ദുൽഖറിനും നിർമാണ കമ്പനിക്കും ഫിയോക്കിന്‍റെ വിലക്ക്
text_fieldsകൊച്ചി: തന്‍റെ ഏറ്റവും പുതിയ ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തെത്തുടർന്ന് നടൻ ദുൽഖർ സൽമാന് വിലക്കേർപ്പെടുത്തി തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. ദുൽഖറിന്‍റെ നിർമാണ കമ്പനിയായ വേഫെയറർ ഫിലിംസിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ദുൽഖറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട് എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയാണ് വെള്ളിയാഴ്ച ഒ.ടി.ടി പ്ലാറ്റ്ഫോമായ സോണിലിവിൽ പ്രദർശനത്തിനെത്തുന്നത്. വേഫെയറർ ആണ് ചിത്രം നിർമിച്ചത്.
ധാരണകളും കരാറും ലംഘിച്ചാണ് 'സല്യൂട്ട്' ഒ.ടി.ടി റിലീസിന് നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കേർപ്പെടുത്തിയത്. നേരത്തേ ഇത് തിയറ്ററിൽ റിലീസ് ചെയ്യുമെന്ന് കരാറുണ്ടായിരുന്നു. ജനുവരിയിൽ റിലീസിനൊരുങ്ങിയതുമാണ്. എന്നാൽ, കോവിഡ് സാഹചര്യത്തിൽ നീളുകയായിരുന്നു. ഇതിനിടെ, തിയറ്ററുകൾ പൂർണമായും തുറന്നു പ്രവർത്തനമാരംഭിച്ചിട്ടും കരാർ ലംഘിച്ച് ഒ.ടി.ടിക്ക് നൽകുകയായിരുന്നെന്ന് ഫിയോക് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ദുൽഖർ സൽമാന്‍റെ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം കുറുപ്പിന്‍റെ പ്രദർശനസമയത്ത് തിയറ്റർ ഉടമകൾ പരമാവധി പിന്തുണച്ചെന്നും ആവശ്യമുള്ള സമയത്ത് തങ്ങളെ ഉപയോഗിച്ചെന്നും ഫിയോക് പ്രസിഡന്‍റ് വിജയകുമാർ പറഞ്ഞു. എത്രകാലത്തേക്കാണ് വിലക്ക് എന്ന് തീരുമാനിച്ചിട്ടില്ല. കൊച്ചിയിൽ ചേർന്ന ഫിയോക് എക്സിക്യൂട്ടിവ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.