സംസ്ഥാനത്ത് എട്ട് പനി മരണം കൂടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് രണ്ടു പിഞ്ചുകുഞ്ഞുങ്ങളടക്കം എട്ടുപേർ കൂടി മരിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സയിൽ കഴിഞ്ഞ അഞ്ചുപേരും ഡെങ്കിപ്പനി ബാധിച്ച് ഒരാളും എലിപ്പനി ലക്ഷണങ്ങളുമായി രണ്ടുപേരുമാണ് മരിച്ചത്. തിരുവനന്തപുരം എസ്റ്റേറ്റ് സ്വദേശി വിനോദ് (32), പൂന്തുറ സ്വദേശി സാംബശിവൻ (60), എറണാകുളം പെരുമ്പാവൂർ സ്വദേശി യാസിൻ (ഒമ്പത് മാസം), പാലക്കാട് തെങ്കര സ്വദേശി സക്കീർ ബാബു (60), മലപ്പുറം നെടിയിരിപ്പ് സ്വദേശി വീരാൻ (62) എന്നിവർ ഡെങ്കിപ്പനി ലക്ഷണങ്ങളുമായും തിരുവനന്തപുരം നേമം സ്വദേശി മറിയം ഫാത്തിമ (10 മാസം) ഡെങ്കിപ്പനി ബാധിച്ചും തിരുവനന്തപുരം പൂന്തുറ സ്വദേശി നിസാർ (45), മലപ്പുറം മഞ്ചേരി സ്വദേശി വിശ്വനാഥൻ (30) എന്നിവർ എലിപ്പനി ലക്ഷണങ്ങളുമായും ആണ് മരിച്ചത്.
ശനിയാഴ്ച പനി ബാധിച്ച് 22,019 പേർ ചികിത്സതേടി. ഇതിൽ 725 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഡെങ്കിപ്പനി 211 പേർക്ക് സ്ഥിരീകരിച്ചു. 468 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളുമായും ചികിത്സതേടി. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽപേർ ഡെങ്കിപ്പനി ബാധിച്ച് ചികിത്സതേടിയത്-; 84 പേർ. എച്ച്1 എൻ1 27 പേർക്കും സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് അരുവിക്കര, ആനയറ എന്നിവിടങ്ങളിൽ രണ്ടുപേർക്കും കോഴിക്കോട് ഒരാൾക്കും എലിപ്പനി സ്ഥിരീകരിച്ചു. എട്ടുപേർക്ക് മലേറിയയും കണ്ടെത്തി. വിവിധ ജില്ലകളിലെ പനിബാധിതരുടെ എണ്ണം, ബ്രാക്കറ്റിൽ ഡെങ്കി ബാധിതരുടെ കണക്ക്: തിരുവനന്തപുരം 2918 (84), കൊല്ലം 1464 (26), പത്തനംതിട്ട 595 (17), ഇടുക്കി 484 (0), കോട്ടയം 897 (0), ആലപ്പുഴ 1238 (15), എറണാകുളം 1413 (21), തൃശൂർ 2284 (10), പാലക്കാട് 2801 (അഞ്ച്), മലപ്പുറം 3637 (അഞ്ച്), കോഴിക്കോട് 1026 (28), വയനാട് 995 (രണ്ട്), കണ്ണൂർ 1629 (ഒന്ന്), കാസർകോട് 640 (0).
സർക്കാർ സംവിധാനങ്ങളെല്ലാം പരാജയപ്പെെട്ടന്ന് തെളിയിക്കുന്നതാണ് പനിക്കണക്കുകൾ. പകർച്ചപ്പനിക്കൊപ്പം ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻപോക്സ്, എച്ച്1 എൻ1, മഞ്ഞപ്പിത്തം, മലേറിയ എന്നിവയും വ്യാപിക്കുകയാണ്. 2015ൽ പനിബാധിച്ച് 114 പേർ മരിച്ച സ്ഥാനത്ത് ഈ വർഷം ഇതുവരെ മുന്നൂറിലേറെ പനി മരണങ്ങളാണുണ്ടായത്. പനി നിയന്ത്രണവിധേയമാക്കാൻ കഴിയുന്നതെല്ലാം ചെയ്തെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറയുന്നു. സ്ഥിതി ഗുരുതരമല്ലെന്ന് ഐ.എം.എയും അഭിപ്രായപ്പെട്ടെങ്കിലും ഈ ആഴ്ച പനിക്ക് ചികിത്സതേടിയവരുടെ എണ്ണം ഒരു ലക്ഷമായി. ഈ വർഷം ഇതുവരെ 17.93 ലക്ഷം പേർക്കാണ് പനി പിടിപെട്ടത്. 11,368 പേർക്കാണ് ഇക്കാലയളവിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.