി കിനാലൂരിലെ ഉഷ സ്കൂളിൽ എത്തിയത്. കമ്പ്യൂട്ടർ സയൻസിലും കായിക വിദ്യാഭ്യാസത്തിലും ബിരുദാനന്തര ബിരുദവും യോഗയിൽ പി.ജി ഡിപ്ലോമയും സ്പോർട്സ് കോച്ചിങ്ങിൽ ഡിപ്ലോമയും പൂർത്തിയാക്കിയ ജയന്തി ബംഗളൂരുവിൽനിന്ന് എൻ.ഐ.എസ് കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്.
2016ൽ ഭാരതിയാർ യൂനിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്ത് ഹെപ്റ്റാത്തലണിൽ ജയന്തി കുറിച്ച റെക്കോഡ് ഇപ്പോഴും അവരുടെ പേരിലുണ്ട്. പരേതനായ പളനിസ്വാമിയുടെയും കവിതയുടെയും മകളാണ്. സഹോദരങ്ങൾ: സത്യ, മണികണ്ഠൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.