ആ പുഞ്ചിരിക്ക് വല്ലാത്തൊരു മൊഞ്ചായിരുന്നു...
text_fields(അടുത്തിടെ വിട പറഞ്ഞ വയനാട് മുസ്‍ലിം ഓർഫനേജ് ജനറൽ സെക്രട്ടറി എം.എ മുഹമ്മദ് ജമാലിനെ കുറിച്ചുള്ള പെരുന്നാൾ ഓർമകൾ ഓർഫനേജ് പൂർവ വിദ്യാർഥി രഹന കാമിൽ പങ്ക് വെക്കുന്നു)
മൈലാഞ്ചിച്ചുവപ്പണിഞ്ഞ് അത്തറ് പുരട്ടിയ പുത്തനുടുപ്പുമിട്ട് കുഞ്ഞുനാളിലെ പെരുന്നാൾ പ്രഭാതത്തിൽ ജമാലുപ്പയുടെ വരവും കാത്ത് യത്തീംഖാനയുടെ അകത്തളത്തിൽ ദൂരേക്ക് കണ്ണും നട്ട് ഒരു കാത്തിരിപ്പുണ്ട്. ജമാലുപ്പയാവട്ടെ പെരുന്നാൾ നിസ്കാരത്തിന് അതിരാവിലെ ഓടിയെത്തുക യത്തീംഖാനയുടെ മുറ്റത്താവും. സ്നേഹത്തിനൻറെ ആരാമത്തിൽ നിറ പുഞ്ചിരിയുമായി നിൽകുന്ന ജമാലുപ്പയെ കാണുമ്പൊഴേ മനസ്സിനുള്ളിൽ കുളിന് കോരും. പിന്നെ ആ ദിവസം എല്ലാത്തിനും വല്ലത്തൊരു ഹാപ്പി മൂഡാണ്. അതാണ് എം.എ മുഹമ്മദ് ജമാൽ എന്നറിയപ്പെടുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ജമാലുപ്പ. പെരുന്നാൾ ഭക്ഷണം കഴിക്കുന്നതിന് മുമ്പേ വീട്ടിൽ പോകാൻ കഴിയാത്ത ഞങ്ങളെ ഓരോരുത്തരേയും കണ്ട് കുശലാന്വേഷണം നടത്തും.
പെരുന്നാൾ തലേന്ന് മഗ് രിബിന് ശേഷം ജമാലുപ്പ ഓർഫനേജിലെത്തിയാൽ ഞങ്ങൾക്കെല്ലാം ആഘോഷമാണ്. നാട്ടിൽ പോകാൻ കഴിയാത്തവരാണ് അവിടെ ഉണ്ടാകുക. ചിലപ്പോ ഞങ്ങളെല്ലാവരും ഓഫിസിൽ പോയാണ് മൈലാഞ്ചിയിടുക. പുതിയ ഉടുപ്പിനെ കുറിച്ച്, കൈയിലിട്ട മൈലാഞ്ചിയുടെ വർണങ്ങളെ കുറിച്ച് അങ്ങനെ അങ്ങനെ ജമാലുപ്പ ചോദിച്ചുകൊണ്ടേ ഇരിക്കും. പെരുന്നാളിന് എന്ത് ഭക്ഷമാണ് വേണ്ടതെന്നും പെരുന്നാൾ ടൂർ എവിടേക്കാണ് വേണ്ടതെന്നതടക്കം എല്ലാവരോടും ചോദിച്ച് അഭിപ്രായം സ്വീകരിക്കും, അതിനനുസരിച്ച് കാര്യങ്ങൾ പ്ലാൻ ചെയ്യുന്ന ഉപ്പ ടൂർ കഴിഞ്ഞ് വന്നാലും വിശേഷങ്ങൾ ചോദിക്കും.
