മഴ കനക്കുംമുമ്പേ പനി കടുക്കുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുംമുമ്പേ പനി കടുക്കുന്നു. കഴിഞ്ഞ ഏഴു ദിവസത്തിനിടെ, 48,000 പേർ പനി ബാധിച്ച് ചികിത്സതേടി. മൂന്നോ നാലോ ദിവസം നീളുന്ന പനിയും ക്ഷീണവുമാണ് പലർക്കുമുള്ളത്. ചിലർക്ക് ചുമയും ശ്വാസംമുട്ടലോടുംകൂടിയ പനിയാണ് പിടിപെടുന്നത്. വിവിധ ജില്ലകളിൽ ഡെങ്കിപ്പനിയും എലിപ്പനിയും സ്ഥിരീകരിക്കുന്നുണ്ട്.
മേയ് 28ലെ കണക്കനുസരിച്ച് 2772 പേർക്ക് പനി റിപ്പോർട്ട് ചെയ്തിരുന്നു. ജൂൺ ആറിലെ കണക്കനുസരിച്ച് പനി ബാധിതർ 8232 ആണ്. ജൂണിൽ ഒരു ദിവസമൊഴികെ 6000 നും 8000 നും ഇടയിലാണ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. മഴക്കാലമായതിനാല്‍ സാധാരണ വൈറല്‍ പനിയാണ് (സീസണല്‍ ഇൻഫ്ലുവന്‍സ) കൂടുതലുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. വൈറല്‍ പനി ഭേദമാകാൻ മൂന്നു മുതല്‍ അഞ്ചു ദിവസം വരെ വേണ്ടിവരും. ജലദോഷം, പനി, ചെവിവേദന, മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന തുടങ്ങിയ പതിവ് ലക്ഷണങ്ങൾ തന്നെയാണ് നിലവിൽ പടരുന്ന പനിക്കും. പനി മാറിയാലും ക്ഷീണം അവശേഷിക്കുന്നു. ചിലരിൽ പനി മാറി ഒരാഴ്ചയുടെ ഇടവേളയിൽ വീണ്ടും വരുന്ന സ്ഥിതിയുമുണ്ട്.
അതേസമയം മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമായി നടക്കാത്തതാണ് രോഗം വ്യാപിക്കാൻ കാരണമെന്ന് വിമർശനമുണ്ട്. ബനിബാധിതരോട് മരുന്നും വിശ്രമവുമാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. കുട്ടികളിലും പനി വ്യാപകമായി കാണുന്നുണ്ട്. വേനല്‍മഴയെ തുടര്‍ന്ന് എല്ലാ ജില്ലകളിലും ഡെങ്കിപ്പനിയിൽ നേരിയ വര്‍ധനയുണ്ട്.
മഴക്കാലവും പനിച്ചൂടും മുന്നിൽ കണ്ട് താലൂക്ക് ആശുപത്രികളിൽ പനി ക്ലിനിക്കുകൾ ആരംഭിച്ചു. മരുന്നുകളുടെ സ്റ്റോക്ക് പരിശോധനയും നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.