വെടിക്കെട്ട് നടത്തുന്നതിലെ പ്രതിസന്ധി ചർച്ചചെയ്യാൻ ഉത്സവ സംഘാടകർ യോഗം ചേരുന്നു
text_fieldsതൃശൂർ: തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ഉത്സവത്തിനായി എത്തിച്ച വെടിമരുന്ന് പൊട്ടിത്തെറിച്ച സംഭവത്തിന് പിന്നാലെ വെടിക്കെട്ടുകൾ നടത്തുന്നതിന് നേരിട്ട പ്രതിസന്ധിക്ക് പരിഹാരം തേടി ഉത്സവ സംഘാടകർ യോഗം ചേരുന്നു. 27ന് പാലക്കാട്ടാണ് യോഗം. നെന്മാറ -വല്ലങ്ങി വേല കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 10ന് നെന്മാറ മന്ദം ലക്ഷ്മി ഓഡിറ്റോറിയത്തിലാണ് യോഗം. വേല, പൂരം കമ്മിറ്റികൾക്ക് യോഗത്തിൽ പങ്കെടുക്കാൻ അറിയിപ്പ് നൽകിയിട്ടുണ്ട്.
‘വേല -പൂരം എന്നിവയുടെ പ്രധാന ഭാഗമായ വെടിക്കെട്ട് അനിശ്ചിതത്വത്തെക്കുറിച്ച് ചർച്ച’ എന്നാണ് അജണ്ടയായി അറിയിച്ചിരിക്കുന്നത്. വെടിക്കെട്ട് അനിശ്ചിതത്വം നീക്കാൻ ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയതലത്തിലും ജില്ല ഭരണകൂടങ്ങളിലും സമ്മർദം ചെലുത്താനുള്ള പരിപാടികൾ ആലോചിക്കാൻ കൂടിയാണ് യോഗം.
ഫെബ്രുവരി 15ന് തൃപ്പൂണിത്തുറയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ചൂരക്കാട് പടക്ക സ്ഫോടനത്തിന് പിന്നാലെയാണ് നടപടികൾ കർശനമായത്. മരട് കൊട്ടാരം ക്ഷേത്രത്തിലെ വെടിക്കെട്ടിന് ഹൈകോടതി സിംഗ്ൾ ബെഞ്ച് അനുമതി നിഷേധിച്ചതിന് പിന്നാലെ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചും അനുമതി തടഞ്ഞിരുന്നു.
തൃശൂരിൽ ഉത്രാളിക്കാവ് പൂരം പറപ്പുറപ്പാടിനോടനുബന്ധിച്ച വെടിക്കെട്ടിന് കലക്ടർ അനുമതി നിഷേധിച്ചിരുന്നു. പിന്നീട് ഹൈകോടതിയിൽ പോയെങ്കിലും സാഹചര്യം പരിഗണിക്കാൻ നിർദേശിച്ചതനുസരിച്ച് 2500 ഓലപ്പടക്കം പൊട്ടിക്കാൻ മാത്രമാണ് അനുമതി ലഭിച്ചത്. അനുമതി ലഭിക്കാൻ ഏറെ വൈകിയതോടെ പറപ്പുറപ്പാടിനോടനുബന്ധിച്ച് വെടിക്കെട്ട് നടന്നില്ല. വെടിക്കെട്ടിന് അനുമതി നൽകുന്നതിന് കർശന പരിശോധന നടത്തണമെന്ന് നിർദേശിച്ച് തൃശൂർ ഡി.ഐ.ജി അജിത ബീഗം പ്രത്യേക ഉത്തരവുതന്നെ പുറപ്പെടുവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.