മതസൗഹാർദത്തിന് മാതൃകയായി വീണ്ടും മലപ്പുറം; മുസ്‍ലിം സഹോദരന്റെ മരണത്തെ തുടർന്ന് ക്ഷേത്രോത്സവം മാറ്റി
text_fieldsതിരൂർ: മലപ്പുറത്തിന്റെ മതസൗഹാർദ വഴിയിൽ മറ്റൊരു മാതൃക തീർത്ത് തിരൂർ തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശ്ശേരി ഭഗവതി ക്ഷേത്രം. ക്ഷേത്രത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഉത്സവ പരിപാടികൾ സമീപത്തെ മുസ്‍ലിം സഹോദരന്റെ മരണത്തെ തുടർന്ന് നിർത്തിവെച്ചാണ് ക്ഷേത്രക്കമ്മിറ്റി മാതൃകയായത്.
77കാരനായ ചെറാട്ടിൽ ഹൈദർ ഹൃദയാഘാതം മൂലം മരിച്ചത് അറിഞ്ഞയുടനെ ക്ഷേത്രകമ്മിറ്റിയുമായി ആലോചിച്ച് എല്ലാ ആഘോഷ പരിപാടികളും ഉത്സവക്കമ്മിറ്റി നിർത്തിവെക്കുകയായിരുന്നു. മരണവീട്ടിലെ ദുഃഖം തങ്ങളുടേത് കൂടിയാക്കി ക്ഷേത്ര പരിസരവും മൗനത്തിലായി.
ബാൻഡുകളും ശിങ്കാരിമേളങ്ങളും കലാരൂപങ്ങളുമൊക്കെയായി ഒട്ടേറെ വരവുകൾ ഉത്സവഭാഗമായി ഒരുക്കിയിരുന്നു. ആഘോഷം മാറ്റിവെച്ച് ചടങ്ങുകളിൽ ഒതുക്കി. ക്ഷേത്രത്തിന് സമീപമാണ് മുൻ പ്രവാസി കൂടിയായ ചെറാട്ടിൽ ഹൈദറിന്റെ താമസം. ഖബറടക്കത്തിന് മുമ്പ് നടന്ന നമസ്കാര ചടങ്ങിൽ ക്ഷേത്രക്കമ്മിറ്റി തീരുമാനത്തെ മഹല്ല് ഭാരവാഹികൾ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.