എന്തെങ്കിലും പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്തിയാൽ അതെല്ലാം പരിഹരിച്ച് അടുത്ത പെരുന്നാളിന് നമുക്ക് ഉഷാറാക്കാമെന്നാണ് പറയുക. പെരുന്നാളിന് എല്ലാവർക്കും ഇഷ്ടമുള്ള വസ്ത്രങ്ങൾ കടയിൽ പോയി സെലക്ട് ചെയ്യാനുള്ള അവകാശം എത്രമാത്രം ഞങ്ങളെ ചേർത്തു പിടിക്കുന്നുവെന്നതിനൻറെ വലിയൊരു തെളിവായിരുന്നു. ബി.ഫാമിന് മൈസൂരിൽ പഠിക്കുന്ന സമയത്ത് പെരുന്നാളിന് നാട്ടിൽ വരാനാവാത്ത ഒരു തവണ തലേ ദിവസം കൃത്യമായി ജമാലുപ്പ നേരിട്ട് വിളിച്ച് പെരുന്നാൾ വസ്ത്രം എങ്ങനത്തേതാണ് എടുത്തതെന്ന് തുടങ്ങി എല്ലാ കുശലാന്വേഷണവും നടത്തും. പോക്കറ്റ് മണി പോലും കൃത്യമായി കിട്ടുന്നുണ്ടോ എന്ന് നേരിട്ട് അന്വേഷിക്കുന്ന അത്രമേൽ ചേർത്തുപിടിക്കുന്ന ഏത് ഉപ്പയെയാണ് നമുക്ക് ലഭിക്കുക.
രണ്ടര വയസ്സിലേ ഉപ്പ നഷ്ടപ്പെട്ട എനൻറെ ജീവിതം നാലം വയസ്സിൽ വയനാട് മുട്ടിൽ ഓർഫനേജിലേക്ക് പറിച്ചു നടപ്പെട്ടതോടെ മറ്റൊരു ലോകവും കൂട്ടുമായി എന്റേത്. ഉമ്മയുടെ അസുഖവും മറ്റു പ്രാരാബ്ധങ്ങളും വീട്ടിലേക്കുള്ള പോക്ക് വല്ലപ്പോഴുമാക്കിയിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ പ്രിയപ്പെട്ട ഉമ്മ കൂടി അല്ലാഹുവിലേക്ക് യാത്രയായതോടെ ലോകം പൂർണമായും വയനാട് മുസ് ലിം ഓർഫനേജും അവിടത്തുകാരുമായി. എന്നാൽ ഒരിക്കൽ പോലും എനിക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലെന്ന് പറയുന്നതാവും ശരി. ഉയർന്ന സ്ഥാപനത്തിൽ ഉയർന്ന നിലവാരത്തിൽ തന്നെ പഠനം മുന്നോട്ട്പോയി.
ഉപ്പയും ഉമ്മയുമില്ലാത്തതിനൻറെ സങ്കടങ്ങൾക്ക് മേലെ കണ്ണീർ വീഴ്ത്താൻ ജമാലുപ്പയോ സ്ഥാപനത്തിലെ മറ്റുള്ളവരോ കൂട്ടുകാരോ സമ്മതിക്കാറുണ്ടായിരുന്നില്ല. വേണ്ടുവോളം സ്നേഹം നൽകിയും ചേർത്തുനിർത്തിയും കൂടപ്പിറപ്പുകളായി, രക്ഷിതാവായി അവരോടുത്തുള്ള ജീവത യാത്ര ധന്യമാക്കി. കുടുംബവുമായി ഇന്ന് ജീവിതം സന്തോഷകരമായി മുന്നോട്ട് പോകുമ്പോഴും ജമാലുപ്പയുടെ വേർപാട് താങ്ങാവുന്നതിനും അപ്പുറമായിരുന്നു.
അല്ലാഹുവിനൻറെ വിളിക്കുത്തരം നൽകി ജമാലുപ്പയും ആറടി മണ്ണിലേക്ക് യാത്രയായപ്പോൾ താങ്ങും തണലുമായ വയനാട് മുസ് ലിം ഓർഫനേജ് ശൂന്യതയിൽ ആണ്ടുപോയിരിക്കുന്നു. ജമാലുപ്പ ഇല്ലാത്ത ആ സ്ഥാപനത്തെ സങ്കൽപിക്കാൻ പോലും മനസ്സനുവദിക്കുന്നില്ല. പക്ഷെ, ആ വിളക്ക് കൊളുത്തിയ വെളിച്ചം ഇന്ന് ഇന്ത്യയൊട്ടാകെ പ്രഭ പരത്തുന്നു എന്ന് ഓർക്കുമ്പോൾ ആ വിളക്കുമാടം എത്ര ഉയരത്തിലായിരുന്നുവെന്ന് തിരിച്ചറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.