കണ്ണൂരിന് പനിക്കുന്നു...
text_fieldsകണ്ണൂർ: കോവിഡ് പ്രതിരോധത്തിൽ ശ്രദ്ധയൂന്നിയ ആരോഗ്യ വകുപ്പിന് വെല്ലുവിളിയായി പനിയും. എലിപ്പനി, ഡെങ്കി, വൈറൽപനി തുടങ്ങിയ രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. ശക്തമായ മഴ മാറിയതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കൊളച്ചേരി, കൂടാളി, ചെറുതാഴം ഭാഗങ്ങളിൽ എലിപ്പനി റിപ്പോർട്ട് ചെയ്തു. എലിപ്പനി സംശയിച്ച് ചികിത്സയിലായിരുന്ന ചെറുതാഴം സ്വദേശി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ചില പഞ്ചായത്തുകളിൽ ഡെങ്കി സംശയിച്ച് ചിലർ ചികിത്സയിലുണ്ട്. ഇൻഫ്ലുവൻസ പോലെയുള്ള വൈറൽപനിയും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു. ജലദോഷം, ചുമ അടക്കമുള്ള ലക്ഷണങ്ങൾ ഇത്തരക്കാരിലുണ്ട്. കനത്ത ശരീരവേദനയും ലക്ഷണങ്ങളിലുണ്ട്. സാധാരണഗതിയിൽ വായുവിലൂടെ പടരുന്ന രോഗമായതിനാൽ കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ വൈറൽപനി കാര്യമായി പടരില്ലെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്.
ജില്ലയിൽ ആരോഗ്യ വകുപ്പ് കണക്ക് പ്രകാരം 647 പേരാണ് ചൊവ്വാഴ്ച പനി ബാധിച്ച് ചികിത്സ തേടിയത്. തിങ്കളാഴ്ച 780 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തി. സ്വകാര്യ ക്ലിനിക്കുകളിലും ഡോക്ടർമാരുടെ സേവനം തേടുന്നവരുടെ കണക്കെടുക്കുേമ്പാൾ പനി ബാധിച്ചവരുടെ എണ്ണം ഇരട്ടിയാകും. ശക്തമായ മഴക്കുശേഷം വെയിൽ വന്നതോടെയാണ് എലിപ്പനിയും ഡെങ്കിയും വർധിച്ചത്. തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ, ശുചീകരണ തൊഴിലാളികൾ എന്നിവർക്കാണ് എലിപ്പനി സാധ്യത കൂടുതൽ. ഇത്തരക്കാർ വെള്ളത്തിലിറങ്ങുേമ്പാൾ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം.
എലി, കന്നുകാലികൾ, നായ്, പന്നി, കുറുക്കൻ, ചിലയിനം പക്ഷികൾ എന്നിവയാണ് രോഗവാഹകർ. പ്രധാനമായും രോഗപ്പകർച്ചയുണ്ടാക്കുന്നത് കരണ്ടുതിന്നുന്ന ജീവികളാണ്. സാധാരണ ജലദോഷപ്പനി പോലെയാണ് രോഗം ആരംഭിക്കുന്നത്. പനി, വിറയൽ, ക്ഷീണം, കടുത്ത തലവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടാവും.
അടുത്തഘട്ടത്തിൽ ഹൃദയം, കരൾ, വൃക്ക തുടങ്ങിയവയെ ബാധിച്ച് ഗുരുതരാവസ്ഥയിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.