സരിതയുടെ കത്തിൽ കൂട്ടിച്ചേർക്കൽ ഉണ്ടായെന്ന് ഫെനി ബാലകൃഷ്ണെൻറ മൊഴി
text_fieldsകൊട്ടാരക്കര: സോളാർ കേസുമായി ബന്ധപ്പെട്ട് വിവാദമായ സരിത എസ്. നായരുടെ കത്തിൽ പിന്നീട് കൂട്ടിച്ചേർക്കലുകൾ ഉണ്ടായെന്ന് സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ മൊഴി നൽകി. സോളാർ കമീഷൻ മുമ്പാകെ സരിത നൽകിയ കത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള ആരോപണങ്ങൾ ഗണേഷ് കുമാറിെൻറ നിർദേശപ്രകാരം എഴുതിച്ചേർത്തതാണെന്നാരോപിച്ച് അഭിഭാഷകനായ സുധീർ ജേക്കബ് ഫയൽ ചെയ്ത ഹരജിയിലാണ് ഫെനി മൊഴി നൽകിയത്.
ഹരജിയിലെ ആരോപണങ്ങൾ ശരിവെക്കുന്നതരത്തിലാണ് ഫെനി ബാലകൃഷ്ണൻ കോടതിയിൽ മൊഴി നൽകിയത്. സോളാർ കമീഷൻ മുമ്പാകെ ഹാജരാക്കിയ 25 പേജുള്ള കത്ത് പത്തനംതിട്ട ജില്ല ജയിലിൽ ഫെനി ബാലകൃഷ്ണൻ കൈപ്പറ്റുമ്പോൾ 21 പേജുകളേ ഉണ്ടായിരുന്നുള്ളൂവെന്നും പിന്നീട് കത്ത് ഗണേഷ് കുമാറിെൻറ ബന്ധുവായ ശരണ്യ മനോജിനെ ഏൽപിച്ചതായും ഫെനി മൊഴിയിൽ പറയുന്നു. ഗണേഷ് കുമാറിെൻറ നിർദേശപ്രകാരം ശരണ്യ മനോജും ഗണേഷ് കുമാറിെൻറ പി.എ. പ്രദീപ് കുമാറും ചേർന്ന് നാല് പേജുള്ള ഡ്രാഫ്റ്റ് തയാറാക്കി സരിതയെ ഏൽപിക്കുകയായിരുന്നു. സരിത അന്നുതന്നെ നാല് പേജ് കൂടി സരിതയുടെ തിരുവനന്തപുരത്തെ വസതിയിൽെവച്ച് പുതുതായി എഴുതിച്ചേർത്തു. ഗണേഷ് കുമാറിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കിയതാണ് ഇത് ചെയ്യുന്നതിന് പ്രേരണയായിട്ടുള്ളതെന്നും ഫെനി ബാലകൃഷ്ണൻ മൊഴി നൽകി.
സോളാർ കേസിൽ തുടക്കം മുതൽ സരിത ബ്ലാക്ക്മെയിലിങ്ങാണ് നടത്തിയിട്ടുള്ളതെന്ന് ഫെനി മാധ്യമങ്ങളോട് പറഞ്ഞു. തെളിവായി ശരണ്യ മനോജ് അടക്കമുള്ളവരുടെ റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണങ്ങൾ തെൻറ കൈവശമുണ്ട്. അവ കോടതി ആവശ്യപ്പെട്ടാൽ സമർപ്പിക്കാൻ തയാറാണെന്നും ഫെനി പറഞ്ഞു. സരിതയുടെ താളത്തിനൊത്ത് നിൽക്കാൻ കഴിയാത്തതുകൊണ്ടാണ് താൻ വക്കാലത്തിൽനിന്ന് പിന്മാറിയതെന്നും ഫെനി പറഞ്ഞു. തുടർനടപടികൾക്കായി പത്തനംതിട്ട ജയിൽ സൂപ്രണ്ട്, നോഡൽ ഓഫിസർമാർ എന്നിവരെ ജനുവരി 19ന് വിസ്തരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.