നീല ട്രോളിയുമായി ഫെനി ഹോട്ടലിൽ, രാഹുലുമൊത്ത് തിരിച്ചുപോയി; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ട് സി.പി.എം
text_fieldsപാലക്കാട്: യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് കൈമാറാൻ പാലക്കാട്ടെ കെ.പി.എം ഹോട്ടലിൽ പണം കൊണ്ടുവന്നത് വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിച്ച കേസിലെ ഒന്നാംപ്രതി ഫെനി നൈനാൻ ആണെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ട് സി.പി.എം ആരോപിച്ചു. ട്രോളി ബാഗുമായെത്തുന്ന ഫെനി നൈനാന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
ആദ്യം ബാഗില്ലാതെ ഹോട്ടലിലെത്തിയ ഫെനി നൈനാൻ കാറിലുള്ള ട്രോളി ബാഗെടുത്ത് വീണ്ടും ഹോട്ടലിലെത്തി. ഷാഫി പറമ്പിൽ, വി.കെ. ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവർ ഇരുന്ന കോൺഫറൻസ് ഹാളിലേക്കാണ് ഫെനി നൈനാൻ ബാഗുമായി പോയത്. തുടർന്ന് ഇയാൾ രാഹുൽ മാങ്കൂട്ടത്തിലുമായി തിരിച്ചുപോയി. പൊലീസിന് വിവരം കിട്ടിയെന്നറിഞ്ഞ രാഹുൽ മാങ്കൂട്ടത്തിലും ഫെനി നൈനാനും ഹോട്ടലിൽനിന്ന് രക്ഷപ്പെട്ടതായും സി.പി.എം പറയുന്നു.
രാഹുൽ പോയതിനുശേഷം ഫെനി നൈനാൻ ഭാരമുള്ള മറ്റൊരു പെട്ടികൂടി പുറത്തേക്ക് എത്തിക്കുന്നതായി സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളെടുക്കുമെന്ന് മനസ്സിലാക്കിയാണ് കോൺഗ്രസ് നേതാക്കൾ ഷാനിമോൾ ഉസ്മാനെക്കൊണ്ട് നാടകം കളിപ്പിച്ചതും വ്യാജ ആരോപണം ഉന്നയിപ്പിച്ചതെന്നും സി.പി.എം പറയുന്നു. പാലക്കാട്ടുനിന്ന് കോഴിക്കോട്ടെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ താൻ പാലക്കാട്ടുണ്ടായിരുന്നില്ലെന്ന് സമർഥിക്കാനാണ് കോഴിക്കോട്ടെ ഒരു പൊലീസ് സ്റ്റേഷനു മുന്നിൽ നിന്ന് ഫേസ്ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ടതെന്നും സി.പി.എം നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.