ട്രോമ കെയർ ആംബുലൻസ് പദ്ധതിയുടെ കണ്ട്രോൾ റൂം നിയന്ത്രണം ഏറ്റെടുത്ത് പെൺ കരുത്ത്
text_fieldsതിരുവനന്തപുരം: വനിതാ ദിനത്തിൽ സംസ്ഥാന സർക്കാരിന്റെ ട്രോമ കെയർ ആംബുലൻസ് പദ്ധതിയായ കനിവ് 108 ആംബുലൻസ് സർവീസിന്റെ കണ്ട്രോൾ റൂം നിയന്ത്രണം ഏറ്റെടുത്ത് പെൺ കരുത്ത്. കണ്ട്രോൾ റൂം മാനേജറുടെ ചുമതല ഉൾപ്പടെ കനിവ് 108 ആംബുലൻസ് സർവീസിന്റെ ഹൃദയഭാഗമായ എമർജൻസി റെസ്പോൺസ് സെന്ററിൻ്റെ പൂർണ നിയന്ത്രണങ്ങളും ബുധനാഴ്ച വനിതാ എമർജൻസി റെസ്പോൺസ് ഓഫീസർമാർക്കായിരുന്നു.
ടീം ലീഡർ കാർത്തിക ബി.എസ് വനിതാ ദിനത്തിൽ കണ്ട്രോൾ റൂം മാനേജരുടെ താത്കാലിക ചുമതല ഏറ്റെടുത്തു. എമർജൻസി റെസ്പോൺസ് ഓഫീസറായ ഇ.എസ് നിഷ ആണ് ടീം ലീഡറിന്റെ താത്കാലിക ചുമതല നിർവഹിച്ചത്. ഇരുവർക്കും കീഴിൽ 18 വനിതാ എമർജൻസി റെസ്പോണ്സ് ഓഫീസർമാരാണ് സംസ്ഥാനത്ത് സർവീസ് നടത്തുന്ന 316 കനിവ് 108 ആംബുലൻസുകളുടെയും നീക്കങ്ങൾ ബുധനാഴ്ച രാവിലെ ഏഴ് മുതൽ നാലു വരെയുള്ള ഷിഫ്റ്റിൽ പൂർണമായും നിയന്ത്രിച്ചത്.
കണ്ട്രോൾ റൂമിലേക്ക് വരുന്ന ഓരോ അത്യാഹിത വിളികളുടെയും വിവരങ്ങൾ ശേഖരിക്കുകയും തുടർന്ന് ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ അത്യാഹിതം നടന്ന പ്രദേശത്തിന് സമീപമുള്ള കനിവ് 108 ആംബുലൻസുകൾ വിന്യസിച്ചതും ഇവരായിരുന്നു. തിരുവനന്തപുരം ടെക്നൊപാർക്ക് ക്യാമ്പസിൽ സ്ഥിതി ചെയ്യുന്ന കനിവ് 108 ആംബുലൻസ് എമർജൻസി റെസ്പോൺസ് സെൻ്ററിൽ
ജോലി ചെയ്യുന്ന 70 എമർജൻസി റെസ്പോൺസ് ഓഫീസർമാരിൽ 30 പേർ വനിതകളാണ്. കണ്ട്രോൾ റൂമിന് പുറമെ സംസ്ഥാനത്ത് ഒരു വനിതാ ആംബുലൻസ് പൈലറ്റും 219 വനിതാ എമർജൻസി മെഡിക്കൽ ടെക്നീഷ്യന്മാരും കനിവ് 108 ആംബുലൻസുകളിൽ ജോലി ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.