ആറു മാസത്തിനിടെ 28 പനി മരണങ്ങൾ; കാരണം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്
text_fieldsതിരുവനന്തപുരം: പനിബാധിച്ച് മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചിട്ടും മരണകാരണമാകുന്ന ‘പനി’യെക്കുറിച്ച് ശാസ്ത്രീയ കണ്ടെത്തലില്ലാതെ ആരോഗ്യവകുപ്പ്. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും കണ്ടെത്താത്തവരാണ് വെറുംപനി പിടിപെട്ട് മരിക്കുന്നത്. ഡെങ്കി, എലിപ്പനി, എച്ച്1എൻ1 ഇപ്പോൾ നിപ വൈറസ് എന്നിവ മൂലമുണ്ടാകുന്ന മരണങ്ങൾ ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നുണ്ട്. ഇത്തരം വൈറസ് പനികളെ കടത്തിവെട്ടിയാണ് പനിമരങ്ങൾ സംഭവിക്കുന്നത്. കഴിഞ്ഞവർഷം 76 പേരാണ് പനി ബാധിച്ച് മരിച്ചത്. ഇൗവർഷം ഇതുവരെ 28 പേർ പനിബാധിച്ച് മരിച്ചു. നിപ വൈറസ് ബാധിച്ച് മരണങ്ങൾ സംഭവിക്കുകയും കൂടുതൽപേർ ചികിത്സതേടുകയും ചെയ്തതോടെയാണ് അന്വേഷണങ്ങളിലേക്ക് ആരോഗ്യവകുപ്പും സർക്കാറും കടന്നത്.
പനി രോഗമല്ലെന്നും രോഗലക്ഷണമാണെന്നുമാണ് ശാസ്ത്രീയ വിലയിരുത്തൽ. എന്നാൽ കേരളത്തിൽ പനിയും പനിമരണങ്ങളും പ്രത്യേക പട്ടികയിൽ ആരോഗ്യവകുപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. പനിമരണങ്ങളെ അസ്വാഭാവികമരണം എന്ന ഗണത്തിൽപെടുത്തി ശാസ്ത്രീയാപഗ്രഥനം നടത്തണമെന്ന ആവശ്യം ആരോഗ്യവിദഗ്ധർക്കിടയിൽ തന്നെ ഉണ്ടായിട്ടുണ്ട്. അതിന് പ്രധാനമായും ചെയ്യേണ്ടത് പോസ്റ്റ്മോർട്ടമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ബന്ധുക്കളിൽനിന്ന് രോഗിയെ സംബന്ധിക്കുന്ന സകലവിവരങ്ങളും ശേഖരിക്കണം. അവ ക്രോഡീകരിച്ച് രോഗം നിർവചിക്കുകയും വേണമെന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, ചികിത്സാ മാർഗരേഖ തയറാക്കുകയും വേണം.
അത്തരമൊരു കാൽവെപ്പിലേക്ക് ഇനിയും ആരോഗ്യവകുപ്പ് കടന്നിട്ടില്ല. കഴിഞ്ഞവർഷം സർക്കാർ സംവിധാനങ്ങൾ ഡെങ്കിപ്പനി പരത്തുന്ന ഇൗഡിസ് കൊതുകൾക്ക് പിറകെ പോയപ്പോൾ 34.17 ലക്ഷം പേർ പനിബാധിച്ച് കിടക്കയിലായി. അതിലാണ് 76 മരണങ്ങൾ സംഭവിച്ചത്. ഇൗ വർഷം ഡെങ്കിപ്പനി ബാധിച്ച് ഇതുവരെ മൂന്നുപേർ മാത്രമാണ് മരിച്ചത്. 2013ൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചത് ‘വെസ്റ്റ് നൈൽ ഫീവർ’ എന്ന ഗുരുതര രോഗത്തെ തുടർന്നായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് അന്ന് പോസ്റ്റ്േമാർട്ടം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.